തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ വാനമ്പാടിയാണ് ലതാ മങ്കേഷ്‌കർ. സ്‌നേഹവും പ്രണയവും വാൽസല്യവും ഭക്തിയും വേദനയും എല്ലാം ആ നാദത്തിലൂടെ മലയാളി തൊട്ടറിഞ്ഞു. പല വികാരങ്ങളാണ് ആ ഗാനങ്ങൾ പകർന്ന് നൽകിയത്. ലതാ മങ്കേഷ്‌കറിന്റെ കീർത്തി ഇന്ത്യയ്ക്ക് പുറത്തേക്കും നീണ്ടു. ഏഴു പതിറ്റാണ്ടുകൾ ഗാനശാഖയെ വിസ്മയിപ്പിച്ച ഗായിക. ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങളിൽ ആകൃഷ്ടയായി മലയാളത്തിലേക്ക് എത്തിയ കെ എസ് ചിത്ര. ഇന്ന് മലയാളിയുടെ വാനമ്പാടിയാണ് ചിത്ര. ഈ ചിത്രയ്ക്ക് ആത്മവിശ്വാസം നൽകിയതും പാട്ടിലേക്ക് വീണ്ടും അടുപ്പിച്ചതും ലതാ മങ്കേഷ്‌കറായിരുന്നു. വ്യക്തിപരമായ ആ ദുഃഖം ചിത്ര മറന്നത് ലതാ മങ്കേഷ്‌കറിന്റെ ആശ്വാസ വാക്കുകളിലൂടെയായിരുന്നു.

ഈ ആശംസകൾക്ക് നന്ദി. അമൂല്യമാണ് ഈ വാക്കുകൾ....കെ.എസ്.ചിത്രയോട് ലതാ മങ്കേഷ്‌കർ പറഞ്ഞതാണിത്. മലയാളത്തിന്റെ വാനമ്പാടി പിറന്നാൾ ആശംസകൾ നേർന്നപ്പോഴാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായിക തീർത്തും പ്രതീക്ഷിക്കാത്ത മറുപടി നൽകിയത്. ലതാ മങ്കേഷ്‌കറിന്റെ ഏറ്റവും പ്രശസ്ത ഗാനങ്ങളിലൊന്ന് ചിത്ര പാടുന്നതിന്റെ ഓഡിയോയും ആ ആശംസയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഈ ബന്ധമാണ് പിന്നീട് ചിത്രയ്ക്ക് മാനസിക കരുത്തായി മാറിയത്. മലയാളത്തിലെ വാനമ്പാടിയായി മാറിയപ്പോഴും ലതാ മങ്കേഷ്‌കറിനെ നേരിൽ കാണാൻ ചിത്രയ്ക്ക് കഴിഞ്ഞിരുന്നില്ല. എസ് പി ബാലസുബ്രഹ്മണ്യമാണ് ഇതിന് അവസരമൊരുങ്ങിക്കിയത്. അന്ന് ലതാ മങ്കേഷ്‌കറുമായി ചിത്രമെടുത്തു. ബാലസുബ്രഹ്മണ്യം ചിത്രയെ പരിചയപ്പെടുത്തി. പേരും ശബ്ദവും കേട്ടിട്ടുണ്ടെന്നായിരുന്നു മറുപടി.

പിന്നീട് ലതയുടെ ഒരു പിറന്നാൾ ദിനത്തിൽ പാട്ടുപാടി. അതിന് ശേഷം വീണ്ടുമൊരു കൂടിക്കാഴ്ച. പിറന്നാൾ ദിനത്തിൽ ലതാ മങ്കേഷ്‌കറിന് ആദരവ് അർപ്പിച്ച് പാടി പാട്ട് ഭർത്താവാണ് ലതാ മങ്കേഷ്‌കറിന് അയച്ചത്. അതു കേട്ട് ചിത്രയെ അവർ വിളിച്ചു. കത്തെഴുതാൻ കഴിയാത്തതു കൊണ്ടാണ് ഫോളിലെ വിളിയെന്ന് ഓർമ്മിപ്പിച്ചു. പിന്നീട് ചിത്ര ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടു. കാത്തിരുന്ന ലഭിച്ച മകൾ അപകടത്തിൽ മരിച്ചു. പിന്നീട് എല്ലാം നഷ്ടമായി എന്ന് കരുതി ചിത്ര വീട്ടിലേക്ക് ഒതുങ്ങി. അപ്പോഴേക്കും വീണ്ടും വാനമ്പാടിയുടെ വിളിയെത്തി. താനുമായി ബന്ധപ്പെട്ട അവാർഡ് ചടങ്ങിൽ എത്തണമെന്ന നിർദ്ദേശവുമായി.

തന്റെ വേദനയും ദുഃഖവും ചിത്ര പങ്കുവച്ചു. പക്ഷേ വീട്ടിൽ ഒതുങ്ങരുതെന്നും സംഗീതമാകണം ജീവിതമെന്നും ലത ഉപദേശിച്ചു. അങ്ങനെ മലയാളത്തിന്റെ വാനമ്പാടി വീണ്ടും പുറത്തേക്ക് വന്നു. പിന്നേയും അത്ഭുതങ്ങൾ ചിത്രയുടെ സ്വരമാധുരി ഗാന ലോകത്തിന് നൽകി. ലതാ മങ്കേഷ്‌കർ വിടവാങ്ങുമ്പോൾ അന്ന് തന്നെ വിളിച്ചതും തന്നെ ആത്മവിശ്വാസവും ചിത്രയ്ക്ക് മറക്കാനാകില്ല. ഇന്ത്യൻ വാനമ്പാടിയുടെ മടക്കം അങ്ങനെ ചിത്രയ്ക്ക് മാതൃസ്‌നേഹത്തിന്റെ നഷ്ടം കൂടിയാണ്. കുട്ടിക്കാലത്ത് ലതയുടെ ഭക്തിഗാനങ്ങൾ കേട്ടു വളർന്ന ചിത്രയും ഇന്ന് വേദനയിലാണ്.

എന്നും ചിരിക്കുന്നൊരു സ്വരഭംഗിയാണ് കെ.എസ്.ചിത്ര. അവരുടെ പാട്ടുകൾ പോലെ മനോഹരമായ വ്യക്തിത്വം. അവർ പാടാനെത്തുന്ന വേദികൾ അവിസ്മരണീയമാകുന്നതും അതുകൊണ്ടാണ്. ആരാധകർക്കു മാത്രമല്ല സംഗീത ലോകത്തിനും അതുതന്നെയാണ് അഭിപ്രായം. സമൂഹ മാധ്യമത്തിൽ സജീവമായ ചിത്ര തന്റെ സഹപ്രവർത്തകരുടെ പിറന്നാൾ ദിനത്തിലെല്ലാം ആശംസയുമായി എത്താറുണ്ട്.

ലതാജിയുടെ ആ ഫോൺ കോളിനെ പറ്റി ചിത്ര പറഞ്ഞത്

അവരോടുള്ള ആരാധനയുടെയും ആദരവിന്റെയും പ്രതീകമെന്ന നിലയിൽ ലതാജിയുടെ 80ാം ജന്മവാർഷികത്തിൽ ഞങ്ങൾ 'നൈറ്റിംഗേൽ' എന്നൊരു ആൽബം നിർമ്മിച്ചു. ലതാജിയുടെ ചില പാട്ടുകൾ പാടാൻ ഞാൻ നടത്തിയ ശ്രമം എന്നേ അതേപ്പറ്റി പറയുന്നുള്ളൂ. ആൽബം എന്റെ ഭർത്താവ് വിജയൻ ചേട്ടനു വളരെ ഇഷ്ടപ്പെട്ടു. അതു ലതാ മങ്കേഷ്‌കർക്ക് അയച്ചുകൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എനിക്കതിൽ വലിയ താൽപര്യം തോന്നിയില്ല. അവരുടെ പാട്ടുകൾ എത്രയോ പേർ പാടിയിരിക്കുന്നു, എത്രയോ ആൽബങ്ങൾ പുറത്തു വന്നിരിക്കുന്നു. ഞാൻ അയച്ചുകൊടുക്കുന്ന ആൽബം അവർ ശ്രദ്ധിക്കുമെന്ന പ്രതീക്ഷപോലും എനിക്കില്ലായിരുന്നു. പക്ഷേ, വിജയൻ ചേട്ടൻ അവരുടെ വിലാസത്തിൽ ആൽബം അയച്ചു. ഒരു ദിവസം വീട്ടിലിരിക്കുമ്പോൾ എന്റെ അനന്തരവൾ ലക്ഷ്മി എന്നെ വിളിച്ചു പറഞ്ഞു: 'ഒരു ഫോൺ കോളുണ്ട്. പ്ലേബാക്ക് സിങ്ങർ ലതയാണെന്നു പറഞ്ഞു'. ഞാനതു വലിയ കാര്യമായെടുത്തില്ല. ഏതെങ്കിലും ആരാധകരാവും എന്നാണു കരുതിയത്. സ്വന്തം പേരു പറഞ്ഞു വിളിച്ചാൽ ഫോൺ എടുക്കില്ലെന്നു കരുതി പ്രമുഖരുടെ പേരു പറഞ്ഞു വിളിക്കുന്നവരുണ്ട്. 'പ്ലേബാക്ക് സിങ്ങർ ലത' എന്ന പേരിൽ വിളിക്കുന്നതാരാവും? എനിക്കു ചിരിയാണ് വന്നത്.

'പോടീ, മണ്ടത്തരം പറയാതെ.' ഞാൻ പറഞ്ഞു.
'ഒന്നെടുത്തു നോക്ക്, ആരാണെന്ന് അറിയാമല്ലോ.' ലക്ഷ്മി നിർബന്ധിച്ചു.
ഫോണെടുത്തതും സംഭാഷണം കേട്ടു ഞാൻ അമ്പരന്നു.
'ചിത്രാജി, ലതാജി വാണ്ട്‌സ് ടു ടോക്ക് ടു യു' ലതാജിക്ക് എന്നോടു സംസാരിക്കണമത്രെ.
ഞാൻ അവിശ്വാസത്തോടെ ഫോൺ പിടിച്ചുനിന്നു. അങ്ങേത്തലയ്ക്കൽനിന്നു പട്ടുപോലെ ഒരു ശബ്ദം.
'ചിത്രാജീ, ആപ്കാ റെക്കോർഡ് മിലാ. ബീമാർ ഹോനെ കേലിയെ ലിഖ്‌നേ നഹി സക്താ.'
അയച്ച ആൽബം കിട്ടി. സുഖമില്ലാത്തതിനാൽ മറുപടി അയയ്ക്കാൻ കഴിഞ്ഞില്ലെന്ന ക്ഷമാപണം. പറയുന്നതു സാക്ഷാൽ ലതാ മങ്കേഷ്‌ക്കർ!
'താങ്ക് യു, ദീദി, താങ്ക് യു ദീദി.' അത്രമാത്രം പറയാനേ എനിക്കു കഴിഞ്ഞുള്ളൂ. എന്റെ ശബ്ദം തൊണ്ടയിൽ കിടന്നു വിറച്ചു. ശബ്ദം പുറത്തു വരാത്ത അവസ്ഥ. കുറേനേരം ഫോൺ പിടിച്ചുകൊണ്ടു ശിലപോലെ ഞാൻ നിന്നു. അവർ ആൽബത്തിലെ പാട്ടുകളെപ്പറ്റി പറഞ്ഞു. എനിക്ക് ഒന്നും കേൾക്കാൻ പോലും പറ്റുന്നില്ലെന്നു തോന്നി. അൽപം കഴിഞ്ഞ് അങ്ങേത്തലയ്ക്കലെ ശബ്ദം നിലച്ചു. ഫോൺ എന്റെ കയ്യിൽനിന്നു താഴേക്കു വീഴുകയായിരുന്നു.

എനിക്കു വിശ്വസിക്കാനായില്ല, അഭിനന്ദനം അറിയിക്കാൻ ലതാ മങ്കേഷ്‌കർ എന്നെ നേരിട്ടു വിളിച്ചിരിക്കുന്നു. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരത്തേക്കാൾ വിലയുള്ള ഫോൺ കോൾ!