ഭിന്നശേഷിക്കാരായ 25 വിദ്യാർത്ഥികൾക്ക് സൗജന്യ IAS പരിശീലനത്തിനായി 'ചിത്രശലഭം' എന്ന പദ്ധതിയുമായി Absalute IAS അക്കാദമി.അന്ധതയും ബധിരതയും ഓർത്തോപീഡിക് വൈകല്യങ്ങളുമുള്ള 25 വിദ്യാർത്ഥികൾക്ക് മാതൃഭാഷയിൽ സൗജന്യ സിവിൽ സർവ്വീസ് പരിശീലനമാണ് നൽകുന്നത്

'ചിത്രശലഭം' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർത്ഥികൾക്കും ഒരു ലക്ഷത്തി പതിനായിരം രൂപയുടെ സ്‌കോളർഷിപ്പാണ് ലഭിക്കുന്നത്. 18 ന് നടക്കുന്ന ഒബ്‌ജെക്ടീവ് മാതൃകയിലുള്ള ഓൺലൈൻ പരീക്ഷയുടെയും ഓൺലൈൻ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് 25 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

സിവിൽ സർവ്വീസ് പരിക്ഷ മുഴുവനും മലയാളത്തിലെഴുതുവാനും ഇന്റർവ്യൂ മലയാളത്തിലെടുക്കുവാനുമുള്ള അവസരം 1964 മുതൽ ലഭ്യമായിരുന്നു.
എന്നാൽ ഇതിനു വേണ്ട പുസ്തകങ്ങളോ, പരിശീലനം നൽകുവാൻ സ്ഥാപനങ്ങളോ ലഭ്യമല്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് പത്തുവർഷം നീണ്ട ശ്രമങ്ങളുടെ ഫലമായി Absalute IAS അക്കാദമി സ്ഥാപകൻ ജോബിൻ എസ് കൊട്ടാരം സിവിൽ സർവ്വീസ് പരീക്ഷ മുഴുവനും മലയാളത്തിലെഴുതുന്നതിനു വേണ്ട പുസ്തകങ്ങൾ തയ്യാറാക്കിയത്.

മലയാള ഭാഷയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സിവിൽ സർവ്വീസിലൂടെ നേതൃരംഗത്തേക്ക് ഉയർത്തുക, സമൂഹത്തിൽ ബഹുസ്വരത നടപ്പിലാക്കുക എന്നീ ആശയങ്ങളിലൂന്നിയാകും 'ചിത്രശലഭം' പദ്ധതി പ്രവർത്തിക്കുക.

സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുമായുള്ള പ്രതിവാര സംഗമം, എഴുത്തുപരിശീലനം, സ്‌ക്രീൻ റീഡർ അടക്കമുള്ള ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനം, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ട്രെയ്നിങ് എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും.

62 ശതമാനം ശാരീരിക വൈകല്യത്തെയും, സ്‌കോളിയോസിസ് എന്ന മാരക രോഗത്തെയും അതിജീവിച്ച് 2014 ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഇറാ സിംഗാൾ IAS. 'ചിത്രശലഭം' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി പ്രവർത്തിക്കും.

മാധ്യമപ്രവർത്തകർ, അദ്ധ്യാപകർ, പൊതുപ്രവർത്തകർ, സമുദായ നേതാക്കൾ തുടങ്ങിയവർക്ക് അർഹരായ വിദ്യാർത്ഥികളുടെ പേരുകൾ ശുപാർശ ചെയ്യാവുന്നതാണ്.