തിരുപ്പതി: ചിറ്റൂരിൽ രണ്ട് യുവതികളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ്. മക്കൾ പുനർജനിക്കുമെന്ന വിശ്വാസത്തിലാണ് ആന്ധ്രപ്രദേശിലെ കൊലയെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിൽ മൂന്നാമതൊരാൾക്ക് പങ്കില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും അന്ധവിശ്വാസത്തിന്റെ പേരിലാണ് ദമ്പതിമാർ മക്കളെ കൊലപ്പെടുത്തിയതെന്നും ചിറ്റൂർ എസ്‌പി. സെന്തിൽകുമാർ പ്രതികരിച്ചു.

'ഇതൊരു ദൗർഭാഗ്യകരമായ സംഭവമാണ്. കൊലപാതകവിവരം അറിഞ്ഞതോടെ വളരെ സൂക്ഷ്മതയോടെയാണ് പൊലീസ് കേസിൽ ഇടപെട്ടത്. ദമ്പതിമാരെ അവരുടെ മനോനില സാധാരണനിലയിലാകുന്നത് വരെ പൊലീസ് കാത്തിരുന്നു. അതിനുശേഷമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇത്തരമൊരു കേസ് സസൂക്ഷ്മമായി കൈകാര്യം ചെയ്തതിലും ആത്മാഹുതിക്ക് പദ്ധതിയിട്ടിരുന്ന ദമ്പതിമാരെ രക്ഷിച്ചതിലും അവർക്ക് ചികിത്സ ഉറപ്പുവരുത്തിയതിനും പൊലീസിനെ അഭിനന്ദിക്കുന്നു'- ചിറ്റൂർ എസ്‌പി. പറഞ്ഞു.

അറസ്റ്റിലായ പുരുഷോത്തം നായിഡുവിനെയും പത്മജയെയും കോടതിയിൽ ഹാജരാക്കിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പതി എസ്.വി.ആർ.ആർ. ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിലാണ് ഇരുവർക്കും ചികിത്സ നൽകുന്നത്. പുരുഷോത്തം നായിഡു നിലവിൽ സാധാരണനിലയിലാണ് സംസാരിക്കുന്നതെങ്കിലും പത്മജ പലപ്പോഴും പരസ്പരവിരുദ്ധമായി പെരുമാറുന്നുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ച പത്മജ, താൻ ശിവനാണെന്നും തന്റെ ശരീരമാണ് കൊറോണ വൈറസിന് ജന്മം നൽകിയതെന്നും പറഞ്ഞിരുന്നു.

ഒടുവിൽ ഭർത്താവും ആരോഗ്യപ്രവർത്തകരും ഏറെനേരം അഭ്യർത്ഥിച്ചതിന് ശേഷമാണ് ഇവർ പരിശോധനയ്ക്ക് തയ്യാറായത്. പുരുഷോത്തം നായിഡുവിന്റെ സഹപ്രവർത്തകൻ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് ദമ്പതിമാരുടെ വീട്ടിലെത്തിയത്. ഗൃഹനാഥൻ മാത്രമാണ് ആദ്യം വീട്ടിൽനിന്ന് പുറത്തുവന്നത്. പിന്നീട് പൊലീസ് വീടിനകത്ത് കയറിയപ്പോൾ മക്കളുടെ മൃതദേഹത്തിനരികെ ഉറക്കെ പാട്ടുപാടി നൃത്തംചെയ്യുന്ന അമ്മയെയാണ് കണ്ടത്.

ദമ്പതിമാർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തികഞ്ഞ അന്ധവിശ്വാസികൾ ആയതിനാൽ മക്കളെ തങ്ങൾ കൊന്നുവെന്ന് അവർ വിശ്വസിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസിനെ വലയ്ക്കുന്ന മൊഴികളാണ് ദമ്പതിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മൂത്ത മകൾ അലേഖ്യയാണ് ഇളയവളായ സായി ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് അമ്മ പത്മജ നൽകിയ മൊഴി. തുടർന്ന് സായിയുടെ ആത്മാവിനോടു ചേർന്ന് അവളെ തിരികെ കൊണ്ടുവരാൻ തന്നെ കൊലപ്പെടുത്താൻ അലേഖ്യ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പത്മജ പറഞ്ഞു. കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുമ്പോൾ പുനർജനിക്കുമെന്നാണ് അലേഖ്യ പറഞ്ഞതെന്നും അമ്മ പറയുന്നു.

പുനർജന്മ വിശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് പിജി വിദ്യാർത്ഥിയായ അലേഖ്യ (27) സംഗീത വിദ്യാർത്ഥിയായ സായി ദിവ്യ (22) എന്നിവർ വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. മാതാപിതാക്കളായ പുരുഷോത്തം നായിഡു, പത്മജ എന്നിവരെ അറസ്റ്റ് ചെയ്തു. പുനർജന്മത്തെക്കുറിച്ചും മറ്റും പറഞ്ഞ് പെൺമക്കളെ മാതാപിതാക്കൾ ബ്രെയിൻവാഷ് ചെയ്തിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് പരസ്പര ബന്ധമില്ലാതെ സംസാരിച്ചിരുന്ന ദമ്പതികളിൽ പുരുഷോത്തം നായിഡുവാണ് സാധാരണ നില കൈവരിച്ച് കാര്യങ്ങൾ വിശദമായി പൊലീസിനോടു വിവരിച്ചത്. ഇതോടെയാണ് അറസ്റ്റ് രേഖപെടുത്തിയത്. മക്കളുടെ ശവശരീങ്ങളുമായി പൂജ നടത്തിയാൽ കലിയുഗം അവസാനിച്ച് സത്യയുഗത്തിലേക്ക് കടക്കുന്നതോടെ സർവ ഐശ്വരങ്ങളുമുണ്ടാകുമെന്നായിരുന്നു ഇരുവരുടെയും വിശ്വാസമെന്നും കരുതുന്നു. ഒരു മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ദമ്പതിമാർ കൊടുംക്രൂരത ചെയ്തതെന്നും റിപ്പോർട്ടുണ്ട്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു പൊലീസ് വീട്ടിലെത്തുമ്പോൾ വാതിലിൽ തടഞ്ഞ പത്മജ, തിങ്കളാഴ്ച വരെ പുനർജനിക്കാൻ സമയം അനുവദിക്കണമെന്നാണ് പൊലീസിനോടു പറഞ്ഞത്. രക്തത്തിൽ കുളിച്ച് നഗ്നമായ നിലയിലായിരുന്നു പെൺകുട്ടികളുടെ മൃതദേഹം. 'ഇന്നൊരു ദിവസം അവർ ഇവിടെ കിടക്കട്ടെ. നാളെ വേണമെങ്കിൽ കൊണ്ടുപൊയ്‌ക്കോളൂ. എന്തിനാണ് ഷൂസ് ഇട്ട് വീടിനുള്ളിൽ കറങ്ങുന്നത്. എല്ലായിടത്തും ദൈവമാണുള്ളത്. പൂജാമുറിയിലേക്ക് ഷൂസ് ഇട്ട് പോകുന്നതെന്തിന്?'- എന്നാണു പത്മജ ചോദിച്ചത്. പുജാമുറിയിലേക്കു നമസ്‌കരിക്കാൻ പോകുകയാണെന്നു പറഞ്ഞാണ് പൊലീസ് അവിടേക്കു കടന്നത്.

ഞായറാഴ്ച പുരുഷോത്തം ഒരു സുഹൃത്തിനോടു ഫോണിൽ വീട്ടിൽ നടന്ന കാര്യങ്ങൾ അറിയിച്ചുവെന്നും അദ്ദേഹമാണ് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചതെന്നുമാണു പൊലീസ് പറഞ്ഞത്. മക്കളുടെ അന്ത്യകർമം ചെയ്യാൻ പൊലീസ് കഴിഞ്ഞ ദിവസം പുരുഷോത്തം നായിഡുവിന് അനുമതി നൽകിയിരുന്നു. പൂജയെ കുറിച്ച് പെൺകുട്ടികൾക്കും അറിയാമായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും പെൺകുട്ടികളിൽ ഒരാൾ പങ്കുവച്ച പോസ്റ്റുകൾ ഏറെ ദുരൂഹത നിറഞ്ഞതാണ്. സഹോദരിമാരുടെ പെരുമാറ്റത്തിൽ പലവിധ മാറ്റങ്ങളും ഉണ്ടായിരുന്നതായി സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.