സിനിമ എന്നും ചിത്രയ്ക്ക് ജീവനായിരുന്നു. വീട്ടുകാരുടെ എതിർപ്പുകൾക്കിടയിൽ കെട്ടിയുണ്ടാക്കിയ അഭിനയ ജീവിതം. അമ്മയുടെ മരണത്തിന് അഭിനയ തിരക്കുകൾ കാരണം അടുത്തുണ്ടാകാനായില്ല. അച്ഛന് വയസ്സായപ്പോൾ അഭിനയം നിർത്തി അച്ഛനെ ശുശ്രൂഷിച്ചു. വിവാഹിതയായി കുടുംബസ്ഥയുമായി. ഏറെ കാലം വാർത്തകളിൽ നിന്നും അകന്നു നിന്നു. എന്നാൽ വീണ്ടും അഭിനയമോഹം എത്തി. തമിഴ് സീരിയലുകളിൽ സജീവമായി. ഇതിനിടെ അപ്രതീക്ഷിത മരണം.

സിനിമയിലെ അഭിനയങ്ങൾ മാസങ്ങൾക്ക് മുമ്പ് ചിത്ര തുറന്നു പറഞ്ഞിരുന്നു. മലയാളസിനിമയ്ക്കു പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മികച്ച വേഷങ്ങൾ തന്നെ ചിത്രയെ തേടിയെത്തി. എന്നാൽ തടവറയിലെ രാജകുമാരിയെ പോലെയായിരുന്നു വർഷങ്ങളോളമുള്ള തന്റെ ജീവിതമെന്ന് ചിത്ര മുൻപ് കേരളകൗമുദി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അച്ഛന്റെ കാർക്കശ്യമായിരുന്നു ഇതിന് കാരണമൈന്നും വിശദീകരിച്ചു.

മാസങ്ങൾക്ക് മുൻപ് കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ...

'അമ്മയുടെ മരണത്തിന് ശേഷം അച്ഛന്റെ കാർക്കശ്യം ഒന്നുകൂടി വർദ്ധിച്ചു. ലൊക്കേഷനിൽ വച്ച് ആരുമായും സംസാരിച്ചുകൂട. ഷൂട്ടിങ് തീർന്നാൽ നേരെ മുറിയിലെത്തണം. ലൊക്കേഷനിൽ ഇതരനടികളുമായി ഏതൊരു കോൺടാക്ടും പാടില്ല. അച്ഛന്റെ നിബന്ധനകൾ എന്നെ ശ്വാസം മുട്ടിച്ചു. ശരിക്കും തടവറയിലടച്ച രാജകുമാരിയുടെ അവസ്ഥ.

അമ്മയില്ലാതെ വളരുന്ന മൂന്ന് പെൺകുട്ടികളെക്കുറിച്ചുള്ള ഉത്കണ്ഠയായിരിക്കും അച്ഛനെ അക്കാലം ഭരിച്ചിരുന്നത്. നടിയായതുതന്നെ അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കൾക്ക് പിടിച്ചിട്ടില്ല. പിന്നെ പേരുദോഷം കേൾപ്പിച്ചാലുള്ള കാര്യം പറയേണ്ടതില്ലല്ലോ. മാത്രവുമല്ല അത്യാവശ്യം പേരും പ്രശസ്തിയുമുള്ള എന്റെ ജീവിതത്തിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചാൽ അത് വലിയ വാർത്തയാകും.

അതോടെ ചേച്ചിയുടെയും അനിയത്തിയുടെയും ഭാവിജീവിതവും അവതാളത്തിലാകും. ഇതെല്ലാമായിരിക്കണം അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവുക. ഒപ്പം അഭിനയിക്കുന്ന സീമചേച്ചിയും ഉർവശിയും ശോഭനയും ഉണ്ണിമേരിചേച്ചിയുമെല്ലാം കമ്പനിയടിച്ച് ചീട്ടുകളിക്കുന്നതും ഷോപ്പിംഗിന് പോകുന്നതും ഒക്കെ കാണുമ്പോൾ എന്റെ സങ്കടം വർദ്ധിക്കും. സീമചേച്ചിക്ക് പക്ഷേ അച്ഛന്റെ മനസ് വായിക്കാൻ കഴിഞ്ഞിരുന്നു.

'സ്നേഹം കൊണ്ടാ മോളേ അച്ഛൻ നിന്നെ പൊതിഞ്ഞുവച്ചിരിക്കുന്നത് 'എന്നും പറഞ്ഞ് ചേച്ചി ആശ്വസിപ്പിക്കും. ഡോളർ എന്ന ചിത്രത്തിലേക്ക് ഓഫർ വന്നത് അനിയത്തിയുടെ കല്യാണം നിശ്ചയിച്ച കാലത്താണ്. യാതൊരു കാരണവശാലും അച്ഛന് വീട്ടിൽനിന്ന് മാറിനിൽക്കാൻ കഴിയാത്ത അവസ്ഥ. അമേരിക്കയിലാണ് ഷൂട്ടിങ്. ഇരുപത് ദിവസത്തെ ഡേറ്റായിരുന്നു നൽകിയത്. മനസ്സില്ലാ മനസോടെ എന്നെ തനിച്ച് വിട്ടു. ശരണ്യയുമുണ്ടായിരുന്നു ആ സിനിമയിൽ.

അടിച്ചുപൊളിച്ച് അഭിനയിച്ച ഏക ഷൂട്ടിങ് സെറ്റ് ഡോളറുടേതായിരുന്നു. ശരണ്യയുമായി അന്ന് തുടങ്ങിയ സൗഹൃദം അതേ തീവ്രതയോടെ ഇപ്പോഴും തുടരുന്നു. ഒരിക്കൽ ഏതോ സിനിമയുടെ സെറ്റിൽവച്ച് ശോഭന എന്നെ അവരുടെ മുറിയിലേക്ക് വിളിച്ചു. വിവരമറിഞ്ഞ് അച്ഛൻ കലിതുള്ളി. 'അവളാരാ, നീയെന്തിനാ അവളുടെ മുറിയിൽ പോകുന്നത്. അവൾ വേണമെങ്കിൽ നിന്റെ മുറിയിൽ വരട്ടെ'... ഞാൻ മുറിയിൽ കിടന്ന് പൊട്ടിക്കരഞ്ഞു. ഈ സംഭവം ശോഭന എങ്ങനെയോ അറിഞ്ഞു. ആ കുട്ടിക്ക് പിന്നീട് എന്നോട് മിണ്ടാൻ പ്രയാസമായിരുന്നു.