പാലക്കാട്: കഴിഞ്ഞ മാസമാണ് ചിറ്റൂരിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേരെ കുടുംബനാഥനായ വ്യക്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം ഭാര്യയിലുള്ള സംശയവും അവരുടെ അവഹേളനങ്ങളുമാണ് തന്നെ കൊലപാതകി ആക്കിയതെന്നാണഅ പ്രതി മാണിക്യൻ പൊലീസിൽ നൽകിയ മൊഴി. മാണിക്യന്റെ മൊഴി മനഃശാസ്ത്രപരമായ പരിശോധനക്ക് അടക്കം വിധേയമാക്കുകയാണ് പൊലീസ്. കാരണം, സ്വന്തം ഭാര്യയെയും കുടുംബത്തെയും അത്രമേൽ സ്‌നേഹിച്ച വ്യക്തിയായിരുന്ന മാണിക്യൻ. എന്നാൽ, ജീവിതത്തിൽ തുടർച്ചയായി നേരിടേണ്ടി വന്ന അവഹേളനവും അവജ്ഞയുമാണ് ആ കുടുംബ നാഥനിലെ ക്രിമിനലിനെ ഉണർത്തിയതും സ്വന്തം മക്കളെയും വെട്ടിനുറുക്കി കൊന്ന ദാക്ഷിണ്യമില്ലാത്തവനാക്കിയതും.

ഇക്കഴിഞ്ഞ ഒക്ടോബർ 22ാം തീയ്യതിയായിരുന്നു നല്ലേപ്പിള്ളി ചന്ദനപ്പുറം സ്വദേശി മാണിക്യൻ(45) കൊലപാതകം നടത്തിയത്. ഭാര്യയെക്കുറിച്ചുള്ള സംശയത്തെത്തുടർന്ന് മാണിക്യനും ഭാര്യ കുമാരിയും തമ്മിൽ നല്ലേപ്പിള്ളി ജെ.ടി.എസിന് സമീപമുള്ള വാടകവീട്ടിൽവെച്ച് വഴക്കുണ്ടായിരുന്നു. തുടർന്ന് ഊണുകഴിച്ച് കിടന്നെങ്കിലും അർധരാത്രിയോടെ എഴുന്നേറ്റ് കുമാരിയെയും മക്കളായ മനോജ് (15), മേഘ (12) എന്നിവരെയും കൊടുവാൾകൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് മാണിക്യൻ പൊലീസിനോട് പറഞ്ഞത്. പുലർച്ചെ ചിറ്റൂർ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.

പൊലീസിന് മുമ്പാകെ മാണിക്യൻ പറഞ്ഞ കാര്യങ്ങൾ ഉദ്യോഗസ്ഥരിൽ അമ്പരപ്പ് സൃഷ്ടിക്കുന്നതായിരുന്നു 'നിവൃത്തികേട് കൊണ്ടു ചെയ്തു പോയതാ സാറേ...' കൂട്ടക്കൊലയെക്കുറിച്ചു മാണിക്യൻ ആദ്യം പൊലീസിനോട് പറഞ്ഞതിങ്ങനെയാണ്. അത്രമേൽ സഹിച്ച ശേഷം ഗതികെട്ടായിരുന്നു താൻ കൃത്യം ചെയ്തത് എന്നാണ് അയാൾ പറഞ്ഞത്. മടുത്തെങ്കിൽ എന്തുകൊണ്ട് നാടുവിട്ടു പോയില്ലെന്ന ചോദ്യത്തിന് നൽകിയ മറുപടിയും ഉദ്യോഗസ്ഥരെ ഉലച്ചു കളഞ്ഞു. 'അവരെ വിട്ടിട്ടു പോവാൻ കഴിയത്തില്ലായിരുന്നു സാറേ. അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക് എന്റെ കുടുംബത്തെ... - അവിടെ കുടുംബത്തെ സ്‌നേഹിക്കുന്ന വ്യക്തിയെയാണ് അവിടെ കാണാൻ സാധിച്ചത്.

ചെറുപ്പം മുതലെ കടുത്ത അവഗണന കേട്ടാണ് മാണിക്യൻ വളർന്നത്. സമൂഹത്തിൽ നിന്നും കേട്ട പരിഹാസം ഒടുവിൽ സ്വന്തം ഭാര്യയിൽ നിന്നും കേൾക്കേണ്ടി വന്നതോടെയാണ് കടുംകൈ പ്രവർത്തിക്കാൻ യുവാവ് തയ്യാറായത്. ഭാര്യയുടെ അവഗണന. പരിഹാസം. കറുത്തവനും കഴിവുകെട്ടവനെന്നും കാശിനു കൊള്ളാത്തവൻ എന്നുമുള്ള ആപേക്ഷം! കുട്ടിക്കാലം മുതൽക്കെ എല്ലാവരാലും ഒറ്റപ്പെട്ടവനും പരിഹാസ പാത്രവുമായിരുന്നു മാണിക്യൻ.

ഭാര്യയും ഇതേ ആക്ഷേപം തുടർന്നപ്പോൾ മാണിക്യനു സഹിക്കാതെയായി. അന്യപുരുഷന്മാരുമായി താരതമ്യം ചെയ്തു കളിയാക്കുന്നത് ഭാര്യക്കു മറ്റു പുരുഷന്മാരുമായുള്ള അവിഹിത ബന്ധം കൊണ്ടാണ് എന്നു മാണിക്യൻ കരുതി. സംശയത്തിന്റെ കനലുകൾ മനസ്സിൽ നീറിയപ്പോൾ, ആ കനലിൽ ഭാര്യയ്ക്കായി ഒരു ആയുധം മാണിക്യൻ ചുട്ടെടുത്തു. പകയുടെ ചാണക്കല്ലിൽ രാകി മിനുക്കിയ ആ ആയുധംകൊണ്ട് ഭാര്യയുടെ കഴുത്തറത്തു. മക്കളുടെ ജീവനെടുത്തു.

എന്തിന് മക്കളെ കൊന്നു എന്ന ഉദ്യോഗസ്ഥരുട ചോദ്യത്തിലും ഞെട്ടിക്കുന്ന മറുപടിയായിരുന്നു ലഭിച്ചത്. 'ഭാര്യയെ കൊന്നു ഞാൻ ജയിലിൽ പോവുന്നതോടെ എന്റെ മക്കൾ ഒറ്റയ്ക്കാവില്ലേ. അവർ ആരുടെയും മുമ്പിൽ കൈ നീട്ടുന്നത് എനിക്കു സഹിക്കത്തില്ല. പിന്നീട് അമ്മയെ എന്തിനു കൊന്നു എന്നു ചോദിച്ചൽ എന്ത് മറുപടി പറയും? അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നായിരുന്നു മാണിക്യന്റെ മറുപടി.