തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധം ശക്തമാകുമ്പോൾ സമരക്കാർ ഉയർത്തുന്ന ശരണം വിളി മുദ്രാവാക്യങ്ങൾക്കിടയിൽ ഉയരുന്ന വാദപ്രതിവാതങ്ങളും ചർച്ചയാകുകയാണ്. പ്രത്യേകിച്ചും സ്ത്രീകളെ അണിനിരത്തിക്കൊണ്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ സ്ത്രീകൾ പോലും പറയാൻ മടിക്കുന്ന പരാമർശങ്ങൾ ഉയരുന്നു എന്നാണ് ആരോപണം. തലസ്ഥാനത്ത് മഹിളാ മോർച്ച നടത്തിയ പ്രതിഷേധത്തിനിടെ ശരണം വിളി മുദ്രാവാക്യം ഉയർത്തിക്കൊണ്ട് എതിർപാർട്ടിക്കാരുടെ ഫ്‌ളക്‌സുകൾ നശിപ്പിക്കുന്ന യുവതികളുടെ ആവേശം സമരാനുകൂലികൾ ഏറ്റെടുത്ത് വിവാദമാക്കിയതിന് പിന്നാലെയാണ് ആക്ഷേപ പരാമർശങ്ങളെ കുറിച്ച് വിമർശനമുയരുന്നത്.

സ്വതവേ ആവേശ പ്രസംഗത്തിന്റെ വക്താവായ ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ നടത്തിയ കോണകപരാമർശം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിച്ചുകഴിഞ്ഞു. സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിന് അനുകൂലമായ നിലപാടെടുക്കുന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരായി കടുത്ത വിമർശനം ഉന്നയിക്കാനായാണ് ശോഭാസുരേന്ദ്രൻ പിണറായി വിജയന്റെ കോണകം എന്ന പരാമർശം നടത്തിയത്. ഈ പ്രയോഗത്തിലെ അശ്ലീലവും ആക്ഷേപവും ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.

പ്രതിഷേധ സമരങ്ങളുടെ നേതൃത്വത്തിലുള്ള മഹിളാമോർച്ചയുടെ ദേവസ്വം ബോർഡ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ശോഭാസുരേന്ദ്രന്റെ പ്രസംഗം. റിവ്യൂ പെറ്റീഷൻ കൊടുക്കാൻ കഴിയാത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് പിണറായി വിജയന്റെ കോണകം കഴുകാൻ പോകുന്നതാണ് നല്ലത് എന്ന് ആവേശപ്രസംഗത്തിനിടെ ശോഭാസുരേന്ദ്രൻ ആഹ്വാനം ചെയ്തു. ഇതോടെ കോണകപരാമർശം ചാനലുകളിലെ രാഷ്ട്രീയ ഹാസ്യവിമർശനപരിപാടികളും ഏറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രത്തിൽ ശോഭാസുരേന്ദ്രന്റെ കോണകപരാമർശത്തെ അവതാരകനായ കെവി മധു ശക്തമായി വിമർശിച്ചു. പിണറായി വിജയന്റെ കോണകം എന്നതടക്കമുള്ള പ്രസംഗത്തിലെ പരാമർശങ്ങൾ അവതരിപ്പിച്ചുകൊണ്ട് പിണറായി വിജയൻ കോണകം ഉടുക്കാറുണ്ടോ എന്നറിയില്ലെന്ന് കെവി മധു തമാശരൂപേണ പ്രസ്താവിച്ചു. മാത്രമല്ല സ്ത്രീകൾ ക്ഷേത്രത്തിൽ കയറണോ കയറേണ്ടയോ എന്ന ചർച്ചയിൽ പിണറായിയുടെ കോണകത്തിന് എന്തുകാര്യമെന്ന് ചോദിച്ചു. കോണകമടക്കമുള്ള പരാമർശങ്ങളിലൂടെ രാഹുൽ ഈശ്വര•ാരുടെ തനിനിറം ശോഭാസുരേന്ദ്രനിലൂടെ പുറത്തുവരികയാണെന്നാണ് ചിത്രം വിചിത്രം പറഞ്ഞുവയ്ക്കുന്നത്.

എന്നാൽ ഇപ്പോൾ ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അനുകൂലമായും പ്രതികൂലമായും കക്ഷിരാഷ്ട്രീയതരംതിരിവോടെയുള്ള ആരോപണപ്രത്യാരോപണങ്ങളാണ് ഉയരുന്നത്. പിണറായി കോണകം ഉടുക്കുന്നുണ്ടോ എന്ന കാര്യം ശോഭാസുരേന്ദ്രന് എങ്ങനെ അറിയാം എന്നതടക്കം കോണകംകഴുകി പരിചയമുള്ള നേതാവിന്റെ മനോനിലയാണ് ഈ പരാമർശത്തിലൂടെ പുറത്തുവന്നതെന്നതുൾപ്പെടെ നിരവി ആരോപണങ്ങൾ പിണറായി ആരാധകർ തിരിച്ചുന്നയിക്കുന്നു.

എന്നാൽ കോണകം കഴുകൽ എന്ന അലങ്കാരവചനമാണ് ശോഭാസുരേന്ദ്രൻ പ്രയോഗിച്ചത് എന്നും അതിൽ അശ്ലീലമോ ഉപയോഗിച്ചൂകൂടാത്തതോ ആയ ആശയമൊന്നുമില്ലെന്നും പറഞ്ഞ് ന്യായീകരിക്കാൻ ബിജെപി ക്കാരും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നൂറുകണക്കിനാളുകൾ അണിനിരന്ന ധർണയെ അഭിസംബോധന ചെയ്തുകൊണ്ട് ശോഭാസുരേന്ദ്രൻ നടത്തിയ മറ്റുചില പരാമർശങ്ങളും ഈ ഘട്ടത്തിൽ ചർച്ചയായിട്ടുണ്ട്. ആവേശപ്രസംഗത്തിനിടെ പിണറായിക്കെതിരെ കടുത്ത പരാമർശങ്ങൾ നിരവധി ശോഭാസുരേന്ദ്രൻ നടത്തിയിരുന്നു.

മണ്ടശിരോമണി, താൻ വിശ്വാസികളുടെ കാര്യം നോക്കാൻ വരണ്ട, തന്റെ തറവാട്ടുവകയല്ല, എടോ പിണറായി ഞങ്ങളടെ കാലിൽ ചെരുപ്പുണ്ട്, പണ്ടൊരു മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ നിന്ന് ചെരിപ്പടിയേറ്റത് ആവർത്തിക്കും തുടങ്ങി ഭക്തരുടെ ശരണം വിളിക്കിടെ വിശ്വാസസംരക്ഷണത്തിന് വേണ്ടി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളിലെ വൈരുദ്ധ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അപ്പോഴും പത്മകുമാറിനോട് പിണറായിയുടെ കോണകം കഴുകാൻ പോയ്‌ക്കോ എന്ന് പറഞ്ഞ ശോഭാസുരേന്ദ്രന്റെ നിലപാടിനെതിരായ പ്രതിഷേധം തർക്കങ്ങളിലേക്ക് വഴിമാറുന്ന കാഴ്ചയും സാമൂഹ്യമാധ്യമങ്ങളിലുണ്ട്.