- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറയിൻകീഴിലെ പെണ്ണേ
ചിറയിൻകീഴ് താലൂക്കിലെ ഇടത്തരക്കാരുടെ തൊഴിൽ രംഗമാണ് തൊണ്ടു തല്ലും കയർ പിരിക്കലും. നമ്മുടെ നായിക ഈ സാമൂഹ്യ പശ്ചാത്തലത്തിൽ നിന്നും തിരുവനന്തപുരം പട്ടണത്തിലെ കോളേജിൽ വിദ്യാഭ്യാസത്തിനായി വന്നത് മുതലാണ് ഈ കേസ്സിന്റെ ആരംഭം. പിതാവ് ഗൾഫിൽ പണിയെടുത്ത് നാട്ടിൽ അത്യാവശ്യം സുഖസൗകര്യങ്ങൾ തരപ്പെടുത്തിയ പരിശ്രമശാലി. വരനോ തഹസിൽദാരുടെ മൂത്ത
ചിറയിൻകീഴ് താലൂക്കിലെ ഇടത്തരക്കാരുടെ തൊഴിൽ രംഗമാണ് തൊണ്ടു തല്ലും കയർ പിരിക്കലും. നമ്മുടെ നായിക ഈ സാമൂഹ്യ പശ്ചാത്തലത്തിൽ നിന്നും തിരുവനന്തപുരം പട്ടണത്തിലെ കോളേജിൽ വിദ്യാഭ്യാസത്തിനായി വന്നത് മുതലാണ് ഈ കേസ്സിന്റെ ആരംഭം.
പിതാവ് ഗൾഫിൽ പണിയെടുത്ത് നാട്ടിൽ അത്യാവശ്യം സുഖസൗകര്യങ്ങൾ തരപ്പെടുത്തിയ പരിശ്രമശാലി.
വരനോ തഹസിൽദാരുടെ മൂത്ത മകൻ. പഠിക്കുവാൻ ബഹുമിടുക്കൻ. നിയമ ബിരുദം നേടി പ്രഗത്ഭനായ സീനിയർ അഭിഭാഷകന്റെ കീഴിൽ പ്രാക്ടീസ് ചെയ്തു വരുന്നു. പട്ടണവാസി. വിവാഹാലോചനകൾ പലത് നടന്നുവരുന്നു. ആയിടയ്ക്ക് ജയശ്രീ അതാണ് നായിക. പഠിക്കുന്ന കോളേജിലെ ഒരു സ്റ്റാഫ് മുഖാന്തിരം സന്തോഷ് രാജിന് ഒരു ആലോചന വന്നു. പെൺകുട്ടി ബിഎസ്‌സിക്ക് പഠിക്കുന്നു. കാണാൻ അതിസുന്ദരി. അത്യാവശ്യം സൗകര്യങ്ങളുമുണ്ട്. എന്നാൽ പിന്നെ ആലോചിക്കാം. സന്തോഷ് രാജും സീനിയർ അഡ്വക്കേറ്റുമായി ആദ്യം ഒരു സ്വകാര്യ സന്ദർശനം. പെൺകുട്ടിയെ ഒന്നു കാണുക അത്ര തന്നെ കണ്ടു ഇഷ്ടപ്പെട്ടു.
അമ്മായിയുടെ സൽക്കാരം അതിഗംഭീരം. കരിമീൻ, കപ്പ, ഞണ്ടുകറി, ചോറ്......
ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക പെണ്ണുകാണൽ ചടങ്ങ് നടന്നു. ഭാവി അമ്മാവൻ ഗൾഫിൽ നിന്നും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിവാഹത്തീയതി നിശ്ചയിക്കപ്പെട്ടു ചിങ്ങമാസത്തിൽ. സ്ത്രീധന വാഗ്ദാനങ്ങൾ അമ്മാവൻ നേരിട്ട് ഫോണിൽ വക്കീൽ മരുമകനോട്. ഏത് ബ്രാന്റ് വാഹനമാണ് വേണ്ടത് എന്നിടം വരെയെത്തി. പക്ഷേ അഡ്വ. സന്തോഷ് രാജ് തന്റെ വധുവിന്റെ സൗന്ദര്യത്തിൽ മയങ്ങിപ്പോയി എന്നു തന്നെ പറയാം. അച്ഛൻ തഹസ്സിൽദാർ മരണപ്പെട്ടുപോയിരുന്നതിനാൽ രണ്ടു വീട്ടിലും അമ്മമാരായിരുന്നു ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പുകാർ.
മാസങ്ങൾ പെട്ടന്ന് ചിറകുവച്ച് പറന്നുപോയി. ചിങ്ങപ്പുലരിയിൽ ആഘോഷപൂർവ്വം ആർഭാടപൂർവ്വം പട്ടണമദ്ധ്യത്തിലെ ഹാളിൽ വിവാഹം നടന്നു. അന്നത്തെ രീതികളുടെ ഒരു അഭിഭാജ്യഘടകമായ പുതുപുത്തൻ കാർ വിവാഹമണ്ഡപത്തിലോ പരിസരത്തോ വരന്റെ വസതിയിലോ കണ്ടില്ല. പ്രശ്‌നങ്ങൾക്ക് വഴിമരുന്നായി ഈ പുത്തൻകാർ വിഷയം മാറിയിരുന്നുവോ.
നമുക്ക് നോക്കാം തുടർന്നുള്ള സംഭവ വികാസങ്ങളിലൂടെ-
ഈ കുടുംബകഥയ്ക്ക് 30 വർഷം പഴക്കമുള്ളതാണ്. വധുവിന്റെ വീട്ടുകാർ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്നു എന്നത് പ്രസ്തവ്യമാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഗൾഫിലേയ്ക്ക് മടങ്ങിപ്പോയ അമ്മാവൻ കാറിന്റെ കാര്യത്തിൽ ഒരു തീർപ്പ് കൽപ്പിച്ചതുമില്ല.
വിവാഹശേഷവും ജയശ്രീ കോളേജ് വിദ്യാഭ്യാസം തുടർന്നു. ചില ദിവസങ്ങളിൽ വക്കീൽസാർ തന്നെ ബൈക്കിൽ ഭാര്യയെ കോളേജ് വാതുക്കൽ വരെ കൊണ്ടു വിടുക പതിവായി. അങ്ങനെയൊരവസരത്തിലാണ് ജയശ്രീയുടെ പൂർവ്വ കാമുകന്റെ കഥ വക്കീൽ അറിയുവാനിടയായത്. പിന്നെ തർക്കവും വഴക്കും ഒരു തുടർക്കഥയായി മാറി.
ഇടയ്ക്ക് ഒന്നുരണ്ടാഴ്ച അമ്മയോടൊപ്പം പോയി നിൽക്കുവാൻ അനുവാദം ചോദിച്ചപ്പോൾ രണ്ടാമത് ഒന്നാലോചിക്കാതെ വക്കീൽ അനുവാദം നൽകി. ഈ രണ്ടാഴ്ച വാസത്തിനിടയിൽ അമ്മയും മകളും മാത്രമായി തിരുവനന്തപുരത്ത് എസ്എടി അശുപത്രിയിൽ ഒന്നു പോയി വന്നു. അക്കാര്യം ആശുപത്രി ജീവനക്കാരനായ ഒരു സുഹൃത്ത് വഴി സന്തോഷ് രാജ് അറിഞ്ഞപ്പോഴാണ് ആകെ ഭൂകമ്പമുണ്ടായത്. ഇക്കാര്യം ചോദ്യം ചെയ്ത മരുമകനോട് അമ്മായി പറഞ്ഞു, അവൾക്ക് ഉടനെ അമ്മയാകുവാൻ ഇഷ്ടമില്ലെന്ന്.
ചുരുക്കത്തിൽ എട്ട് മാസത്തെ ദാമ്പത്യം ഒന്നരവർഷത്തിനുള്ളിൽ കുടുംബ കോടതി മുഖാന്തിരം ഒഴിഞ്ഞു, വേർപെട്ടു. പെൺവീട്ടുകാർക്ക് പിന്നെ വാശിയായി. ആറുമാസത്തിനുള്ളിൽ മകൾക്ക് പുനർ വിവാഹം. ആദ്യത്തെ കാമുകനിലായിരുന്നു നോട്ടം. സ്വാഭാവികം പക്ഷേ, ഷാജിയുടെ വീട്ടുകാർ ജയശ്രീയുടെ വിവാഹം നടന്നുകഴിഞ്ഞപ്പോൾ തന്നെ തീവ്രശ്രമം നടത്തി മകൻ-കാമുകനെ-ഗൾഫിലേയ്ക്ക് കടത്തി. വകയിൽ ഒരു അമ്മാവൻ അന്ന് അബുദാബിയിൽ നല്ല പൊസിഷനിൽ ജോലി നോക്കുകയായിരുന്നു.
രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ എന്നതുപോലെ തന്റെ മൂന്നു പെൺമക്കളിൽ ഇളയവൾക്ക് ഒരു പയ്യനെ തെരക്കി നടക്കുന്ന തിരക്കിലായിരുന്നു സിങ്കപ്പൂർ വാസുദേവൻ. ആദ്യം ജോലി ശരിയാക്കിക്കൊടുത്തിട്ട് തന്റെ ഉള്ളിലിരിപ്പ് വെളിപ്പെടുത്താമെന്ന് അദ്ദേഹവും കരുതി.
കയർ തൊഴിലാളിയായിരുന്ന ജയശ്രീയുടെ അമ്മയ്ക്ക് നാക്ക് വല്ലാണ്ട് ചൊറിഞ്ഞു വന്നു. എന്നാലും തന്റെ മോളെ മോഹിപ്പിച്ചിട്ട് അവൻ അക്കരെ കടന്ന് കളഞ്ഞല്ലേ വരട്ടെ എന്തായാലും നാട്ടിൽ വരുമല്ലോ ഞാൻ പത്ത് പറയുന്നുണ്ട്. കാണുന്നവരോടെല്ലാം കൊച്ചിന്റെ കാര്യത്തിൽ ആറുമാസത്തിനുള്ളിൽ ഒരു തീർപ്പ് വേണമെന്ന് പറഞ്ഞു നടന്നു. ഒടുവിൽ രണ്ട് ടാക്‌സിയും ഒരു ടെമ്പോയും ഇത്തിരി കാറ്ററിങ് പരിപാടികളുമൊക്കെയുള്ള മുരളീ മോഹനന്റെ കൈയിൽ മകളെ പിടിച്ച് ഏൽപ്പിക്കുമ്പോൾ ജയശ്രീയുടെ അച്ഛനുപോലും കല്യാണത്തിന്-അല്ല താലികെട്ടിന് പങ്കെടുക്കുവാൻ കഴിഞ്ഞില്ല. ലീവ് കിട്ടിയില്ലപോലും.
ശാർക്കര ദേവീക്ഷേത്ര നടയിൽ അത്യാവശ്യം എസ്എൻഡിപി സംഘക്കാരുടെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ അതങ്ങ് നടത്തി. രാജമ്മയക്കന്റെ നെഞ്ചിലെ കല്ല് ഇറങ്ങിയല്ല് അല്ലേ കടയിലെ ചെല്ലപ്പണ്ണന്റെ ചോദ്യം. അതിനുള്ള മറുപടി ജയശ്രീയുടെ അമ്മ ദുഃഖം നിറഞ്ഞുള്ള ഒരു ചിരിയിൽ ഒതുക്കി.
ജയശ്രീയ്ക്ക് രണ്ട് കുട്ടികൾ പിറന്നതിനുശേഷമായിരുന്നു സന്തോഷ് രാജിന്റെ മംഗല്യം. ഇതിനിടയിൽ അമ്മയ്ക്ക് കുടുംബ സ്വത്തായി കിട്ടിയ 8 സെന്റ് സ്ഥലത്ത് നിറഞ്ഞു നിൽക്കുന്ന രണ്ടു നില കെട്ടിടം പണിത് തീർത്തു അഡ്വക്കേറ്റ്.
കൊല്ലം ബാറിലെ സീനിയർ അഭിഭാഷകൻ ശ്രീ. വരിഞ്ഞം വാസുപിള്ള അദ്ദേഹമാണ് ആലോചന കൊണ്ടു വന്നത്. സർക്കാർ മാറിയപ്പോൾ സന്തോഷ് രാജ് സർക്കാർ വക്കീലുമായി മാറി. കാലത്തിന്റെയൊരു കളി നോക്കണേ.
ഒരു ക്രിമിനൽ കേസ്സിന്റെ ചില കാര്യങ്ങൾ തിരക്കുവാൻ തിരുവനന്തപുരത്ത് വന്നപ്പോഴാണ് പുതിയ സർക്കാർ വക്കീലിന്റെ വിവാഹ ട്രാജഡി വാസുപിള്ള അദ്ദേഹം കൂട്ടുകാരൻ വക്കീലിൽ നിന്നും പറഞ്ഞു കേട്ടത്.
ഇതു തന്നെ പറ്റിയ സന്ദർഭം. തന്റെ സ്വന്തം ഓഫീസിൽ അബ്കാരി കേസ്സുകൾ നടത്തുവാൻ വന്നിരുന്ന കുഞ്ഞുമോനോട് വാസുപിള്ള വക്കീൽ കാര്യങ്ങൾ വിശദീകരിച്ചു. നല്ല പയ്യൻ ഒന്നും നോക്കാനില്ല. പിന്നൊരു കാര്യം രണ്ടാം വിവാഹം. അത് ഒരു പോരായ്മയായി കാണുന്നില്ലെങ്കിൽ നമുക്ക് തിരുവനന്തപുരത്ത് ഒന്നു പോകാം എന്താ? ഞാൻ വീട്ടിൽ അമ്മയോട് ഒന്ന് ആലോചിക്കട്ടേ ചേട്ടാ. നാളെ ഞാൻ ഫോൺ ചെയ്യാം. നെഗറ്റീവാണെങ്കിലും പോസിറ്റീവാണെങ്കിലും വിളിക്കണം ഉറപ്പ്.
എങ്ങനെ വിളിക്കാതിരിക്കും. കാരണം കുഞ്ഞുമോൻ ഒരാണും ആറ് പെണ്ണുങ്ങളുമാണ് കുടുംബത്ത്. ഇനിയും മൂന്നാളുകൾ വിവാഹം കഴിക്കാനുണ്ട്. നല്ല മെഡിക്കൽ ഫാമിലിയാണ് വക്കീൽ വരിഞ്ഞം വാസുപിള്ള ഫോണിൽകൂടി അഡ്വ. സന്തോഷ് രാജിനോട് പറഞ്ഞു നിർത്തിയത് ഇങ്ങനെയാണ്. അതിനു കാരണം നേഴ്‌സിങ് കഴിഞ്ഞു നിൽക്കുന്ന നാലുപേരാണ് ആ വീട്ടിൽ.
ആർഭാടമായി നടന്ന ആദ്യവിവാഹത്തിന്റെ ഹാങ്ങോവർ ഉള്ളതിനാൽ വക്കീൽ ഒരു സജക്ഷൻ വച്ചത് പെൺവീട്ടുകാർ ഉൾക്കൊണ്ടു. രജിസ്ട്രാറെ വീട്ടിൽ വരുത്തി ഒരു രജിസ്റ്റർ മാര്യേജ് അത്രമാത്രം. മതി അതുമതി വരിഞ്ഞം അവസാനമായി ഇത്രയും പറഞ്ഞു നിർത്തി.
പുതിയ പെണ്ണിന്റെ വരവ് ഐശ്വര്യമാണെന്ന് കാലം തെളിയിച്ചു. അമ്മായിയമ്മ പുതുപ്പെണ്ണിനെ തറയിലും തലയിലും വെക്കാതെ കൈവെള്ളയിൽ തന്നെ കൊണ്ടു നടന്നു. അവളെ നേഴ്‌സിങ് ജോലിക്കൊന്നും ഞങ്ങൾ വിടുന്നില്ല. വീടും കുടിയുമായി സന്തോഷത്തോടെ കഴിയട്ടെ. ഒരുവിധം നന്നായി കഴിയുവാനുള്ള വക അവനിവിടുണ്ട് അതുപോരേ.
സ്‌നേഹലത അതായിരുന്നു മരുമകളുടെ പേര്. ആളുകളെയും ബന്ധുക്കളെയും സ്‌നേഹിക്കുന്നതിൽ ലത പിന്നോട്ടായിരുന്നില്ല. ശാന്തിയും സമാധാനവും നിറഞ്ഞു നിന്ന ജീവിതം. ഒരു വർഷം തികയുന്നതിന്റെ അന്ന് സ്‌നേഹലത തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
വക്കീലിന്റെ ശ്രമഫലമായി ഇളയ സഹോദരിക്ക് കൊല്ലത്ത് താലൂക്കാശുപത്രിയിൽ എംപ്ലോയ്‌മെന്റ് മുഖാന്തിരം പണിയായി. തുടർന്ന് ഒരു വിവാഹവും ഒത്തു വന്നു. ഗൾഫുകാരൻ അവർ തിരുവനന്തപുരത്ത് പൗഡിക്കോണത്ത് ഒരു വാടക വീട്ടിൽ താമസം ആരംഭിച്ചു.
ഒട്ടും പ്രതീക്ഷിക്കാത്ത നിലയിൽ ഒരു വിവാഹത്തിന് പങ്കെടുക്കുവാൻ പോയപ്പോഴാണ് അവിചാരിതമായി ജയശ്രീയേയും കുട്ടിയേയും അവളുടെ കൾച്ചർലെസ്സ് അമ്മയേയും തന്റെ പഴയ അമ്മാവിയെക്കുറിച്ചുള്ള അഡ്വക്കേറ്റ് സന്തോഷ് രാജിന്റെ വിലയിരുത്തലാണിത്-നേരിൽ കാണേണ്ടി വന്നത്. ഒരു കൗതുകത്തിനുവേണ്ടി വക്കീൽ സ്‌നേഹലതയ്ക്കും അവരെ കാണിച്ചുകൊടുത്തു. കൂനിന്മേൽ കുരുപോലെ ഉണ്ണാനിരുന്നപ്പോൾ രണ്ടുവരികളിലായി നേർക്കുനേർ പോരേ പുകിൽ.
നിങ്ങളല്ലേ പറഞ്ഞത് സുന്ദരിയാണെന്ന്. നല്ല വെളുപ്പ് അത്ര തന്നെ രാത്രി കിടപ്പുമുറിയിൽ സ്‌നേഹലത ജയശ്രീയെ അവതരിപ്പിച്ചതിങ്ങനെയാണ്.
സുന്ദരി തന്നെ. ഇപ്പോ സംബന്ധവും രണ്ടു കുട്ടികളുടെ തള്ളയുമായപ്പോൾ അൽപ്പം മോശപ്പെട്ടുപോയി പാവം.
ഓഹോ... പാവമോ.... അപ്പോ ഇപ്പോ ഴും അവളാണ് മനസ്സിൽ. ചുമ്മാതല്ല ഞാൻ വയ്ക്കുന്നതും വിളമ്പുന്നതും പിടിക്കാത്തത്.
പരിഭവമായി....പിണക്കമായി. കുഞ്ഞിനെയും എടുത്ത് മാറി കിടക്കലായി. പുറത്തുനിന്നുള്ള ഇടപെടലല്ല. ഇത് ഉള്ളിൽ നിന്നുള്ള ഇടപെടലുകൾ മാത്രമായിരുന്നു. സംശയങ്ങളും കുത്തുവാക്കുകളും നിരന്തരം എന്തിനേറെ പറയുന്നു.
2005 ഒടുവിൽ ഒരാഴ്ച നീണ്ടു നിന്ന പിണക്കത്തിനിടയിൽ ഒരു ദിനം നല്ലതുപോലെ വാട്ടീസ് അടിച്ചു അതിന്റെ കൂടെ കുറെ ഉറക്ക ഗുളികകളും വിഴുങ്ങി അഡ്വ. സന്തോഷ് രാജ് ജീവിതം അവസാനിപ്പിച്ചു.
എന്തു കഷ്ടം....ആ കുഞ്ഞിന്റെ ഭാവി... വല്ല കാര്യവും ഉണ്ടോ? ജീവിക്കുവാനുള്ള എല്ലാ സെറ്റപ്പും ഉണ്ടായിട്ടും...അഭ്യുദയകാംക്ഷികളുടെ ഉത്ക്കണ്ഠ ഇങ്ങനെ പുറത്ത് വന്നുകൊണ്ടിരുന്നു. ഇപ്പോഴും മരണത്തിന്റെ കാരണം വ്യക്തമല്ല. വിധി....അല്ലാതെ എന്തു പറയാൻ.