- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഠനമികവിൽ ഒന്നാമത്; സംഘടനാ കരുത്ത് തെളിയിച്ച എസ് എഫ് ഐക്കാലം; യുവജന കമ്മീഷൻ അധ്യക്ഷയായി ഭരണപരിചയവും തെളിയിച്ചു; എന്നിട്ടും ചിന്താ ജെറോമിനെ വെട്ടാൻ കുട്ടിസഖാക്കൾ ഒരുമിക്കുന്നു; സ്ത്രീശാക്തീകരണം ഡിവൈഎഫ്ഐയിലും പാഴ് വാക്കാകുമോ?
തിരുവനന്തപുരം: ഡി വൈ എഫ് ഐ പ്രസിഡന്റ് സ്ഥനത്തേക്ക് ചിന്ത ജെറോം വരുന്നതിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പ്. സംസ്ഥാന സമിതിയിലെത്തിയ ചിന്തയ്ക്ക് ഉടൻ തന്നെ ഡി വൈ എഫ് ഐ പ്രസിഡന്റ് സ്ഥാനം നൽകുന്നത് ഇരട്ട പ്രമോഷൻ ആകുമെന്നും അത് പാർട്ടിയിൽ തന്നെ കടുത്ത വിമർശനങ്ങൾക്ക് ഇടയുണ്ടാകുമെന്നുമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.
സിപിഎമ്മിലെ യുവ വനിതാ മുഖവും യുവജന കമ്മിഷൻ ചെയർപേഴ്‌സനുമായ ചിന്ത ജെറോമിനെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പദവിയിൽ എത്തിക്കാനുള്ള ചരടുവലികൾ നടത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ സാന്നിധ്യത്തിൽ ചേർന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഫ്രാക്ഷൻ യോഗത്തിൽ കോഴിക്കോട് നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.വസീഫിന്റെ പേരാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ഡിവൈഎഫ്‌ഐ നേതൃത്വം മുന്നോട്ട് വച്ചത്. എന്നാൽ സംസ്ഥാന കമ്മറ്റി അന്തിമ തീരുമാനം എടുത്തിട്ടില്ല.
സ്ത്രീശാക്തീകരണം വാക്കുകളികൾ മാത്രം ഒതുക്കുന്ന പതിവാണ് സി പി എമ്മിന് എക്കാലവും ഉള്ളത് അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ചിന്തയുടെ പ്രസിഡന്റ് പദവിയിലേക്കുള്ള വിയോജിപ്പ്. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ രണ്ട് വനിതാ സാന്നിധ്യം ഉണ്ടായിരുന്നു എന്നാൽ അത് രണ്ടാം പിണറായി വിജയൻ സർക്കാരിലെത്തിയപ്പോൾ ഒരു വനിതയായി ചുരുങ്ങി. ദേശീയ തലത്തിലെത്തുമ്പോഴും മറ്റൊന്നല്ല അവസ്ഥ. 17 അംഗങ്ങൾ ഉള്ള പോളിറ്റ്ബ്യുറോയിൽ രണ്ട് വനിതകൾ മാത്രമാണുള്ളത്. കേന്ദ്ര കമ്മറ്റിയിലും മറ്റും വനിതകളെ എത്തിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇതിന് പിന്നാലെയാണ് ചിന്തയെ വെട്ടാനും നീക്കം.
മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയിലാണ് ചിന്ത സംസ്ഥാന സമിതിയിലെ പ്രായം കുറഞ്ഞ സിപിഎം സഖാവാകുന്നത്. കൊല്ലം സിപിഎം ജില്ലാ കമ്മറ്റിയിലും ഇത്തവണയാണ് ചിന്ത എത്തിയത്. കേരള സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കിയ നേതാവ് കൂടിയാണ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. കേരള സർവ്വകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. യുജിസിയുടെ ജൂനിയർ റിസേർച്ച് ഫെലോഷിപ്പോടുകൂടിയാണ് (ജെ.ആർ.എഫ്) ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കർമ്മല റാണി ട്രെയിനിങ് കോളേജിൽ നിന്നും ബി.എഡ്ഡും പൂർത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്.
കേരള സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം 'ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷിൽ' ഗവേഷണം നടത്തിയ ചിന്താ ജെറോം മുൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും കെരള സർവ്വകലാശാല യൂണിയൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. ചുംബനം, സമരം, ഇടതുപക്ഷം' , 'ചങ്കിലെ ചൈന' 'അതിശയപ്പത്ത്' എന്നീ മൂന്ന് കൃതികൾ രചിച്ചിട്ടുണ്ട്. എസ്.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ചിന്താ ജെറോം ഇപ്പോൾ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
സംസ്ഥാന സെക്രട്ടറിയായി ഡിവൈഎഫ് ഐയിൽ വനിതയെ എത്തിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപ്പര്യമായിരുന്നു. ഇതിനെയാണ് യുവജന സംഘടനയിലെ ഒരുകൂട്ടർ വെട്ടുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കായിരിക്കും അന്തിമം. അതുകൊണ്ട് തന്നെ ചിന്ത തന്നെ ഡിവൈഎഫ് ഐയെ നയിക്കാനെത്താനുള്ള സാധ്യത ഏറെയാണ്.
മറുനാടന് മലയാളി ബ്യൂറോ