- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് പ്രചാരണങ്ങൾ താഴത്തട്ടിൽ എത്തുന്നില്ല; നേതാക്കൾ അടക്കം പ്രവർത്തനശൈലിയിൽ മാറ്റം വരുത്തണം; കേരളത്തിലും കേന്ദ്രത്തിലും നടക്കുന്നത് ഏകാധിപത്യ ഭരണം; വിരട്ടൽ രാഷ്ട്രീയം കോൺഗ്രസിനോട് വേണ്ടെന്നും ചിന്തൻ ശിബിരത്തിൽ കെ സി വേണുഗോപാൽ
കോഴിക്കോട്: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ പ്രതികാരം തീർക്കാൻ ഉപയോഗിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എംപി. കോൺഗ്രസിന്റെ നവസങ്കൽപ് ചിന്തൻ ശിബിരം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിന്റെ ഭാഗമാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡിയെ ഉപയോഗിച്ച് അകാരണമായി ചോദ്യം ചെയ്യുന്നത്. കേന്ദ്രത്തിന്റെ അതേ നയമാണ് കേരളത്തിൽ പിണറായി വിജയൻ സർക്കാരും പിന്തുടരുന്നത്. ഇത്തരം വിരട്ടൽ രാഷ്ട്രീയം കോൺഗ്രസിനോട് ചെലവാകില്ലെന്നും കെ. സി വേണുഗോപാൽ പറഞ്ഞു.
രാജ്യത്ത് ഇതുപോലെ ഭീതിജനകമായ ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ല. വർത്തമാനകാല ഇന്ത്യയിൽ ഫാസിസത്തിന്റെ കടന്നുകയറ്റമാണ് കാണാനാകുന്നത്. മുഹമ്മദ് സുബൈർ എന്ന മാധ്യമപ്രവർത്തകൻ ജയിലിൽ കിടന്നത് എന്തിനുവേണ്ടിയാണെന്ന ഒരുമാസത്തിന് ശേഷമാണ് കോടതി ചോദിക്കുന്നത്. രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം പോലും ചർച്ച ചെയ്യാൻ പാർലമെന്റിൽ അനുവദിക്കുന്നില്ല. ബിജെപി അധികാരത്തിൽ വന്നാൽ ഫാസിസം വരുമെന്ന് നമ്മൾ ഭയപ്പെട്ടു. ഇപ്പോൾ അതു സംഭവിച്ചിരിക്കുന്നു.
സമസ്ത മേഖലകളിലും ഫാസിസത്തിന്റെ കടന്നുകയറ്റമാണ്. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു. മതേതരത്വം ചോദ്യം ചെയ്യപ്പെടുന്നു. സാധാരണക്കാരെ ബാധിക്കുന്ന ഒരു കാര്യത്തിലും ചർച്ച പോലും നടത്താതെ ഭീഷണിപ്പെടുത്തുന്നു. ജനങ്ങൾ നേരിടുന്ന അതിരൂക്ഷമായ വിലക്കയറ്റം, വർഗീയ വെല്ലുവിളികൾ, മഹാമാരി മൂലമുള്ള പ്രശ്‌നങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയവയ്‌ക്കൊന്നും ഒരു ചർച്ച പോലും അനുവദിക്കുന്നില്ല. പ്രതിഷേധിക്കുന്നവരെ നിശബ്ദമാക്കുന്നു. സർക്കാരിനെതിരെ ചോദ്യങ്ങളുയർത്തുന്ന പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കാൻ തയ്യാറെടുക്കുന്നു. ഇത്തരത്തിൽ രാജ്യത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ വർഗീയ ഫാസിസ്റ്റ് ഭരണമാണ് കേന്ദ്രത്തിൽ നടക്കുന്നതെന്ന് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമമാണ് കാണാനാകുന്നത്. നീതിന്യായവ്യവസ്ഥയെപ്പോലും പ്രവർത്തിക്കാൻ മുകളിൽ നിന്നുള്ളവർ അനുവദിക്കുന്നില്ല. ജഡ്ജിമാർ ഇക്കാര്യം തുറന്നുപറയുന്നു. കേന്ദ്ര ഏജൻസികളെ പ്രതികാര രാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ കോൺഗ്രസിന് ഒരു ചോദ്യം ചെയ്യലിനെയും ഭയമില്ല. നീതിന്യായവ്യവസ്ഥയെ ബഹുമാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വീട്ടിലെത്തി ചോദ്യം ചെയ്യുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചത്. താൻ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്, ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായി മറുപടി നൽകാമെന്നായിരുന്നു സോണിയാ ഗാന്ധിയുടെ മറുപടി. എന്നിട്ടും പാർട്ടി ആസ്ഥാനത്തടക്കം നിരോധനാജ്ഞ ഏർപ്പെടുത്തി പാർട്ടി പ്രവർത്തകരെ പേടിപ്പിക്കാനാണ് അമിത് ഷായും നരേന്ദ്ര മോദിയും ശ്രമിച്ചത്. അത്തരം വിരട്ടലൊന്നും കോൺഗ്രസിനോടു വേണ്ട. ഈ മാസം 26ന് വീണ്ടും സോണിയാ ഗാന്ധി ഇഡിക്കു മുന്നിൽ ഹാജരാകും. അന്ന് രാജ്യത്തെമ്പാടും കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെല്ലാം സംസ്ഥാന തലസ്ഥാനത്ത് ഉപവസിക്കും. കേരളത്തിൽ തിരുവനന്തപുരത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാവും സത്യഗ്രഹം. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണകർത്താക്കളടക്കം പാർട്ടിയുടെ മുഴുവൻ നേതാക്കളും ഈ സത്യഗ്രഹത്തിൽ പങ്കെടുക്കണമെന്നും കെ. സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
കേന്ദ്രത്തിലേതിന് സമാനമായ ഏകാധിപത്യ ഫാസിസ്റ്റ് ഭരണമാണ് കേരളത്തിലും നടക്കുന്നത്. ഇ. കെ നായനാരും വി. എസ് അച്യുതാനന്ദനുമൊക്കെ പാർട്ടിക്ക് വിധേയമായിട്ടാണ് ഭരണം നടത്തിയിരുന്നത്. അക്കാലത്ത് ഭരണത്തിൽ പിശക് സംഭവിക്കുമ്പോൾ പാർട്ടി ഇടപെടുമായിരുന്നു. എന്നാൽ കഴിഞ്ഞ ആറു വർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാർ സിപിഎമ്മിനെ ഇരുട്ടിൽ നിർത്തുകയാണ്. ഭരണത്തിൽഅഴിമതിയും സ്വജനപക്ഷപാതവും ഏകാധിപത്യവും പ്രകടമായിട്ടും സിപിഎമ്മിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ കേരളം നാശത്തിലേക്ക് നീങ്ങുകയാണ്. ഇതിനെതിരായ കേരളത്തിലെ കോൺഗ്രസ് നേതൃത്വം നടത്തുന്ന ചെറുത്തുനിൽപ്പിന് ചെറുത്തു നിൽപ്പിനും പ്രക്ഷോഭങ്ങൾക്കും ഹൈക്കമാൻഡിന്റെ പൂർണ്ണമായ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കോൺഗസ് പ്രചരണങ്ങൾ താഴെത്തട്ടിൽ എത്തിക്കാനാവുന്നില്ല. പത്രങ്ങളിലോ ചാനലുകളിലോ വാർത്ത വന്നതുകൊണ്ട് എല്ലാവരും കേൾക്കണം എന്നില്ല. പ്രവർത്തനശൈലിയിൽ നേതാക്കളടക്കം മാറണം. സാധാരണ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയണം. അത്ഭുതങ്ങൾ സംഭവിപ്പിക്കാൻ കഴിവുള്ള പാർട്ടിയാണ് കോൺഗ്രസ്. ജനങ്ങളെ മുഴുവൻ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ കഴിയണം. 19 പാർലമെന്റ് അംഗങ്ങൾ എന്നത് 20 ആക്കി ഉയർത്താൻ കഴിയുന്ന പ്രവർത്തനമികവോടെ ഒറ്റക്കെട്ടായി ഒരേ മനസോടെ കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കെ സുധാകരൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, താരീഖ് അൻവർ, ദ്വിഗ് വിജയ് സിങ്, വിശ്വനാഥൻ പെരുമാൾ സംബന്ധിച്ചു. കെപിസിസി ഭാരവാഹികൾക്ക് പുറമേ ഡിസിസി പ്രസിഡന്റുമാരും പോഷക സംഘടനാ ഭാരവാഹികളുമുൾപ്പടെ 200 ഓളം പ്രതിനിധികളാണ് ശിബിരത്തിൽ പങ്കെടുക്കുന്നത്. ഉദയാപൂർ ശിബിരത്തിന്റെ മാതൃകയിലാണ് പരിപാടി. ഇതേ സമയം മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ തുടങ്ങിയവർ ശിബിരത്തിൽ പങ്കെടുക്കാനെത്തിയിട്ടില്ല.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.