തിരുവനന്തപുരം: ആദ്യ ഇടിയിൽ തന്നെ എന്റെ ബോധം പോയിരുന്നു അതുകൊണ്ട് തന്നെ അവർ അത്രയുമധികം മർദ്ദിച്ചതിന്റെ ക്ഷതം ഇപ്പോഴും തുടരുകയാണ്. എല്ലാം ഒന്നു നേരെയായിവരാനും ശരീരത്തിനേറ്റ ചതവും മുറിവുമൊക്കെ മാറാൻ അൽപ്പം സമയമെടുക്കുമെന്നും ഡോക്ടർമാർ പറയുന്നു. പറഞ്ഞിട്ട് കാര്യമൊന്നുമില്ല കിട്ടാനുള്ളതിൽ കൂടുതൽ കിട്ടികഴിഞ്ഞു. ജോലി ചെയ്ത് കുടുംബം നോക്കാൻ ഇനി എത്ര കാലമെടുക്കും എന്നത് മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്. ഇത്രയും ക്രൂരമായ മർദ്ദനമാണ് തനിക്കേറ്റതെന്ന് അപ്പോൾ മനസ്സിലായിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോഴാണ് അതിന്റെ തീവ്രത മനസ്സിലായത്. ചിറയിൻകീഴിൽ നടുറോഡിൽ യുവാക്കളുടെ മർദ്ദനമേറ്റ സുധീറിന്റെ വാക്കുകളാണിത്. മർദ്ദനമേറ്റതിനെ കുറിച്ചുള്ള തന്റെ അനുഭവം മറുനാടൻ മലയാളിയോട് തുറന്ന് പറയുകയായിരുന്നു സുധീർ

റോഡരികിൽ ബൈക്കിൽ ഗതാഗത തടസ്സമുണ്ടാക്കിയവരെ ചോദ്യം ചെയ്തയാളെ യുവാക്കൾ മർദ്ദിച്ചവശനാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ മുതൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച്കൊണ്ടിരിക്കുകയാണ്. മദ്യ ലഹരിയിലായിരകുന്ന യുവാക്കൾ വാക്കേറ്റമൊന്നും ഉണ്ടാക്കാൻ നിന്നില്ലെന്നും ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് നിർത്താതെ ഇടി തുടങ്ങുകയായിരുന്നുവെന്നും മർദ്ദനമേറ്റ സുധീർ മറുനാടൻ മലയാളിയോട് പറഞ്ഞു. മർദ്ദനത്തിന്റെ തീവ്രത എത്രമാത്രമാണെന്ന് ദൃശ്യങ്ങൾ കണ്ട എല്ലാവർക്കും മനസ്സിലായതാണല്ലോയെന്നും സുധീർ പറയുന്നു

ഡ്രൈവറായി ജോലി ചെയ്യുന്ന സുധീറിന് ഇപ്പോൾ ഇരിക്കാനോ കിടക്കാനോ നിൽക്കാനോ കഴിയുന്നില്ല. അത്ര ഭയാനകമായരുന്നു അനന്തു, ശ്രീക്കുട്ടൻ എന്നിവരുടെ മർദ്ദനം. ഡ്രൈവിങ് ജോലിക്കൊപ്പം തന്നെ പാചകത്തിനും പോവുന്നയാളാണ് സുധീർ ഇക്കഴിഞ്ഞ 13ന് ഒരു വിവാഹ സ്ഥലത്ത് നിന്നും സുഹൃത്തിനെ മറ്റൊരിടത്തേക്ക് കൊണ്ട് വിടാൻ പോകുന്ന വഴിക്കാണ് സംഭവമുണ്ടായത്. യുവാക്കളേയും അവരുടെ വീട്ടുകാരെയുമൊക്കെ സമീപവാസികളായത്കൊണ്ട് തന്നെ കണ്ട് പരിചയമുണ്ടായിരുന്നുവെന്നും മർദ്ദനം അപ്രതീക്ഷിതമായിരുന്നുവെന്നും സുധീർ പറയുന്നു. ഇപ്പോൾ അലോപ്പതി ചികിത്സയാണ് തുടരുന്നത്. തിങ്കളാഴ്ച മുതൽ ആയുർവേദ ചികിചത്സ ആരംഭിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

സുധീറിന്റെ വാക്കുകളിലേക്ക്

അന്ന് നടന്ന സംഭവത്തെക്കുറിച്ച്

ഒരു വിവാഹവീട്ടിൽ പാചക പണിക്ക് പോയ ശേഷം ചന്തവിളയിൽ നിന്നും ഡീസന്റ്മുക്ക് എന്ന സ്ഥലത്തേക്ക് ബൈക്കിൽ വരികയായിരുന്നു ഞാൻ. പെട്ടന്ന് ജംങ്ഷനിൽ വെച്ച് ഒരു ബൈക്ക് വട്ടം വെച്ചു. പെട്ടന്ന് അവരോട് എന്താടേയ് ഇത് ഒന്ന് മാറ്റി നിർത്തിയാൽ ഞങ്ങൾ അങ്ങ് പോയേനെ എന്ന് പറയുകയായിരുന്നു. മദ്യ ലഹരിലായിരുന്ന അനന്തുവും ശ്രീക്കുട്ടനും ഉടനെ തന്നെ തള്ളയ്ക്ക് വിളിക്കുകയായിരുന്നു.എന്തിനാടാ ചീത്ത വിളിക്കണത് എന്ന് ചോദിച്ച് തിരിച്ച് കയർത്ത് സംസാരിച്ച ശേഷം വണ്ടിയുമായി മുന്നോട്ട് പോയപ്പോൾ അവർ പിന്നാലെ വന്ന് തള്ളിയിട്ട ശേഷം നെറ്റിയുടെ ഇടത് വശത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. അപ്പോൾ തന്നെ തല കറങ്ങുന്നത് പോലെ തോന്നി. പിന്നെ ഇരുവരും ചേർന്ന മാറി മാറി മർദ്ദിക്കുകയും ചെയ്തു. ഇത്രയധികം സമയം ഉണ്ടായിരുന്നുവെന്ന് പിന്നീട് വീഡിയോ കണ്ട ശേഷമാണ് മനസ്സിലായത്.

മർദ്ദനത്തിന്റെ തീവ്രത എത്രത്തോളമുണ്ടായിരുന്നു

അപ്രതീക്ഷിതമായിട്ടാണ് അവർ എന്നെ മർദ്ദിച്ചത്. വലിയ സൗഹൃദമൊന്നും ഇല്ലെങ്കിലും പരസ്പരം കണ്ടാൽ അരിയുന്നവരായരുന്നു. അതുകൊണ്ട് തന്നെ അടിപിടിയിലേക്ക് പോകുമെന്ന് കരുതിയില്ല. നിർത്താതെ ഇടിക്കുകയായിരുന്നു. കവിളിലും നെറ്റിയിലും നെഞ്ചിലും വയറ്റിലും കാലിലുമെല്ലാം മർദ്ദിക്കുകയായിരുന്നു. വായിൽ അകത്ത് പൊട്ടി. താടിയെല്ലിനും ക്ഷതമുണ്ടായിരുന്നു. പിന്നെ എത്ര ഇടി കിട്ടിയെന്ന് എനിക്ക് തന്നെ എണ്ണാനൊന്നും കഴിഞ്ഞില്ല.എത്ര കിട്ടിയെന്ന് വീഡിയോയിൽ നാട്ടുകാർ മുഴുവൻ കണ്ടല്ലോ.

മർദ്ദനം കണ്ട് നിന്നിട്ട് ആരും ഇടപെട്ടിരുന്നില്ല അതിൽ സങ്കടമുണ്ടോ

എനിക്ക് നന്നായി ഇടി കിട്ടി പിന്നെ അതിൽ ആരും ഇടപെട്ടില്ലെന്ന് പറഞ്ഞ് വിഷമിക്കുന്നതിൽ കാര്യമില്ലല്ലോ. മറ്റൊരാൾക്ക് ഇടി കിട്ടുന്നത് നമ്മളൊക്കെ കണ്ടാൽ അപ്പോൾ തന്നെ ഇടപെടും. പിന്നെ ചെറുപ്പക്കാർ കുറേ നേരമായി അവിടെ റോഡിൽ വാഹനത്തിൽ കറങ്ങിയതുകൊണ്ട് തന്നെ ആളുകൾക്ക് അവർ മദ്യ ലഹരിയിലാണെന്ന് മനസ്സിലായിക്കാണും. കുറേ നേരമായി അവർ അവിടെയുണ്ടെന്ന് പിന്നീട് വീഡിയോ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്. പിന്നെ ഇടി നിർത്തി യുവാക്കൾ പോയപ്പോൾ ചിലർ അടുത്ത് വന്ന് ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞു. ഞാൻ തനിയെ പൊയ്ക്കോളാം എന്ന് പറഞ്ഞ് സ്വയം ബൈക്കോടിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ശരീരത്തിൽ വലിയ ക്ഷതമുള്ളതുകൊണ്ട് തന്നെ സ്‌കാൻ ചെയ്യണമെന്ന് പറഞ്ഞതുസരിച്ച് ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.അപ്പോഴേക്കും നാട്ടുകാർ പറഞ്ഞ് കാര്യം അറിഞ്ഞ വീട്ടുകാർ ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു.

പൊലീസിൽ പരാതി നൽകിയതും ഒത്തുതീർപ്പ് ശ്രമങ്ങളും

സെപ്റ്റംബർ 13നാണ് സംഭവം നടന്നത്. ആശുപത്രിയിലൊക്കെ പോയ ശേഷം രാത്രി വൈകിയാണ് വീട്ടിലെത്തിയത്. അടുത്ത ദിവസം രാവിലെ ചിറയിൻകീഴ് എസ്ഐക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. പ്രതികളുടെ മേൽവിലാസമറിയാമോ എന്ന് അവർ ചോദിച്ചു. കണ്ടാൽ അറിയാമെന്നും ഇന്ന പ്രദേശത്ത് ഉള്ളവരാണെന്നും പൊലീസിനോട് പറഞ്ഞു. പിന്നീട് യുവാക്കളിലൊരാളുടെ മാമൻ വീട്ടിൽ വന്ന ശേഷം കേസ് ഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരസ്പരം കണ്ടിട്ടുള്ളവരെന്നതിനാലും വീട്ടിൽ വന്നയാളാണ് എന്നതുകൊണ്ടും അവരോട് മോശമായി പെരുമാറുകയോ ഒരു വാക്ക് മോശമായി പറയുകയോ ചെയ്തില്ല. പി്നനീട് പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ച ശേഷം പ്രതികളെ പിടികൂടിയ ഉടനെ അറിയിക്കാം എന്ന് പറയുകയായിരുന്നു. ഇത്രയും ദിവസം കഴിഞ്ഞാണല്ലോ പ്രതിയെ പിടിച്ചത് എന്ന് ചോദിച്ചപ്പോൾ നേരത്തെ നിങ്ങൾ തമ്മിൽ ഒത്ത് തീർപ്പായെന്നാണ് അറിയാൻ കഴിഞ്ഞതെന്നാണ് പൊലീസ് പറഞ്ഞത്.

മർദ്ദനത്തെതുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്

സംസാരിക്കുമ്പോൾ തന്നെ ചുമയും ശ്വാസ തടസ്സവും അനുഭവപ്പെടുന്നുണ്ട്. നെഞ്ച് വിരിച്ച് നിൽക്കാൻ കഴിയുന്നില്ല. അ്പ്പോൾ വലിയ വേദനയാണ് അനുഭവപ്പെടുന്നത്. താടിയെല്ലിനും വായ്ക്കും നല്ല വേദനയുള്ളതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്. ഇരിക്കാനോ നടക്കാനോ കെടക്കാനോ ഒന്നും എളുപ്പം കഴിയുന്നില്ല. കെടന്നാൽ പിന്നെ എണീക്കാൻ വലിയ ബുദ്ധിമുട്ടാണ്. 5 തരം മരുന്ന് കഴിക്കുന്നുണ്ട്. ഉടനെ ആയുർവേദവും കിഴിയും ആരംഭിക്കണം. ഡ്രൈവറായ എനിക്ക് ഉടനെയൊന്നും ഇരുന്ന് വണ്ടിയോടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.ഇരിക്കുമ്പോൾ കിടക്കണമെന്നും കിടക്കുമ്പോൾ എണിറ്റ് നിൽക്കണെമന്നും തോന്നുന്ന സ്ഥിതിയാണ്.

സംഭവം അറിഞ്ഞപ്പോൾ കുടുംബത്തിന്റെ മാനസിക അവസ്ഥ

മർദ്ദനമേറ്റ കാര്യം ആളുകൾ പറഞ്ഞ് വീട്ടുകാർ അറിയുകയായിരുന്നു. എത്ര ഇടി കിട്ടിയെന്ന് ഒളിച്ച് വെക്കാൻ പറ്റില്ലല്ലോ നാട്ടുകാർ മുഴുവൻ കണ്ട വീഡിയോ എന്റെ വീട്ടുകാർ കണ്ടു. അച്ഛനും അമ്മയ്ക്കും ഭാര്യക്കും വലിയ സങ്കടമാണ് ഉണ്ടായത്. ഞാനും ഭാര്യയും കുഞ്ഞുങ്ങളും അച്ഛനും അമ്മയും അടങ്ങുന്ന എന്റെ കുടുംബം ആരെയും ബുദ്ധിമുട്ടിക്കാറില്ല. ഞങ്ങളുടെ കാര്യം മാത്രം നോക്കിയാണ് ജീവിക്കുന്നത്. അച്ഛന് ചെറിയ ഒരു ചായക്കടയും പിന്നെ ഞാൻ പണിയെടുക്കുന്ന വരുമാനവും കൊണ്ട് മാന്യമായിട്ടാണ് ജീവിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ കണ്ട ശേഷം നാട്ടുകാരിൽ പലരും വീട്ടിലെത്തിയ ശേഷം ഇത്രയും ക്രൂര പ്രവർത്തി ചെയ്ത അവന്മാരെ ഒരു കാരണവശാലും കേസ് പിൻവലിച്ച് വെറുതെ വിടരുതെന്ന് പറയുകയായിരുന്നു.