- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഭാതസവാരികളിൽ സഹയാത്രികയായിരുന്ന ബാർബറയ്‌ക്കൊപ്പം അത്താഴവിരുന്നിരുന്നിനു പോയ ചോക്‌സിയെ ബാർബറയുടെ വീട്ടിൽ നിന്ന് ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യ; നിഷേധിച്ച് ഇന്ത്യൻ ഏജൻസികളും; ചോക്സിക്കായി നിയമപോരാട്ടം തുടരും
ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ ഇന്ത്യയിൽ നിന്നു മുങ്ങിയ മെഹുൽ ചോക്‌സി ഡൊമീനിക്കയിൽ പിടിയിലായതിന് പിന്നിൽ ഇന്ത്യയെന്ന് ആരോപിച്ച് ഭാര്യയും അഭിഭാഷകനും. മെയ് 23 ഞായറാഴ്ച വൈകിട്ട് അയൽവാസിയായ ബാർബറ ജറാബിക് എന്ന യുവതിയോടൊപ്പം ഡിന്നറിനായി ആന്റിഗ്വയിലെ വീട്ടിൽ നിന്നു പോയ മെഹുൽ ചോക്‌സിയെ കാണാതാവുകയായിരുന്നു.
'ദ് വീക്കി'ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചോക്‌സിയുടെ ഭാര്യ പ്രീതി പറയുന്നതിങ്ങനെ: ചോക്‌സിയുടെ പ്രഭാതസവാരികളിൽ സഹയാത്രികയായിരുന്ന ബാർബറയ്‌ക്കൊപ്പം അത്താഴവിരുന്നിരുന്നിനു പോയ ചോക്‌സിയെ ബാർബറയുടെ വീട്ടിൽ നിന്ന് ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയതാണ്. ഡൊമീനിക്കൻ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ചോക്‌സി ആരോപിക്കുന്നത് തട്ടിക്കൊണ്ടുപോയതിൽ ബാർബറയ്ക്കും പങ്കുണ്ടെന്നാണ്.
ചോക്‌സിയെ ഇന്ത്യൻ സംഘം ബോട്ടിൽ തട്ടിക്കൊണ്ടുപോയെന്ന ആരോപണം നിഷേധിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. സിബിഎ, ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് ആദ്യം തന്നെ ആന്റിഗ്വയിലെത്തി ചോക്‌സിയെ ഇന്ത്യയ്ക്കു കൈമാറുന്നതിനുള്ള നയതന്ത്രജോലികൾ പൂർത്തിയാക്കിയിരുന്നു. ഇന്ത്യയുടെ നീക്കങ്ങൾ ആന്റിഗ്വയിൽ നിന്നാരോ ചോർത്തി ചോക്‌സിയെ ഡൊമീനിക്കയിലേക്കു കടത്തിയതാണെന്ന് ഇന്ത്യ കരുതുന്നു.
ചോക്‌സിയെ തട്ടിക്കൊണ്ടുവരാൻ സർക്കാർ കൂട്ടുനിന്നെന്നാരോപിച്ചു ഡൊമീനിക്കയിൽ പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, ചോക്‌സി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാത്തതിനാൽ നിയമപ്രകാരം ഇന്ത്യയ്ക്കു കൈമാറേണ്ടതുണ്ടെന്നാണ് ഇന്ത്യയുടെ വാദം. ജൂലൈ 14ന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
മുപ്പത്തഞ്ചാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണു ഭർത്താവിനെ തട്ടിക്കൊണ്ടുപോയതെന്നു മെഹുൽ ചോക്‌സിയുടെ ഭാര്യ പ്രീതി പറയുമ്പോൾ അതിലും സംശയങ്ങളുണ്ട്. പ്രീതിയുമായി വിവാഹമോചനം നേടിയതായി 2012ൽ മെഹുൽ അടുപ്പമുള്ളവരോടു പറഞ്ഞിരുന്നു. പങ്കെടുത്ത പല വിരുന്നുകളിലും ഇതാവർത്തിച്ചിട്ടുമുണ്ട്. എന്നാൽ, 2018ൽ ആന്റിഗ്വയിലെത്തിയ പ്രീതി അന്നു മുതൽ ചോക്‌സിക്കൊപ്പമാണു താമസം.
മുംബൈ ഹൈക്കോടതിയിൽ ഇഡി നൽകിയിരിക്കുന്ന ഹർജിയിൽ ചോക്‌സിയുടെ വിദേശത്തുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ അനുമതി ലഭിച്ചാൽ പ്രീതിയും ചോക്‌സിയും തമ്മിലുള്ള ബന്ധത്തിന്റെ നിയമസാധുത നിർണായകമാകും. നിയമപരമായി വിവാഹമോചിതരാണെങ്കിൽ പ്രീതിയുടെ പേരിലേക്ക് മാറ്റിയിട്ടുള്ള ചോക്‌സിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കഴിയാതെ വരും. അതുകൊണ്ടു തന്നെ ഇക്കാര്യത്തിലും വ്യക്തത വരുത്താനാണ് ഇന്ത്യൻ ഏജൻസികളുടെ ശ്രമം.
2018 ഫെബ്രുവരിയിൽ സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനു പിന്നാലെ ഇന്ത്യ വിട്ട മെഹുൽ ചോക്‌സിയടക്കമുള്ള പ്രതികൾക്കെതിരെ സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിട്ടിരുന്നു. സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. പിന്നീട് നീരവ് മോദിക്കും മെഹുൽ ചോക്‌സിക്കുമെതിരെ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയുടെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. പിന്നീട് ആന്റിഗയിലുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. നീരവ് മോദിയെ ബ്രിട്ടണിൽ പൊലീസ് പിടികൂടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ