തിരുവനന്തപുരം: മദ്യലഹരിയിലുണ്ടായ നിസ്സാര തർക്കത്തിന്റെ പേരിലാണ് ഒരു ജീവൻ ചിറയിൻകീഴ് പൊലിഞ്ഞത്. ഇക്കഴിഞ്ഞ ഡിസംബർ 21ന്ാണ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കു സമീപത്തെ ബാറിനു മുന്നിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം വാർന്നുള്ള സ്വാഭാവിക മരണമെന്ന് കണ്ട മരണമാണ് കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ചിറയിൻകീഴ് ആനത്തലവട്ടം വയൽതിട്ട വീട്ടിൽ ബിനു (50)വിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിജ (42)യെ അതിവിദഗ്ധമായ അന്വേഷണത്തിൽ പൊലീസ് പിടികൂടുകയായിരുന്നു.

കൊല്ലപ്പെട്ട ബിനുവിന് ചുറ്റും തളംകെട്ടിക്കിടന്ന രക്തക്കറയുടെ ചുവടുപിടിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതിയെ പൊക്കിയത്. പൊലീസും ഫൊറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ, ബിനുവിനു കടുത്ത രീതിയിൽ പൈൽസിന്റെ അസുഖം ഉണ്ടായിരുന്നതായും അതു പൊട്ടി ഉണ്ടായ ചോരക്കറ ആണെന്നും കണ്ടെത്തി. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി ഫലം വന്നതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടാകുന്നത്. വാരിയെല്ല് പൊട്ടിയതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം ആയിരുന്നു മരണ കാരണമെന്നത് നിർണായക തെളിവായി. ഇതോടെ ബിനുവുമായി ആരെങ്കിലും സംഘർഷത്തിൽ ഏർപ്പെട്ടോ എന്ന വിധത്തിലേക്ക് അന്വേഷണം നീണ്ടു.

റൂറൽ ഷാഡോ പൊലീസിന്റെ സഹായത്തോടെ ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ കടകളിലും നാട്ടുകാർക്കിടയിലും അന്വേഷണം നടത്തി. സ്ഥലവാസിയല്ലാത്ത, ഷർട്ടിടാത്ത ഒരാൾ ബിനുവിനെ അസഭ്യം പറയുന്നത് അതുവഴി പോയ പ്രദേശവാസി ശ്രദ്ധിച്ചിരുന്നു. അയാൾ വിവരം ഷാഡോ സംഘത്തെ അറിയിച്ചു. നിർണായകമായ ഈ വിവരം ലഭിച്ചതോടെ ബാറിലേയും പരിസര പ്രദേശങ്ങളിലേയും സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. ബാറിലെ ക്യാമറയിൽനിന്ന് ഷർട്ടിടാത്ത, തോളിൽ തോർത്ത് ചുറ്റിയ ഒരാളുടെ ദൃശ്യം പൊലീസിനു ലഭിച്ചു. എന്നാൽ, ആരാണെന്ന് വ്യക്തമായില്ല.

തുടർന്ന് സമീപത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് അവിടെ താമസിച്ചിരുന്നയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്തു മുങ്ങിയതായി മനസിലായത്. ലോഡ്ജിലെ രജിസ്റ്ററിൽ തെറ്റായ മേൽവിലാസമാണ് അയാൾ കൊടുത്തിരുന്നത്. ആകെയുള്ളത് കാരയ്ക്കാമണ്ഡപം എന്ന സ്ഥലനാമം മാത്രം. നൽകിയിരിക്കുന്ന മൊബൈൽ നമ്പറും തെറ്റ്. രജിസ്റ്ററിൽ എഴുതിയ മൊബൈൽ നമ്പരിലെ അക്കങ്ങൾ മാറ്റി പൊലീസ് പരീക്ഷണം നടത്തി. മാറ്റിയ നമ്പരുകളിലുള്ള വിലാസം ശേഖരിച്ചു.

നൂറോളം അക്കങ്ങൾ മാറ്റിയുള്ള പരീക്ഷണത്തിനൊടുവിൽ കാരയ്ക്കാമണ്ഡപത്തെ ഒരു മേൽവിലാസം ഒത്തുവന്നു. പൊലീസ് ആ ഫോണിന്റെ കോൾ ഡീറ്റൈൽസ് പരിശോധിച്ചു. സംഭവം നടന്ന ദിവസം മൊബൈലിന്റെ ഉടമ ചിറയിൻകീഴ് ടവർ ലൊക്കേഷനിലുണ്ടായിരുന്നതായി കണ്ടെത്തി. തിരച്ചിലിനൊടുവിൽ വെള്ളായണി, തയ്ക്കാപള്ളിക്കു സമീപം മുജാ മൻസിലിൽ നിജയെ (42 ) ചിറയിൻകീഴ് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ റൂറൽ ഷാഡോ സംഘം അറസ്റ്റു ചെയ്തു. ബാറിൽനിന്ന് നിജ പുറത്തിറങ്ങിയപ്പോൾ ബിനുവിന്റെ ദേഹത്ത് തട്ടിയതുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടായതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പഞ്ഞത്.

നിജ ബിനുവിനെ കാലിൽ തൂക്കി ശക്തിയായി വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയെന്നും വ്യക്തമായി. വീഴ്ചയിലാണ് വാരിയെല്ലു പൊട്ടി രക്തം വാർന്നു ബിനു മരിക്കുന്നത്. അന്വേഷണത്തിൽ രണ്ടു വർഷം മുൻപും പ്രതി സമാനമായ രീതിയിൽ കുറ്റം ചെയ്തിട്ടുള്ളതായി പൊലീസിനു മനസിലായി. കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറിനെയാണ് നിജ കൊലപ്പെടുത്തിയത്. ബഷീറിന്റെ മൃതദേഹം പൂവാറിനു സമീപത്തെ ഓടയിൽനിന്നാണു നാട്ടുകാർ കണ്ടെത്തിയത്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് കൊടും ക്രൂരതയുടെ ചിത്രങ്ങൾ കൂടുതൽ വ്യക്തമായത്.

ബഷീറും നിജയും തമ്മിൽ സാമ്പത്തിക വിഷയത്തിൽ തർക്കമുണ്ടായിരുന്നു. ബഷീറിനെ നിജ കാറിൽ കയറ്റി കൊണ്ടു പോയി മർദിച്ചു. മർദനത്തെത്തുടർന്ന് ഹൃദയാഘാതം ഉണ്ടായി മരിച്ച ബഷീറിന്റെ മൃതദേഹം പൂവാറിനു സമീപം ഓടയിൽ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. അന്നു തമിഴ്‌നാട്ടിൽനിന്നാണ് ഷാഡോ സംഘം നിജയെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ ഈ കേസ് നിലവിലുണ്ട്. കൂടാതെ കന്റോൺമെന്റ് സ്റ്റേഷനിലും പ്രതിക്കെതിരെ മോഷണകുറ്റത്തിനു കേസുണ്ട്.

തിരുവനന്തപുരം റൂറൽ എസ്‌പി: പി.അശോക് കുമാറിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്‌പി: പി.അനിൽകുമാർ, ചിറയിൻകീഴ് സബ് ഇൻസ്‌പെക്ടർ എസ്.നിയാസ്, ഷാഡോ എസ്‌ഐ: സിജു.കെ.എൽ.നായർ, എഎസ്‌ഐ ഫിറോസ്, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാർ, റിയാസ്, ജ്യോതിഷ് എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്. വിദഗ്ധമായി കേസ് തെളിയിച്ച ടീം അംഗങ്ങളെ നാട്ടുകാരും അഭിനന്ദിക്കയാണ്.