- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കോക്കസ്' ആരോപണം പൊളിക്കാൻ റിയാസ്; യുവജന സംഘടനയിലെ തിരുത്തൽ വാദം ചർച്ചയാക്കിയത് സിപിഎം സമ്മേളനത്തിൽ പോലും ഉയരാത്ത ശബരിമല അടക്കമുള്ള വിശ്വാസ വഷയങ്ങൾ; മലബാറിലെ ഇരട്ട നേതൃത്വ സാധ്യതയും വിവാദത്തിൽ; സാഹചര്യങ്ങൾ ചിന്താ ജെറോമിന് അനുകൂലം; ഡിവൈഎഫ് ഐ നയിക്കാൻ വനിതാ നേതാവ് എത്തിയേക്കും
പത്തനംതിട്ട: ഡിവൈഎഫ് ഐയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ പിന്തുണയോടെ ചിന്താ ജെറാം പ്രസിഡന്റാകാൻ സാധ്യത. സമ്മേളനത്തിൽ റിയാസിനെതിരെ ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. റിയാസ് കോക്കസിനെ കുറിച്ചായിരുന്നു അത്. ഈ സാഹചര്യത്തിൽ എല്ലാവരും അംഗീകരിക്കുന്ന ചിന്തയെ പിന്തുണച്ച് ഇമേജ് മാറ്റാനായി റിയാസ് ശ്രമിച്ചേക്കും. അങ്ങനെ വന്നാൽ ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി വനിത എത്തും.
മന്ത്രി മുഹമ്മദ് റിയാസിനെ വലിയൊരു കടന്നാക്രമണം ആരും പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടിയിലുള്ള സ്വാധീനം ഡിവൈഎഫ്‌ഐിൽ പ്രതിഫലിക്കുന്നില്ല. ഡിവൈഎഫ്‌ഐയെ മൂന്ന് നേതാക്കളും ചേർന്നുള്ള കോക്കസ് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന വിമർശനം ഗൗരവമുള്ളതാണ്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് സംഘടനയെ ഉപയോഗപ്പെടുത്തുന്ന നില വന്നെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. എന്നാൽ മുൻകാലങ്ങളിൽ സ്വയം വിമർശനം നടത്തിയിരുന്ന സംഘടനാ റിപ്പോർട്ടിൽ ഇക്കുറി അങ്ങനെയൊരു ആത്മപരിശോധനയില്ലെന്നും ഡിവൈഎഫ് ഐയിലെ തിരുത്തൽ ശക്തിക്കാർ കുറ്റപ്പെടുത്തുന്നു.
സിപിഎം സമ്മേളനത്തിൽ പോലും വിമർശനം ആരും ഉന്നയിച്ചില്ല. അതിന് വ്യത്യസ്തമായിരുന്നു ഡിവൈഎഫ് ഐ. പിണറായി പേടിയിൽ വെറുതെ ഇരിക്കില്ലെന്ന സന്ദേശമാണ് തിരുത്തൽ ശക്തികൾ സമ്മേളനത്തിൽ നൽകിയത്. ഈ സാഹചര്യത്തിൽ കോക്കസുകൾക്ക് അപ്പുറം ജനകീയ പരിവേഷമുള്ള ചിന്തയെ അധ്യക്ഷയാക്കാനുള്ള സാധ്യത കൂടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സ് തന്നെയാകും നിർണ്ണായകം. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ ഡിവൈഎഫ് ഐയിൽ തീരുമാനം എടുക്കുന്നവർക്ക് നൽകിയിട്ടുണ്ട്. അങ്ങനെ വന്നാൽ ഡിവൈഎഫ് ഐയുടെ മുഖമായി ചിന്ത മാറും.
ഇപ്പോൾ ജോയിന്റ് സെക്രട്ടറിയായ ചിന്താ ജെറോം പ്രസിഡന്റ് ആകാനുള്ള സാധ്യത ഏറെയാണ്. സിപിഎം സംസ്ഥാന സമിതി അംഗമെന്നതും ചിന്തയ്ക്ക് തുണയാകും. യുവജനകമ്മിഷൻ ചെയർപേഴ്സണായ ചിന്താ, സിപിഎം. നേതൃത്വത്തിന്റെ ഗുഡ്ബുക്കിലുണ്ട്. പ്രായംപരിഗണവെച്ച് ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് സ്ഥാനം ഒഴിയും. ആസ്ഥാനത്തേക്ക്, സിപിഎം. ഫ്രാക്ഷനിൽ, ചിന്തായുടേയും കോഴിക്കോട്ടുനിന്നുള്ള ജോയിന്റ് സെക്രട്ടറി വി. വസീഫിന്റേയും പേരുകളാണ് ചർച്ചയ്ക്കുവന്നത്.
ഇതിൽ വസീഫിനൊപ്പമാണ് റിയാസ് എന്നായിരുന്നു റിപ്പോർട്ടുകൾ. ചിന്തയ്ക്ക് ഡബിൾ പ്രെമോഷൻ കൊടുക്കാൻ പാടില്ലെന്ന വാദവും ചർച്ചയാക്കി. എന്നാൽ ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറിയായി വി.കെ. സനോജ് തുടരും. സനോജ് കണ്ണൂരിൽ നിന്നുള്ള നേതാവാണ്. വസീഫ് കോഴിക്കോടുകാരനും. രണ്ടു നേതാക്കളും മലബാറിൽ നിന്ന് വരുന്നതിൽ സമ്മേളനത്തിൽ എതിർപ്പ് ശക്തമാണ്. ഇതും ചിന്തയ്ക്ക് അനുകൂലമായി മാറിയേക്കും. സ്ത്രീ ശാക്തീകരണത്തിലേക്ക് ഡിവൈഎഫ് ഐയ്ക്ക് പ്രചരണം ഏറ്റെടുക്കാൻ ചിന്തയുടെ വരവിലൂടെ കഴിയും.
സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സിപിഎം. സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ചെറുക്കാനും ലിംഗസമത്വത്തിനായുള്ള പോരാട്ടങ്ങൾ കുടുംബങ്ങളിൽനിന്നുതന്നെ ആരംഭിക്കാനും പാർട്ടി തീരുമാനമുണ്ട്. പോരാട്ടങ്ങൾ പ്രധാനമായി ഏറ്റെടുക്കേണ്ടത് ഡിവൈഎഫ്ഐയാണ്. ആ സാഹചര്യത്തിൽ വനിതയെ യുവജനപ്രസ്ഥാനത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവരുന്നത് ഗുണകരമാകുമെന്ന്‌സിപിഎം വിലയിരുത്തുന്നു.
സംസ്ഥാന സമ്മേളനത്തിൽ കൊടിമരജാഥ നയിച്ചതും ചിന്തായാണ്. സെക്രട്ടറി സനോജ് സ്ഥാനം ഏറ്റെടുത്തിട്ട് അധികമായില്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ. റഹീം ദേശീയ പ്രസിഡന്റായി ചുമതലയേറ്റപ്പോൾവന്ന ഒഴിവിലേക്ക് സനോജിനെ നിയോഗിക്കുകയായിരുന്നു. സംസ്ഥാന ഭാരവാഹികളുടെ മുപ്പത്തേഴിൽ കൂടരുതെന്നാണ് പൊതുവായ നിബന്ധന. അതുകൊണ്ട് തന്നെ തൊണ്ണൂറംഗ സംസ്ഥാന കമ്മിറ്റിയിൽ വലിയ മാറ്റമുണ്ടാക്കും.
വശ്വാസികളുടെ വിശ്വാസത്തെ മുറിവേൽപ്പിക്കരുതെന്നാണ് സിപിഎം നിലപാട്. എന്നാൽ ഡിവൈഎഫ് ഐയ്ക്ക് അതൊന്നും പ്രശ്‌നമല്ല. മന്ത്രി മുഹമ്മദ് റിയാസിനെ പോലും വിമർശിക്കുന്ന ഡിവൈഎഫ് ഐക്കാർ കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിനേയും വെറുതെ വിട്ടില്ല. ജിനേഷ് കുമാർ ശബരിമലയിൽ സ്ഥിരം സന്ദർശിക്കുന്നത് തെറ്റായ സന്ദേശം നൽകുന്നു. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്തെ പാർട്ടി നിലപാടുകൾക്ക് വിപരീതമാണ് എംഎൽഎയുടെ ഈ സമീപനമെന്നും രൂക്ഷ വിമർശ്നവുമായി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗത്തിൽ നിന്നുണ്ടാകേണ്ട സമീപനമല്ല ഉണ്ടായിരിക്കുന്നത്. സന്നിധാനത്ത് പോയി കൈകൂപ്പി നിൽക്കുന്നതിലൂടെ എന്ത് സന്ദേശമാണ് എംഎൽഎ നൽകുന്നതെന്നും സമ്മേളനത്തിൽ കോഴിക്കോട് നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. മറ്റ് അംഗങ്ങളും ഇതിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. ശബരിമലയ്ക്ക് തൊട്ടടുത്തുള്ള മണ്ഡലമാണ് കോന്നി. ഈ സാഹചര്യത്തിൽ കൂടിയാണ് ജിനേഷ് കുമാർ സന്നിധാനത്തേക്ക് പോകുന്നത്. അതും ഡിവൈഎഫ് ഐ നേതാക്കൾക്ക് പിഠിക്കുന്നില്ല.
സംഘടന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചതിന് ശേഷം നടന്ന പൊതുചർച്ചയിലാണ് പ്രതിനിധികൾ ഇത്തരത്തിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ജില്ലാ സമ്മേളനങ്ങളിലും എ.എ.റഹീമിനെതിരെ സമാനമായ വിമർശനം പലയിടത്തും ഉയർന്നിരുന്നു. സംഘടനയിൽ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാൻ മുഹമ്മദ് റിയാസും എ.എ. റഹീമും ശ്രമിക്കുന്നതായും വിമർശനമുണ്ട്. ഇതെല്ലാം ഡി വൈ എഫ് ഐിലെ വിഭാഗീയത ശക്തമാകുന്നതിന് തെളിവാണ്. ഈ സാഹചര്യത്തെ സിപിഎം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് നിർണ്ണായകം.
(മെയ്ദിനവും മുറാനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്‌ഡേഷൻ ഉണ്ടായിരിക്കില്ലഎഡിറ്റർ)
മറുനാടന് മലയാളി ബ്യൂറോ