തിരുവനന്തപുരം: മലയാളം വാർത്താ ചാനലുകളിൽ ഏറ്റവും പ്രേക്ഷകരുള്ള പരിപാടികൾ ആക്ഷേപഹാസ്യ പരിപാടികളാണ്. ആദ്യകാലങ്ങളിൽ ആഴ്‌ച്ചയിൽ ഒരിക്കലായി ഒരുക്കിയ വാരാന്ത്യ ആക്ഷേപഹാസ്യ പരിപാടിക്ക് പ്രേക്ഷകർ കൂടിയതോടെ ദിനംപ്രതിയാക്കി മാറ്റി മിക്ക ചാനലുകളും. റിപ്പോർട്ടർ ചാനലിലെ ഡെമോക്രേയ്‌സിയാണ് പ്രതിദിന ആക്ഷേപ പരിപാടിയായി ആദ്യം രംഗത്തെത്തിയത്. റിപ്പോർട്ടറിന്റെ സംരംഭം കൂടുതൽ വിജയിച്ചതോടെ ഈ പാതയിലേക്ക് ഏഷ്യാനെറ്റ് ന്യൂസും നീങ്ങി. അങ്ങനെയാണ് അവർ ചിത്രം വിചിത്രവുമായി രംഗത്തെത്തിയത്. ആക്ഷേപഹാസ്യ രംഗത്ത് മത്സരം മുറുകിയതോടെ പിന്നാലെ മാതൃഭൂമി ന്യൂസും പ്രതിദിന ആക്ഷേപ പരിപാടിയുമായി രംഗത്തുവന്നു. വക്രദൃഷ്ടി എന്നതാണ് മാതൃഭൂമിയുടെ പ്രതിദിന ആക്ഷേപഹാസ്യ പരിപാടി. ഇത് കൂടാതെ വാരാന്ത്യത്തിൽ ധീം തരികിടതോം എന്ന പരിപാടിയും അവതരിപ്പിക്കുന്നു.

വാർത്താ ചാനൽ രംഗത്ത് മത്സരം മുറുകിയതോടെ മനോരമ ന്യൂസും അവരുടെ ആക്ഷേപഹാസ്യ പരിപാടിയായ തിരുവാ എതിർവാ.. പ്രതിദിന പരിപാടിയാക്കി. ഇന്ന് മുതൽ രാത്രി 9.30നാണ് തിരുവാ എതിർവാ തുടങ്ങുന്നത്. മനോരമയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ ഈ രംഗത്ത് സാമന്യം മികച്ച മത്സരം ഉടലെടുത്തിട്ടുണ്ട്. തിരുവാ എതിർവായുടെ പ്രമോയുമായി അവതാരകൻ ജയമോഹൻ രംഗത്തുവന്നതോടെ ഇതിന് മറുപടി പ്രമോയുമായി ഏഷ്യാനെറ്റ് ന്യൂസിന്റെ ചിത്രം വിചിത്രം ടീമും എത്തി. അവതാരകൻ ലല്ലുവിന്റെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റിന്റെ മറുപടി പ്രമോ വന്നത്. ചുരുക്കത്തിൽ ചാനൽ മത്സരം മുറുകുമ്പോൾ രണ്ട് പ്രധാന വാർത്താചാനലുകൾ തമ്മിൽ പ്രമോ യുദ്ധവും മുറുകുകയാണ്.

അടുത്ത തിങ്കളാഴ്ച മുതൽ തിരുവാ എതിർവാ പ്രതിദിന പരിപാടി ആകുകയാണ് . രാത്രി ഒൻപത് റ്റു ഒന്പത് മുപ്പത് .അര മണിക്കൂരാണു...

Posted by Jayamohan Sukumaran on Wednesday, December 30, 2015

ഒരോ ദിവസവും ഉണ്ടാകുന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ആ ദിവസത്തെ ആക്ഷേപഹാസ്യ പരിപാടി ചാനലുകൾ തയ്യാറാക്കുന്നത്. മലയാളത്തിലെ സിനിമാ രംഗങ്ങളുമായി കോർത്തിണക്കി തന്നെയാണ് ചാനലുകാർ ആക്ഷേപം സൃഷ്ടിക്കുന്നതും. അതുകൊണ്ട് തന്നെ തിരുവാ.. എതിർവായുടെ പ്രമോയിൽ ഇക്കാര്യവും കടന്നുവന്നു. മറ്റൊരു പ്രമോയിൽ ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകന്റെ കോട്ടിനായിരുന്നു കൊട്ട്. കോമഡിയും ചിന്തയുമൊക്കെ പ്രമോയിൽ വിഷയമായി മാറിയപ്പോൾ ചിത്രം വിചിത്രം ടീമും മടിച്ചു നിന്നില്ല. അവരും തയ്യാറാക്കി മറുപടി പ്രമോ.

കോസ്റ്റ്യൂം മാറ്റിയാൽ കോമഡി മാറുമോ എന്ന മറുചോദ്യം ഉന്നയിച്ചാണ് ചിത്രം വിചിത്രത്തിന്റെ പ്രമോ. ചാനൽ പ്രവർത്തകരല്ല കളിയാക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ചിത്രം വിചിത്രത്തിന്റെ മറുപടി. പ്രേക്ഷകരിൽ നിന്നുമുള്ള പ്രതികരണവും ചേർത്താണ് മറുപടിപ്രമോ. അന്തം വിട്ട ചിന്ത ഇല്ലെന്നും കാര്യങ്ങൾ വളരെ സിമ്പിളാണെന്നും അവതാരകൻ പറയുകയും ചെയ്യുന്നു. ഇതിനിടെ ചിരിയും ചിന്തയും മൊക്കെ ചർച്ചയാകുമ്പോൾ രണ്ടും ഒരുമിച്ച് കാണാൻ ഡെമോക്രേയ്‌സിയാണ് നല്ലതെന്നാണ് റിപ്പോർട്ടർ ചാനലിന്റെ പക്ഷം. അവതാരകൻ കെ വി മധു ഇതിനായി പ്രമോയൊന്നും തയ്യാറാക്കിയില്ലെങ്കിലും രണ്ട് വമ്പന്മാരോടും മത്സരിക്കാൻ തയ്യാറാണെന്നാണ് പറയുന്നത്. ചിരിക്കാനും ചിന്തിക്കാനും ഡെമോക്രേയ്‌സി എന്നതാണ് റിപ്പോർട്ടറിന്റെ പക്ഷം.

ഞങ്ങളിവിടെത്തന്നെ കാണും...ഇതുപോലെ...ചിത്രം വിചിത്രം പ്രൊമോ....

Posted by Lallu Sasidharan Pillai on Saturday, January 2, 2016
 

ചിരിക്കാനും ചിന്തിക്കാനും.. രാത്രി 10ന്, രാവിലെ 9.30ന്‌

Posted by Kv madhu on Monday, January 4, 2016