- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിപിൻ റാവത്ത് അപകടത്തിൽ പെട്ടത് വെല്ലിങ്ടണിലെ ഡിഫൻസ് സ്റ്റാഫ് കോളേജിൽ പ്രഭാഷണത്തിനായി പോകവേ; ഹെലികോപ്ടർ തകർന്നുവീണത് കട്ടേരി ഫാമിന് സമീപം വനത്തിൽ; പ്രദേശത്തെ കനത്ത മൂടൽ മഞ്ഞ് അപകടത്തിന് വഴി വച്ചുവെന്നും സംശയം; വെല്ലിങ്ടണിൽ ഇറങ്ങാതെ മടങ്ങുമ്പോൾ അപകടം എന്നും പ്രാഥമിക നിഗമനം
കോയമ്പത്തൂർ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത് വെല്ലിങ്ടണിലെ ഡിഫൻസ് സ്റ്റാഫ് കോളേജിൽ പ്രഭാഷണത്തിനായി പോകുന്ന വഴിയിൽ. ഊട്ടിക്കു സമീപം കുനൂരിൽ തകർന്നു വീഴാൻ കാരണം പ്രതികൂല കാലാവസ്ഥ എന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്കു 12.20 ഓടു കൂടിയാണു കോപ്റ്റർ അപകടത്തിൽപ്പെട്ടത്. വനത്തിലാണ് ഹെലികോപ്ടർ തകർന്നുവീണത്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമായി.
അപകട സമയത്ത്, പ്രദേശത്തു കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സഞ്ചാരത്തിന് കാഴ്ച മങ്ങിയിരിക്കണം. കട്ടേരി ഫാമിനു സമീപമാണ് അപകടം. ഹെലികോപ്റ്റർ വെല്ലിങ്ടണിൽ ഇറങ്ങാതെ തിരിച്ചു പോകുമ്പോഴാണ് അപകടമെന്നും സംശയം.
പ്രദേശത്ത് ഒരു മണിക്കൂറോളം കനത്ത തീഗോളങ്ങൾ ഉയർന്നതായാണു റിപ്പോർട്ടുകൾ. പരിസരവാസികളാണു രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കൂടുതൽ വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല.
ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനോട് വിവരങ്ങൾ തേടി. ഡൽഹിൽ അടിയന്തര മന്ത്രിസഭാ യോഗം നടക്കുകയാണ്.
അപകടത്തിൽ സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് മരിച്ചു. ബിപിൻ റാവത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ദേശീയ മാധ്യമങ്ങളാണ് റാവത്തിന്റെ ഭാര്യ മരിച്ചെന്ന വാർത്ത പുറത്തുവിട്ടത്. അപകടത്തിൽ ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത്.
ജനറൽ ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം ആകെ ഒമ്പത് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈന്യം സ്ഥിരീകരിച്ചു ബ്രിഗേഡിയർ എൽഎസ് ലിഡ്ഡെർ, ലഫ്റ്റ്. കേണൽ ഹർജിന്ദെർ സിങ്, നായിക് ഗുർസേവാക് സിങ്, നായിക് ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ.
അപകടത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റ രണ്ട് പേരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നും നാല് മൃതദേങ്ങൾ ഇതുവരെ കണ്ടെടുത്തതായി വാർത്താ ഏജൻസി അറിയിച്ചു. രക്ഷപെടുത്തിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്കെല്ലാം ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിൻ റാവത്ത്. മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. പ്രദേശത്ത് ഇപ്പോൾ സൈന്യം എത്തിയിട്ടുണ്ട്. ഹെലികോപ്ടർ നിലത്തു വീണ് തീഗോളമായ അവസ്ഥയിലാണുള്ളത്.
മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്. ഇന്ത്യൻ സായുധ സേനയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.
മറുനാടന് മലയാളി ബ്യൂറോ