കോർക്ക്:കോർക്ക് സീറോ മലബാർ സഭയുടെ 9-ാമത് ഇടവക മതബോധന വാർഷികവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളും സംയുക്തമായി 2015 ഡിസംബർ 30 ബുധനാഴ്ച ആഘോഷിച്ചു. അന്നേദിവസം ഉച്ചതിരിഞ്ഞ് 2 മണി മുതൽ വിൾട്ടൺ എസ്എംഎ ഹാളിൽ വച്ച് മതബോധന വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് സദസ്സിനെ സന്തോഷഭരിതമാക്കി.

ഉച്ചതിരിഞ്ഞ് 6 മണിക്ക് നടന്ന ഔപചാരിക പൊതുസമ്മേളനം കോർക്ക് കൺട്രി കൗൺസിൽ ലോർഡ് മേയർ ക്രിസ് ഒലേരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് അനിൽ വർഗ്ഗീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. കോസ്മാക്കും ഫാ. മിഖായേൽ ഒലേരിയും തദവസരത്തിൽ ആശംസകൾ നേരുകയും മതബോധന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും ജൂനിയർ സെർട്ട് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കും പുൽക്കൂട് മത്സര വിജയികൾക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ചടങ്ങിൽ കോർക്ക് സീറോ മലബാർ സഭയുടെ ചാപ്ലിയൻ ഫാ. ഫ്രാൻസിസ് ജോർജ്ജ് നീലങ്കാവിൽ സ്വാഗതവും ജനറൽ കൺവീനർ ടോണി ജോസ് നന്ദിയും രേഖപ്പെടുത്തി. കലാപരിപാടികൾക്ക് ശേഷം രാത്രി ഭക്ഷണത്തോടെ യോഗം അവസാനിച്ചു.