- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ സ്വീകരിച്ചത് കോവിഡ് മുന്നണിപ്പോരാളി എന്ന നിലയിൽ; കോവിഡ് പ്രതിരോധസന്നദ്ധ സംഘടനയിലെ മുഴുവൻ പേർക്കും വാക്സിൻ ലഭ്യമാക്കി; വാക്സിൻ വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം; വാക്സിനേഷൻ പിൻവാതിലല്ലെന്നും വിശദീകരണം
തിരുവനന്തപുരം: മുൻനിര കോവിഡ് പോരാളി എന്ന നിലയിലാണ് താൻ കോവിഡ് വാക്സിൻ സ്വീകരിച്ചതെന്ന് സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം മറുനാടനോട് വ്യക്തമാക്കി.45 വയസ്സ് തികയാതെ കോവിഡ് വാക്സിൻ സ്വീകരിച്ചത് വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് വാക്സിൻ സ്വീകരിച്ചതിനെക്കുറിച്ചും മാനദണ്ഡത്തെക്കുറിച്ചും ചിന്ത ജെറോം മറുനാടനോട് പ്രതികരിച്ചത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടുനിൽക്കുന്നവർ എന്ന നിലയിൽ സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റ് ഏജൻസികൾക്കും കോവിഡ് വാക്സിനേഷൻ നൽകണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതനുസരിച്ചാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്നവ
രെന്ന നിലയിൽ കമ്മീഷൻ അംഗങ്ങളും ജീവനക്കാരും വാക്സിൻ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് താനും വാക്സിൻ സ്വീകരിച്ചതെന്ന് ചിന്ത ജെറോം പറഞ്ഞു.
ആരോഗ്യപ്രവർത്തകർ കഴിഞ്ഞാൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നിവരധി സന്നദ്ധസംഘടനകൾ രൂപീകരിച്ചിട്ടുണ്ട്.നിരവധി യുവാക്കൾ ഇതിന്റെ ഭാഗമായും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സേനാംഗങ്ങൾക്ക് വാക്സിൻ നൽകണമെന്നത് കേന്ദ്രസർക്കാരിന്റെ നിർദ്ദേശമാണ്. അത് മാത്രമാണ് ഇവിടെ പ്രാവർത്തികമായത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കുള്ള വാക്സിൻ നൽകുന്നതിന് പ്രായപരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ല. അതിനാൽ മറിച്ചുള്ള പ്രചാരണങ്ങൾ എല്ലാം തെറ്റിധാരണ പരത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും വേണ്ടിയാണെന്നും ചിന്ത ജെറോം വ്യക്തമാക്കി.താൻ പിൻവാതിൽ വഴിയല്ല മുൻവാതിൽ വഴി തന്നെയാണ് വാക്സിനെടുത്തതെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.
ലോക്ഡൗണിന്റെ ഒന്നാംഘട്ടത്തിൽ രോഗികൾക്ക് ജീവൻരക്ഷ മരുന്നുകൾ ഉൾപ്പടെ ലഭ്യമാക്കുന്നതിന് യുവജന കമ്മീഷൻ രംഗത്തുണ്ടായിരുന്നു.ലോക്ക് ഡൗണിനെ തുടർന്ന് ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാത്ത ക്യാൻസർ രോഗികൾക്ക് മരുന്നുകൾ എത്തിച്ച് സംസ്ഥാന യുവജന കമ്മീഷൻ മാതൃകയായിരുന്നു. യുവജന കമ്മീഷന്റെ ആസ്ഥാനത്തേക്ക് വന്ന ഫോൺ കോളുകളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ച് മരുന്നുകൾ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് എത്തിച്ചിരുന്നത്.യുവജന കമ്മീഷൻ യൂത്ത് ഡിഫെൻസ് ഫോഴ്സ് വോളന്റിയർമാർ സമാഹരിച്ച മരുന്നുകളുമായി ദൗത്യസംഘം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ക്യാൻസർ രോഗികൾക്ക് എത്തിക്കുന്നത്.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകരെ ഒരുക്കുന്നത് അടക്കമുള്ള യുവജന കമ്മീഷന്റെ നടപടികൾ ഇതിനോടകം സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് പ്രശംസ നേടിയിരുന്നു. യുവജനകമ്മീഷന്റെ സന്നദ്ധപ്രവർത്തകർ എല്ലാ ജില്ലകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് സേവനപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സംസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ ആരംഭിക്കാൻ ഇരിക്കെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി ജനങ്ങൾക്ക് പരമാവധി സഹായമെത്തിക്കാനാണ് കമ്മീഷന്റെ നീക്കം.
കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ഫോട്ടോ ചിന്ത ജെറോം തന്റെ ഫേസ്ബുക്ക് പേജിലുടെ പങ്കുവെച്ചിരുന്നു.ഇതോടെയാണ് സംഭവം വിവാദമായത്.45 വയസിന് മുകളിൽ ഉള്ളവർക്ക് മാത്രമാണ് ഇപ്പോൾ വാക്സിൻ നൽകുന്നതെന്നും എന്നാൽ 34 വയസ് മാത്രമുള്ള ചിന്തയ്ക്ക് എങ്ങനെയാണ് വാക്സിൻ ലഭിച്ചതെന്നും ചിലർ ചോദിച്ചിരുന്നു. പിൻവാതിൽ വഴി സഖാക്കൾക്ക് വാക്സിൻ നൽകി വാക്സിൻ ക്ഷാമമുണ്ടാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടവരും ധാരാളം.
മറുനാടന് മലയാളി ബ്യൂറോ