- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽപ്പന്തുകളിയിലെ വശ്യതയിലേക്ക് വീണത് ചേട്ടൻ ചിതാനന്ദനൊപ്പം; അമ്പതുകളിലെ കേരളാ സന്തോഷ് ട്രോഫി ടീമിലെ മിന്നും താരം; കളിയോടുള്ള പ്രണയത്തിൽ വിവാഹവും വേണ്ടെന്ന് വച്ചു; വിടവാങ്ങിയത് ചെറുവാരി മഠത്തിൽ തീർത്ഥാനന്ദനെന്ന ഫുട്ബോൾ പ്രതിഭ
കണ്ണൂർ: കായിക കേരളത്തിന് മികവുറ്റ സംഭാവന ചെയ്ത ചെറുവാരി മഠത്തിൽ കുടുംബത്തിലെ രണ്ടാമനും പൊലിഞ്ഞു. മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും കേരളാ ടീം അംഗവുമായ സി.എം. തീർത്ഥാനന്ദൻ വിട പറഞ്ഞതോടെ കേരളാ ഫുട്ബോളിന്റെ ലക്ഷണമൊത്ത കളിക്കാരനാണ് കഥാവശേഷനായത്. സ്വരം നന്നാകുമ്പോൾ തന്നെ പാട്ട് നിർത്തണമെന്ന പഴമൊഴിയെ അന്വർത്ഥമാക്കിയാണ് തീർത്ഥാനന്ദൻ കളിക്കളം വിട്ടത്. ഒരു ദശവർഷക്കാലത്തെ മികച്ച ഫോമിൽ ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ പേരെഴുതി ചേർത്താണ് 79 കാരനായ തീർത്ഥാനന്ദൻ വിട ചൊല്ലിയത്. കണ്ണൂർ ബ്രദേഴ്സ് ക്ലബിലൂടെ സഹോദരൻ ചിതാനന്ദനൊപ്പം മിന്നുന്ന പോരാട്ടമാണ് തീർത്ഥാനന്ദൻ നടത്തിയത്. ഇരുവരുടേയും പ്രകടനം കേരളം കടന്ന് കർണ്ണാടകത്തിലെ സർവ്വകലാശാല മത്സരത്തിൽ ശ്രദ്ധേയമായി. മംഗളൂരുവിലെ സെന്റ് അലോഷ്യസ് കോളേജിലൂടെ യൂണിവേഴ്സിറ്റി താരങ്ങളുമായി. മാസങ്ങൾക്കു മുമ്പേ ചിതാനന്ദൻ മരണമടഞ്ഞു. ഡ്യൂറാന്റ് കപ്പ്, ചാക്കോളാ ട്രോഫി, കാലിക്കറ്റ് നാഗ്ജി, മാമ്മൻ മാപ്പിളാ ട്രോഫി, കണ്ണൂർ ശ്രീനാരായണ തുടങ്ങിയ ടൂർണ്ണമെന്റുകളിൽ തിളക്കമാർന്ന പ്

കണ്ണൂർ: കായിക കേരളത്തിന് മികവുറ്റ സംഭാവന ചെയ്ത ചെറുവാരി മഠത്തിൽ കുടുംബത്തിലെ രണ്ടാമനും പൊലിഞ്ഞു. മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും കേരളാ ടീം അംഗവുമായ സി.എം. തീർത്ഥാനന്ദൻ വിട പറഞ്ഞതോടെ കേരളാ ഫുട്ബോളിന്റെ ലക്ഷണമൊത്ത കളിക്കാരനാണ് കഥാവശേഷനായത്. സ്വരം നന്നാകുമ്പോൾ തന്നെ പാട്ട് നിർത്തണമെന്ന പഴമൊഴിയെ അന്വർത്ഥമാക്കിയാണ് തീർത്ഥാനന്ദൻ കളിക്കളം വിട്ടത്.
ഒരു ദശവർഷക്കാലത്തെ മികച്ച ഫോമിൽ ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ പേരെഴുതി ചേർത്താണ് 79 കാരനായ തീർത്ഥാനന്ദൻ വിട ചൊല്ലിയത്. കണ്ണൂർ ബ്രദേഴ്സ് ക്ലബിലൂടെ സഹോദരൻ ചിതാനന്ദനൊപ്പം മിന്നുന്ന പോരാട്ടമാണ് തീർത്ഥാനന്ദൻ നടത്തിയത്. ഇരുവരുടേയും പ്രകടനം കേരളം കടന്ന് കർണ്ണാടകത്തിലെ സർവ്വകലാശാല മത്സരത്തിൽ ശ്രദ്ധേയമായി. മംഗളൂരുവിലെ സെന്റ് അലോഷ്യസ് കോളേജിലൂടെ യൂണിവേഴ്സിറ്റി താരങ്ങളുമായി. മാസങ്ങൾക്കു മുമ്പേ ചിതാനന്ദൻ മരണമടഞ്ഞു.
ഡ്യൂറാന്റ് കപ്പ്, ചാക്കോളാ ട്രോഫി, കാലിക്കറ്റ് നാഗ്ജി, മാമ്മൻ മാപ്പിളാ ട്രോഫി, കണ്ണൂർ ശ്രീനാരായണ തുടങ്ങിയ ടൂർണ്ണമെന്റുകളിൽ തിളക്കമാർന്ന പ്രകടനമാണ് സഹോദരൻ ചിതാനന്ദനൊപ്പം തീർത്ഥാനന്ദൻ കാഴ്ച വെച്ചത്. 20 ാം വയസ്സിൽ സന്തോഷ് ട്രോഫിക്കു വേണ്ടി സഹോദരനൊപ്പം കളിച്ചത് അന്നത്തെ വാർത്താ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1955-1957-58 വർഷങ്ങളിൽ ആന്ധ്ര, കർണ്ണാടക, മൈസൂർ എന്നീ ടീമുകൾക്കെതിരെ കളിച്ചപ്പോൾ തന്നെ തീർത്ഥാനന്ദൻ ഫുട്ബോളിൽ മികവ് തെളിയിച്ചു കഴിഞ്ഞിരുന്നു. മുബൈ കാൽടെക്സ് പെട്രോളിയം കമ്പനി അതോടെ തീർത്ഥാനന്ദനിൽ കണ്ണുവെക്കുകയും അധികം താമസിയാതെ തീർത്ഥാനന്ദൻ കാൽടെക്സിലെത്തുകയും ചെയ്തു. അവിടേയും ഫുട്ബോളിൽ തീർത്ഥാനന്ദൻ പ്രതിഭ തെളിയിച്ചു.
1961 മുതൽ 64 വരെ റോവേഴ്സ് കപ്പും ചാക്കോളാ ട്രോഫിയും നേടിയെടുത്തത് ലഫ്റ്റ് ഹാഫിൽ കളിച്ച തീർത്ഥാനന്ദന്റെ ശ്രമ ഫലം കൂടിയായിരുന്നു. ഏഴ് ഒളിമ്പ്യന്മാരോടൊപ്പം കളിക്കളത്തിൽ നിറഞ്ഞു നിന്നു കളിച്ചു എന്ന ബഹുമതിയും തീർത്ഥാനന്ദന് സ്വന്തം. പെനാൽറ്റി സ്പെഷലിസ്റ്റ് എന്ന പേരിലും കളിക്കാരുടേയും ഫുട്ബോൾ പ്രേമികളുടേയും ഇടയിൽ തീർത്ഥാനന്ദൻ അറിയപ്പെട്ടിരുന്നു. തീർത്ഥാനന്ദന്റെ പ്രകടനത്തിൽ റഷ്യൻ കോച്ചായ സെവാസ്റ്റിയനോവിന്റെ പ്രശംസക്കും പാത്രമായി. ഒരു ദശവർഷക്കാലം കൊണ്ട് തന്നെ കളിക്കളത്തിൽ നേടാവുന്നതെല്ലാം നേടിയാണ് തീർത്ഥാനന്ദൻ കളിക്കളം വിട്ടത്. ഫുട്ബോളിനെ അതിരുകവിഞ്ഞ് പ്രണയിച്ച തീർത്ഥാനന്ദൻ വിവാഹം പോലും മറന്നു പോയിരുന്നു.
ചെറുവാരി മഠത്തിൽ കുടുംബത്തിലെ എല്ലാവരും കായിക പ്രേമികളായിരുന്നുവെങ്കിലും കളിക്കളത്തിൽ പേരെടുത്തത് പ്രധാനമായും മൂന്ന് പേരാണ്. സി.എം. തീർത്ഥാനന്ദനും സി.എം. ചിതാനന്ദനും ഫുട്ബോൾ രംഗത്ത് പ്രശസ്തരായപ്പോൾ മറ്റൊരു സഹോദരൻ സി.എം. അശോക് ശേഖർ ക്രിക്കറ്റിലായിരുന്നു താരമായത്. മുൻ കേരളാ രഞ്ജി നായകൻ കൂടിയായിരുന്നു അശോക് ശേഖർ. കളിക്കളത്തിൽ നിന്നും ജീവിതത്തിൽ നിന്നും ഫുട്ബോൾ താരങ്ങളായ രണ്ടു പേരും പടിയിറങ്ങി. ശ്രദ്ധേയമായ മറ്റൊരു താരം ഇനി തനിച്ചാണ്.
ക്രിക്കറ്റിന്റേയും ഫുട്ബോളിന്റേയും ഗതി വിഗതികളിൽ നിർണ്ണായക ചർച്ചകൾ നടക്കുന്ന ചെറുവാരി മഠത്തിൽ കുടുംബത്തിൽ ഈ വിയോഗം തീരാ നഷ്ടമാണ്. മറ്റ് സഹോദരങ്ങൾ മീറാ, അജയൻ, പുഷ്പ. സംസ്‌ക്കാരം നാളെ കണ്ണൂർ പയ്യാമ്പലത്ത്.

