കണ്ണൂർ: തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോഴും സി പി എം ജാതീയാക്രമണങ്ങൾ നടത്തിയപ്പോഴും തളരാതെ പോരാടിയ ചിത്രലേഖയുടെ ജീവിതം സിനിമയാകുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിൽ അവരുടെ ജാതിവിവേചനത്തിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ ദലിത് വനിതാ ഓട്ടോഡ്രൈവറാണ് ചിത്രലേഖ. ആ ധീര വനിതയുടെ കഥ വെള്ളിത്തിരയിലെത്തിക്കുന്നത് ബ്രിട്ടീഷ് ചലച്ചിത്ര പ്രവർത്തകൻ ഫ്രെയ്സർ സ്‌കോട്ടാണ്.

പ്രമുഖ ബോളിവുഡ് സംവിധായകൻ ശേഖർ ഗുപ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് ചിത്രലേഖ വീണ്ടും വാർത്തകളിൽ നിറയുന്നത്. സംവിധായകൻ സ്‌കോട്ടിനോടുള്ള ഫോട്ടോ ഷെയർ ചെയ്ത് 'ഫൂലൻദേവിയോളം ധീരയായ വനിത' എന്നാണ് ശേഖർ ഗുപ്ത ചിത്രലേഖയെ വിശേഷിപ്പിച്ചത്.

ചിത്രലേഖയുടെ കഥ ഹിന്ദിയിൽ നിർമ്മിക്കാനാണ് സ്‌കോട്ടിന്റെ ശ്രമം. ചിത്രലേഖയായി ബോളിവുഡിന്റെ സൂപ്പർ നായിക വിദ്യാബാലൻ എത്തുമെന്നാണ് പുതിയ വിവരം.

'നിർമ്മാതാക്കളാവും സംവിധായകനെ തീരുമാനിക്കുക. ശേഖർ കപൂറിനെപ്പോലൊരു പ്രമുഖ സംവിധായകൻ കഥയെ സമൂഹമാധ്യമത്തിലൂടെ പ്രകീർത്തിച്ചതു വലിയ പ്രോത്സാഹനമാണ്. ചിത്രലേഖ എന്നു തന്നെയാണു നായികാകഥാപാത്രത്തിന്റെ പേര്. ചിത്രലേഖയാവാൻ ബോളിവുഡ് താരം വിദ്യാബാലൻ എത്തുമെന്നാണു പ്രതീക്ഷ. വിദ്യയുടെ ഭർത്താവ് സിദ്ധാർഥ് റോയ് കപൂറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം വലിയ താൽപര്യം പ്രകടിപ്പിക്കുകയും വിദ്യയുമായി ബന്ധപ്പെടാൻ അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്. തിരക്കഥ പൂർത്തിയായ ശേഷമേ വിദ്യയുമായി സംസാരിക്കുന്നുള്ളൂ' ഫ്രെയ്‌സർ സ്‌കോട്ട് പറഞ്ഞു.

മുംബൈയിലെ നാലു വൻകിട നിർമ്മാണക്കമ്പനികളുമായി സംസാരിച്ചിട്ടുണ്ട്. തിരക്കഥ പൂർത്തിയാക്കിയ ശേഷം തുടർചർച്ച ആവാമെന്നാണ് അവർ അറിയിച്ചിരിക്കുന്നതെന്നും സ്‌കോട്ട് പറഞ്ഞു.

ഗൂഗിൾ സെർച്ചിനിടെയാണ് ചിത്രലേഖയുടെ പോരാട്ടം ഫ്രെയ്സർ സ്‌കോട്ടിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ചിത്രലേഖയുമായും നിർമ്മാണ കമ്പനികളുമായും ആലോചിച്ച് അവരുടെ ആസ്പദമാക്കിയുള്ള തിരക്കഥയുടെ നിർമ്മാണവും ആരംഭിച്ചു.

2015-ലാണ് പയ്യന്നൂർ എടാട്ട് സ്വദേശിനിയായ ചിത്രലേഖ സിപിഎം, സിഐടിയു പ്രവർത്തകരുടെ സാമൂഹിക ബഹിഷ്‌കരണങ്ങളിൽ നിന്നും ജാതീയാക്രമണങ്ങളിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കളക്റ്റ്രേറ്റിന് മുന്നിൽ 122 ദിവസം നിരാഹാര സമരം നടത്തിയത്. അന്ന് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാർ ചിത്രലേഖയ്ക്ക് വീടുവെയ്ക്കാൻ അഞ്ചു ലക്ഷം നൽകാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഇത് റദ്ദാക്കി.

2005 ൽ ഒരു ഓട്ടോ വാങ്ങിയതോടെയാണ് ചിത്രലേഖയുടെ ജീവിതം മാറിമറിഞ്ഞത്. എടാട്ട് ഓട്ടോ സ്റ്റാൻഡിലേക്ക് ഓട്ടോ ഓടിച്ചത്തെിയ ദലിത് യുവതിയെ 'പുലച്ചിയും ഓട്ടോ ഓടിക്കുകയോ' എന്ന പരിഹാസവുമായി സിഐടി.യു അംഗങ്ങളായ ഓട്ടോ ഡ്രൈവർമാർ തടയുകയും ഇവരെ ഓട്ടോ ക്യൂവിൽ നിന്ന് അകറ്റുകയും ചെയ്യുകയായിരുന്നു, തുടർന്ന് ചിത്രലേഖയ്ക്ക് ഫോൺ മുഖേനെ ട്രിപ്പുകൾ കിട്ടാൻ തുടങ്ങിയത് അവരെ പ്രകോപിപ്പിച്ചു. ഓട്ടോ തകർത്തു.

ഓട്ടോ ഇല്ലാതായതോടെ ചിത്രലേഖ പായമെടഞ്ഞ് ജീവിക്കാൻ തുടങ്ങി. എന്നാൽ, എതിരാളികൾ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. ചിത്രലേഖയുടെ ഭർത്താവ് ശ്രീഷ്‌കാന്തിനെ കൊല്ലാൻ ശ്രമിച്ചു. അനുജത്തിയുടെ ഭർത്താവിന് വെട്ടേറ്റു.മൂന്നുതവണ വീടുപൊളിച്ചു. നാലുതവണ ആക്രമിച്ചു. പരാതി നൽകിയ ചിത്രലേഖയും ഭർത്താവും കേസിൽ പ്രതികളായി. ചിത്രലേഖക്കും ഭർത്താവിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഇതേതുടർന്ന് ശ്രീഷ്‌കാന്ത് 32 ദിവസം ജയിലിലായി. ചിത്രലേഖക്ക് ഹൈക്കോടതി ജാമ്യം നൽകി.കുടുംബത്തിന് സർക്കാർ അനുവദിച്ച ടോയ്ലറ്റിന്റെ തുക പോലും എതിരാളികൾ തടഞ്ഞുവെപ്പിച്ചു. ഇതിനെ എതിർത്തതിന് ഉദ്യോഗസ്ഥൻ പരാതി നൽകിയതിനെ തുടർന്ന് ഈ കേസിൽ ചിത്രലേഖ ജയിലിലായി. ഭർത്താവിനെ ഗുണ്ടാലിസ്റ്റിൽപ്പെടുത്തുകയും ചെയ്തു.

2013-ൽ ഒരാഴ്ചയും 2014-ൽ 122 ദിവസവും കണ്ണൂർ കളക്ടറേറ്റിനു മുൻപിൽ സമരമിരുന്നു. ഒടുവിൽ വലിയന്നൂരിൽ ജനവാസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലം വീടുവെക്കാനായി നൽകി. ഇതിനെതിരേ 2016 ജനുവരി അഞ്ച് മുതൽ 47 ദിവസം സെക്രട്ടേറിയറ്റിനുമുന്നിലും സമരം തുടർന്നു. ഒടുവിലാണ് കാട്ടാമ്പള്ളിയിൽ സ്ഥലമനുവദിച്ച് സർക്കാർ ഉത്തരവായത്.