ചിറ്റൂർ: 'ഭാര്യയെ വിളിച്ചുണർത്തി, വെട്ടാൻ പോവുകയാണെന്ന് പറഞ്ഞു. കൊടുവാൾ കൊണ്ട് കഴുത്തിൽ വെട്ടി. ഭാര്യയുടെ ശ്വാസം നിലയ്ക്കുന്നതുവരെ ബീഡിവലിച്ച് നോക്കിനിന്നു' ഭാര്യയുടെ മരണം ഉറപ്പാക്കിയശേഷം രണ്ട് ബീഡികൂടി വലിച്ച ശേഷമാണ് മകൻ മനോജിനെ വെട്ടിയത്. തടയാൻ ശ്രമിച്ചപ്പോൾ കൈക്കും വെട്ടി. മരണം ഉറപ്പിച്ച ശേഷം ഒടുക്കമാണ് മകളെ വെട്ടിയത്മാണിക്യന്റെ കുറ്റസമ്മത മൊഴി ഇങ്ങനെയാണ്. പാലക്കാട് ചിറ്റൂരിൽ ഭാര്യയോടുള്ള വഴക്കിനെ തുടർന്നാണ് രണ്ട് മക്കളെയും ഗൃഹനാഥൻ കൊലപ്പെടുത്തിയത്.

മക്കളെ എന്തിന് കൊലപ്പെടുത്തിയെന്ന് പൊലീസ് ആവർത്തിച്ച് ചോദിച്ചപ്പോൾ മാണിക്യന്റെ ഉത്തരം ഞെട്ടിക്കുന്നതും. 'മക്കൾ വലുതാകുമ്പോൾ അമ്മയെ കൊന്നത് എന്തിനാണെന്ന് അവർ ചോദിക്കാതിരിക്കാനാണ് അവരെയും കൊന്നത്'.-ഇതായിരുന്നു അച്ഛന്റെ മറുപടി.കൊല്ലങ്കോട് വട്ടേക്കാട് സ്വദേശിനി കുമാരി (35), മക്കളായ മനോജ് (15), മേഘ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ചിറ്റൂർ ചന്ദനപ്പുറം കണ്ടന്റെ മകൻ മാണിക്യൻ (45) ആണ് പൊലീസിൽ കീഴടങ്ങിയത്.

അമ്മയ്‌ക്കൊപ്പം പത്താംക്ളാസിൽ പഠിക്കുന്ന പതിനാലു വയുസള്ള മകൻ മനോജും ആറാം ക്ളാസിൽ പഠിക്കുന്ന പന്ത്രണ്ടു വയസുള്ള മകൾ മേഘയുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഭക്ഷണത്തിനുശേഷം ഭാര്യയും മക്കളും ഉറങ്ങിയെങ്കിലും മാണിക്യൻ രാത്രി 12 വരെ ഉച്ചത്തിൽ ടിവിയിൽ പാട്ട് കേട്ടിരിക്കുകയായിരുന്നു. പുലർച്ചെ 3ന് മുൻപാണ് കൊലപാതകം നടത്തിയത്. വെട്ടുകത്തി ഉപയോഗിച്ച് മൂവരെയും ഉറക്കത്തിൽ തന്നെ കൊലപ്പെടുത്തിയതിനാൽ ശബ്ദങ്ങളൊന്നും ആരും പുറത്ത് കേട്ടില്ല. മൂന്നുപേരുടെയും കഴുത്തിലാണ് വെട്ടിയത്. പക്ഷേ മകൻ മനോജ് തടയാൻ ശ്രമിച്ചു. മകൻ മനോജിന്റെ കൈകളിൽ വെട്ടേറ്റിരുന്നു. മാണിക്യൻ ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഭാര്യയെക്കുറിച്ചുള്ള സംശയവും, ഭാര്യയിൽനിന്ന് മതിയായ അംഗീകാരം ലഭിക്കാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മാണിക്യൻ പൊലീസിനോട് പറഞ്ഞു.

മാണിക്യൻ കരിഞ്ഞാലിപ്പള്ളത്ത് സ്വന്തമായി വീട് പണികഴിപ്പിച്ചിട്ടുണ്ട്. കുറച്ചുകാലം ഇവിടെ താമസിച്ചെങ്കിലും കുടുംബത്തിൽ നിരന്തരമുണ്ടാകുന്ന വഴക്ക് വാസ്തുപ്രശ്‌നംമൂലമാണെന്ന വിശ്വാസത്തിൽ നെടുങ്ങോട്ട് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. മാണിക്യനും കുമാരിയും, മകൾ മേഘയുമാണ് ഇവിടെ താമസിച്ചിരുന്നത്. മനോജ് കുമാരിയുടെ കൊല്ലങ്കോട്ട് വട്ടേക്കാട്ടെ വീട്ടിലായിരുന്നു താമസം. തുണിയലക്കലും കൂലിപ്പണിയുമാണ് മാണിക്യന്റെ ജോലി. ഭാര്യ കുമാരി വീട്ടുപണിക്കും പോകാറുണ്ടായിരുന്നു. സംശയത്തെത്തുടർന്ന് കുറച്ചുകാലങ്ങളായി മദ്യപിച്ചെത്താറുള്ള മാണിക്യൻ കുമാരിയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. നാട്ടുകാരും വീട്ടുകാരുമിടപെട്ടാണ് കലഹം ഒത്തുതീർപ്പാക്കുന്നതെന്നും ഇവർ പറഞ്ഞു. ഈ സംശയമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഭാര്യയെ കുറിച്ചുള്ള സംശയം മാണിക്യന്റെ മാനസിക നില തകർത്തിരുന്നു. ഇതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്.

സ്‌കൂൾ അവധിയായതിനാൽ മനോജിനെയും മാണിക്യൻ കഴിഞ്ഞദിവസം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവരുടെ വാടകവീടിനോടുചേർന്ന് മറ്റൊരു കുടുംബം താമസിക്കുന്നുണ്ടെങ്കിലും, അവരോ, പരിസരത്തുള്ള മറ്റ് വീട്ടുകാരോ സ്ഥലത്തുനിന്ന് നിലവിളിപോലും കേട്ടില്ലെന്ന് പറയുന്നു. കൊലപാതകശേഷം രക്തം പുരണ്ട കൈകാലുകളും കൊടുവാളും കഴുകി വൃത്തിയാക്കി. കുറെ സമയം അവിടെ തന്നെ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്. കരിഞ്ഞാലിപ്പള്ളത്തെ വിട്ടിലെത്തി ആധാരവും മറ്റ് രേഖകളുമെടുത്ത് ചന്ദനപ്പുറത്തുള്ള ചെറിയമ്മയുടെ കൈയിൽ ഏൽപ്പിക്കാൻ പോയെങ്കിലും അവർ വാങ്ങിക്കാൻ തയ്യാറായില്ല. തുടർന്ന് അമ്മയെ ഏൽപ്പിച്ചു. അതിന് ശേഷമായിരുന്നു കീഴടങ്ങൽ.

കുറേക്കാലം കുമാരി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഒരു വർഷം മുൻപാണ് ഇരുവരും യോജിപ്പിലെത്തി വാടക വീട്ടിൽ താമസം ആരംഭിച്ചത്. അതിനുശേഷവും ഇരുവരും തമ്മിൽ തർക്കമുണ്ടാവാറുള്ളതായി പറയുന്നു. ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കാറുള്ളതായി പ്രതി പൊലീസിനോടു പറഞ്ഞു. ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു നിന്നും മുൻപ് താമസിച്ച കരിഞ്ഞാലി പള്ളത്തേക്കു താമസം മാറ്റുന്നതിനെച്ചൊല്ലിയും ഭാര്യ ജോലിക്കുപോകുന്ന സ്ഥലത്തെ ഒരാളുമായുള്ള ബന്ധത്തിലെ സംശയവുമാണ് വഴക്കിനു കാരണമെന്നും പ്രതി പറഞ്ഞു. കൊലപാതകം നടത്തിയതിനു തലേന്നും ഭാര്യയുമായി വഴക്കുണ്ടായി. ഇതേ തുടർന്നാണ് കൊലയെന്നാണ് പൊലീസിന് നൽകിയ മൊഴി.

തിങ്കളാഴ്ച രാവിലെ അടുത്തുള്ള ചായക്കടയിലെത്തി ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതായി പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കാര്യമറിയിക്കുകയായിരുന്നു മനോജ് കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളിലും, മേഘ ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹൈസ്‌കൂളിലുമാണ് പഠിക്കുന്നത്.