തിരുവനന്തപുരം: ആൾക്കൂട്ടമാണ് അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്നത്. അതും മോഷണ കുറ്റം ആരോപിച്ച്. ആ കേസിലെ വിചാരണ എല്ലാ അർത്ഥത്തിലും അട്ടിമറിക്കപ്പെട്ടു. കേരളം ഏറെ വേദനയോടെ ചർച്ച ചെയ്ത കേസിന് കോടതിയിൽ നീതി ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് കൂറുമാറ്റങ്ങൾ സംഭവിക്കുന്നു. അതിനിടെ വീണ്ടും ആൾക്കൂട്ട കൊലപാതകം കേരളത്തിൽ ഉണ്ടാകുന്നു. തിരുവനന്തപുരത്താണ് കൊല നടന്നത്.

ചിറയിൻകീഴ് പെരുങ്കുഴിയിൽ മോഷണക്കുറ്റം ആരോപിച്ച് ചിലർ ചേർന്ന് മർദ്ദിച്ച മധ്യവയസ്‌കൻ മരിച്ചു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രൻ (50 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിൻകീഴ് പെരുങ്കുഴിക്ക് സമീപത്തെ ഒരു വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ചു എന്ന് ആരോപിച്ച് ചിലർ ചന്ദ്രനെ തടഞ്ഞുവെക്കുകയും കെട്ടിയിടുകയും ചെയ്തു. ഇവർ പിന്നീട് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ചിറയിൻകീഴ് പൊലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മർദ്ദനമേറ്റതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോഴേക്കും ചന്ദ്രൻ അവശനിലയിലായിരുന്നു. പിന്നീട് പൊലീസ് ചന്ദ്രനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്ന് മെഡിക്കൽ പരിശോധന പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ പരാതിക്കാർ സ്റ്റേഷനിലെത്തി കേസ് വേണ്ട എന്ന് അറിയച്ചതിനെ തുടർന്ന് ചന്ദ്രനെ ബന്ധുക്കളെ വിളിച്ചറിയിച്ച് ജാമ്യവ്യവസ്ഥയിൽ വിട്ടയച്ചു. ഇതിന് ശേഷം വേങ്ങോട്ടുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ചന്ദ്രൻ പോയത്.

അവിടെ വെച്ച് കലശലായ ശരീരവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ എത്രയും വേഗം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കണം എന്നായിരുന്നു പരിശോധിച്ച ഡോക്ടറുടെ നിർദ്ദേശം. എന്നാൽ അവിടുന്ന് ലഭിച്ച മരുന്നുമായി ചന്ദ്രൻ തിരികെ വീട്ടിലേക്ക് പോവുകയാണ് ചെയ്തത്. അടുത്തദിവസം ആരോഗ്യസ്ഥിതി കൂടുതൽ മോശമായതോടെ ബന്ധുക്കൾ മെഡിക്കൽ കോളേജിൽ എത്തിച്ചു.

തുടർന്ന് നടത്തിയ സ്‌കാനിങ്ങിൽ കുടലിന് ക്ഷതമേറ്റതായും അണുബാധ ഉള്ളതായും കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ചന്ദ്രൻ കഴിഞ്ഞദിവസം മരണപ്പെടുകയായിരുന്നു. കടുത്ത മർദ്ദനം ഏറ്റതാകാം ആന്തരികാവയവങ്ങൾക്ക് ക്ഷതമേൽക്കാൻ കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. ചന്ദ്രന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. അതിനിടെ അടിച്ചവരെ രക്ഷിക്കാൻ കളികൾ തുടങ്ങി കഴിഞ്ഞു.

കെട്ടിയിട്ട് മർദ്ദിച്ചവരെ കേസിൽ പ്രതിയാക്കാത്തെ ചന്ദ്രനെ മാത്രം കസ്റ്റഡിയിൽ എടുത്ത നടപടിയും വിവാദമാകുന്നുണ്ട്. പൊലീസ് പകർത്തിയ വീഡിയോയിൽ തന്നെ ചന്ദ്രൻ കെട്ടിയിട്ട നിലയിലാണ്. അതിനിടെ ചന്ദ്രനെ പൊലീസ് കൊണ്ടു പോയി മർദ്ദിച്ചുവെന്ന വാദവും സജീവമാണ്. കള്ളനെ നാട്ടുകാർ പിടിച്ചു കൊടുത്തു മർദ്ദിച്ചത് പൊലീസാണെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് ചന്ദ്രന്റെ മരണം വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കും.

അതിനിടെ അസുഖം കാരണമാണ് ചന്ദ്രന്റെ മരണമെന്ന് വരുത്താനും നീക്കമുണ്ട്. മുമ്പ് നടത്തിയ ശസ്ത്രക്രിയയയുടെ പേരിൽ ചന്ദ്രന്റെ മരണത്തെ കൊണ്ടെത്തിക്കാനാണ് നീക്കം.