- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന് കേന്ദ്ര സർക്കാരിൽ ജോലി വാങ്ങിത്തരാം പക്ഷേ ഇസ്ലാമിലേക്ക് പോകരുതെന്ന് ഹിന്ദു ഐക്യവേദി; ക്രിസ്തുമതത്തിലേക്ക് പോയ്ക്കുടെ എന്ന് ഇന്റലിജൻസ് എസ്ഐ; രണ്ടു പ്രാവശ്യം ഇന്റലിജൻസ് വിളിച്ചുവെന്നും 'സഖാവ് ആഭ്യന്തരത്തിന് എന്തു കരുതലാ' എന്നും വിവാദ നായിക ഫേസ്ബുക്കിൽ; സിപിഎമ്മിന്റെ വേട്ടയാടൽ കാരണം ഇസ്ലാം സ്വീകരിക്കുന്ന ചിത്രലേഖക്കുവേണ്ടി ഇപ്പോൾ പിടിവലി
കണ്ണൂർ: സിപിഎമ്മിന്റെ രണ്ടുപതിറ്റാണ്ടുകൾ നീണ്ടുനിന്ന ജാതിവിവേചനത്തിലും വേട്ടയാടലിലും മനം മടുത്ത് ഇസ്ലാമിലേക്ക് മാറുകയാണെന്ന് പ്രഖ്യപിച്ച, കണ്ണൂരിലെ ദലിത് സാമൂഹിക പ്രവർത്തക ചിത്രലേഖയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ചിത്രലേഖയുടെ മതം മാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്നും അവർ പണവും വീടും സംരക്ഷണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നേരത്തെ ഏഷ്യാനെറ്റിന്റെ സ്റ്റിങ്ങ് ഓപ്പറേഷനിൽ വെളിപ്പെട്ടത് വൻ വിവാദമായിരുന്നു. ഇപ്പോൾ ഹിന്ദു ഐക്യവേദിയുടെയും ഇന്റലിജൻസ് അധികൃതരുടെയും പേരിലാണ് വിവാദം കൊഴുക്കുന്നത്.
ഹിന്ദുഐക്യവേദി മകന് കേന്ദ്രത്തിൽ ജോയിവാങ്ങിത്തെരാമെന്ന് ഹിന്ദുഐക്യവേദി പറഞ്ഞിതായി അവർ ഒരു ഓൺലൈൻ മാധ്യമത്തിൽ കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഇന്റലിജൻസ് ഓഫീസർമാരും ഇപ്പോൾ അവരുടെ വീട്ടിൽ എത്തിയിട്ടുണ്ട്. അതായത് ഇസ്ലാമിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ ചിത്രലേഖക്കുവേണ്ടി ഇപ്പോൾ പിടിവലിയാണ്.
ജോലിവാങ്ങിത്തരാമെന്ന് സംഘപരിവാർ
ചിത്രലേഖയ്ക്ക് ആർഎസ്എസ്- ഹിന്ദു ഐക്യവേദി- ബിജെപി നേതാക്കളുടെ ഭീഷണിയൂണ്ടെന്നും പരാതിയുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് നാലു മണിയോടെ വീട്ടിലെത്തി സംഘപരിവാർ ജില്ലാ നേതാക്കൾ നിങ്ങൾ ഇസ്ലാമിലേക്ക് മതം മാറരുത് എന്നും അങ്ങനെയുണ്ടായാൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടവരുമെന്നും പറഞ്ഞതായല ചിത്രലേഖ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എസ്ഡിപിഐയിലേക്ക് പോവരുതെന്നും അവർ പറഞ്ഞു. എന്നാൽ മതമേതാ സംഘടനകളേതാ എന്നു പോലും നിങ്ങൾക്കറിയില്ലേ എന്ന് താൻ തിരിച്ചു ചോദിച്ചതായും ചിത്രലേഖ പറഞ്ഞു.
എസ്ഡിപിഐയിലേക്ക് പോകാൻ തനിക്ക് മതം മാറേണ്ടതില്ല. കാരണം അതൊരു രാഷ്ട്രീയ പാർട്ടിയാണ്. താൻ ഇസ്ലാം സ്വീകരിക്കാൻ പോവുന്നു എന്ന് അറിഞ്ഞപ്പോഴേക്കും നിങ്ങളെന്തിനാണ് വെറളി പിടിക്കുന്നതെന്നും താൻ അവരോട് ചോദിച്ചതായി ചിത്രലേഖ വ്യക്തമാക്കി. മകന്റെ ലൈസൻസ് അയച്ചു തരൂ, കേന്ദ്ര സർക്കാരിൽ ജോലി വാങ്ങിത്തരാമെന്ന ഓഫറും അവർ വച്ചു. എന്നാൽ അതെല്ലാം തങ്ങൾ നിരസിച്ചു. രണ്ട് സ്ത്രീകളും നാലു പുരുഷന്മാരുമാണ് വന്നതെന്നും ചിത്രലേഖ പറയുന്നു.
ഇപ്പോൾ ആഭ്യന്തരത്തിന് എന്ത് കരുതൽ
ഇന്റലിജൻസ് ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നതായി ചിത്രലേഖ പറയുന്നു. ഒരു എസ്ഐയും ഡ്രൈവറും കോൺസ്റ്റബിളുമാണ് വന്നത്. നിങ്ങൾക്ക് ക്രിസ്തു മതത്തിൽ പോയ്ക്കൂടായിരുന്നോ എന്നാണ് അദ്ദേഹം തന്നോട് ചോദിച്ചതെന്നും ചിത്രലേഖ പറഞ്ഞു. എന്തുകൊണ്ടാണ് ഇസ്ലാമിലേക്ക് പോവുന്നത്, എന്നും ഉദ്യോഗസ്ഥൻ ചോദിച്ചു. എന്നാൽ ഏത് മതം തെരഞ്ഞെടുക്കണം എന്നത് തന്റെ അവകാശമല്ലേ എന്ന് താൻ തിരിച്ചു ചോദിച്ചു. അതെയെന്ന് മറുപടി. ഇതോടെ, എന്നാൽ പിന്നെയെന്തിനാണ് ഇങ്ങനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന് താൻ ചോദിച്ചപ്പോൾ അത് തങ്ങളുടെ ഡ്യൂട്ടിയാണെന്നായിരുന്നു മറുപടി.
നേരത്തെ, തന്നെ രണ്ട് തവണ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിളിച്ച് മതംമാറ്റത്തെ കുറിച്ച് ചോദിച്ചറിഞ്ഞതായി ചിത്രലേഖ വെളിപ്പെടുത്തിയിരുന്നു. ക്രിസ്തുമതത്തിലേക്കും ഹിന്ദു മതത്തിലേക്കുമൊക്കെ മാറുന്ന എത്രയോ പേരുണ്ട്, അവരെയൊക്കെ ഇന്റലിജൻസ് വിളിക്കാറുണ്ടോയെന്നും ചിത്രലേഖ ചോദിക്കുന്നു. തന്റെ വീട്ടിലുള്ളവരുടെയെല്ലാം പേരും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥൻ, അവരെല്ലാവരും മതം മാറുന്നുണ്ടോ, അവരുടെ അഭിപ്രായം എന്താണെന്നും ആരെങ്കിലും നിങ്ങളെ സമീപിച്ചോ എന്നും അന്വേഷിച്ചിരുന്നു. അപ്പോൾ, എനിക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമില്ലേ എന്ന് താൻ തിരിച്ചു ചോദിച്ചെന്നും ചിത്രലേഖ പറയുന്നു. 'എന്നെ ഇന്ന് രണ്ടുപ്രാവശ്യം ഇന്റലിജൻസ് വിളിച്ചു ഞാൻ ഇസ്ലാം സ്വീകരിക്കുന്നു എന്ന ആലോചനയിൽ എന്ന് പറഞ്ഞപ്പോ തന്നെ സഖാവ് ആഭ്യന്തരത്തിന് എന്തു കരുതലാ' എന്ന് ചിത്രലേഖ ഫേസ്ബുക്കിലും ചോദിക്കുന്നുണ്ട്.
പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് ആരോപണം
കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖ ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതിന്റെ പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ ആണെന്നതിന്റെ തെളിവ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം നടത്തിയതുകൊണ്ടാണ് മതം മാറാൻ തീരുമാനിച്ചതെന്ന് ചിത്രലേഖ ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറയിൽ വെളിപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് നേതാക്കൾ രണ്ടു തവണ വീട്ടിലെത്തി ചർച്ച നടത്തിയെന്നും മതം മാറ്റ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ചിത്രലേഖ വ്യക്തമാക്കുന്നു.സിപിഎമ്മിൽ നിന്നുള്ള ആക്രമണവും ജാതി വിവേചനവും കാരണം ഇസ്ലാം മതത്തിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് വിശദാംശങ്ങൾ ചോദിക്കാൻ ചിത്രലേഖയുടെ വീട്ടിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്. ഇന്റർവ്യൂവിന് ശേഷമുള്ള സംഭാഷണത്തിൽ അവർ സ്വകാര്യമായി വെളിപ്പെടുത്തിയ കാര്യങ്ങൾ രഹസ്യ ക്യാമറയിൽ ഞങ്ങൾ പകർത്തി. മതം മാറിയാൽ വീടും ജോലിയും സാമ്പത്തിക സഹായവും ചെയ്തുതരാമെന്ന പോപ്പുലർ ഫ്രണ്ട് വാഗ്ദാനം ചെയ്തെന്ന് ചിത്രലേഖ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാഹനം ഇങ്ങോട്ടെക്ക് വന്നിട്ടുണ്ടെന്നറിഞ്ഞ് അപ്പഴേക്കും എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രലേഖയുടെ വീട്ടിൽ വന്ന് ചർച്ച നടത്തിയ പോപ്പുലർ ഫ്രണ്ട് കാട്ടാംപള്ളി ഏരിയ പ്രസിഡന് നവാസ് നായ്കും എസ്ഡിപിഐ അഴീക്കോട് മണ്ഡലം സെക്രട്ടറി നവാസ് ടികെയുമാണ് ഞങ്ങളോട് സംസാരിച്ചത്. ചർച്ച നടത്തിയ കാര്യം നിഷേധിച്ച ഇവർ ചിത്രലേഖ ഇസ്ലാം മതത്തിലേക്ക് വന്നാൽ പ്രാദേശികമായി സംരക്ഷണം നൽകുമെന്ന് അറിയിച്ചു. അതേ സമയം ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നിൽ തങ്ങളല്ലെന്നാണ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വങ്ങളുടെയും പ്രതികരണം.
കഴിഞ്ഞദിവസമാണ് താൻ ഇസ്ലാം സ്വീകരിക്കാൻ ആലോചിക്കുന്നതായി ചിത്രലേഖ വെളിപ്പെടുത്തിയത്. സിപിഎമ്മിന്റെ ജാതിവിവേചനവും ആക്രമണവും തുടരുന്നതു കൊണ്ടാണ് ഇസ്ലാം സ്വീകരിക്കാൻ ആലോചിക്കുന്നതെന്ന് ചിത്രലേഖ പറഞ്ഞിരുന്നു. 20 വർഷത്തോളം സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടിയെങ്കിലും ഇനിയും പിടിച്ചുനിൽക്കാൻ കഴിയാത്തതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനൊരു തീരുമാനത്തിലേക്കെത്തിയതെന്നും ചിത്രലേഖ പറഞ്ഞിരുന്നു.
ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായി.പുലയ സ്ത്രീയായി ജനിച്ചതുകൊണ്ടും സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ ജാതിവിവേചനത്തെ ചോദ്യം ചെയ്തതു കൊണ്ടും തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം ആക്രമിക്കപ്പെടുകയും ജനിച്ച നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വരികയും ചെയ്ത തന്നെ പുതിയ സ്ഥലത്തും ജീവിക്കാൻ സമ്മതിക്കാതെ സിപിഐഎം അതിക്രമങ്ങൾ തുടരുകയാണെന്നും ചിത്രലേഖ വ്യക്തമാക്കിയിരുന്നു.
സുരക്ഷിതത്വവും നിർഭയത്വവും ഇസ്ലാമിലാണെന്ന് മനസിലാക്കിയാണ് ഇങ്ങനൊരു തീരുമാനമെന്നും ചിത്രലേഖ പറഞ്ഞിരുന്നു. ജാതിവിവേചനമില്ലാതെ എല്ലാവരേയും തുല്യരായി കാണുന്ന മതമാണ് ഇസ്ലാം. ഞാനും ഭർത്താവ് ശ്രീശ്കാന്തുമാണ് ഇസ്ലാം സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ