ഓസ്‌ട്രേലിയ: നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളുൾപ്പെട്ട ഏഴംഗ സംഘം ഓസ്‌ട്രേലിയയിൽ പിടിയിൽ. പെൺകുട്ടികളെയും ആൺകുട്ടികളെയും ഉൾപ്പെടെ പീഡനത്തിനിരയാക്കിയ സംഘമാണു പൊലീസിന്റെ വലയിൽ കുടുങ്ങിയത്.

എട്ടു വയസ്സിൽ താഴെയുള്ള മൂന്ന് ആൺകുട്ടികളെ ലൈംഗികാതിക്രമത്തിനു വിധേയരാക്കി എന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. ഇതിൽ ഒരു കുട്ടി 2015ൽ പീഡനത്തിനിരയാകുമ്പോൾ മൂന്നു വയസ്സായിരുന്നു. തട്ടിക്കൊണ്ടു പോകൽ, കുട്ടികളെ പീഡിപ്പിച്ചു വിഡിയോ പകർത്തൽ തുടങ്ങിയവ ഉൾപ്പെടുത്തി ആകെ 127 കേസുകളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രതികളിൽ ഒരാൾ പതിനെട്ടുകാരനാണ്. ഇയാൾക്കെതിരെ തട്ടിക്കൊണ്ടു പോകലും ലൈംഗിക പീഡനവും ഉൾപ്പെടെ 42 കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. അൻപത്തിരണ്ടുകാരനായ പോൾ ക്രിസ്റ്റഫർ കുക്ക് എന്ന പ്രതിക്കെതിരെ മൂന്നു കേസുകളാണുള്ളത്. പിടിയിലായ വനിതകളിൽ നാലു പേരും 17നും 29നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരുടെ നേതാവായിരുന്ന തെരേസ് ആൻ കുക്കിനു പ്രായം 58. തെരേസും പോളും സഹോദരങ്ങളാണ്. ഇവരുടെ മകളും നടിയുമായ യാനി കുക്ക് വില്യംസും കേസിൽ പ്രതിയാണ്.

2014നും 2016നും ഇടയിലാണ് ഓസ്‌ട്രേലിയയെ ഞെട്ടിച്ച സംഭവം നടന്നത്. പരിചയക്കാരായ ആൺകുട്ടികളെയാണ് ഇവർ പ്രധാനമായും ഇരകളാക്കിയത്. സിഡ്‌നിക്കു പടിഞ്ഞാറ്, നഗരത്തിൽ നിന്ന് 80 കിലോമീറ്റർ മാറി ബ്ലൂ മൗണ്ടൻസ് എന്നറിയപ്പെടുന്ന പർവത മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴു പേർക്കും കോടതി ജാമ്യം നിഷേധിച്ചു. രാജ്യത്തു ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളോടു മാപ്പു ചോദിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെയാണു കേസിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്.