- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നേരമെങ്കിലും കാണാതെ വയ്യ, ഉദിച്ചുയർന്നു മാമലമേലെ ഉത്രം നക്ഷത്രവും പിറന്ന തൂലിക; സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥയുൾപ്പടെ ഒരുക്കിയെങ്കിലും ആസ്വാദക മനസ്സിൽ ഇടംനേടിയത് ഭക്തിഗാനരചനകളിലുടെ; എഴുത്തിലെ വൈവിദ്ധ്യത്തെ അടയാളപ്പെടുത്തിയത് മികച്ച ഹാസ്യസാഹിത്യകാരനുള്ള പുരസ്‌കാരം നേടിയും; ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഓർമ്മയാകുമ്പോൾ

തൃശ്ശൂർ: ഒരു നേരമെങ്കിലും കാണാതെ വയ്യന്റെ ഗുരുവായുരപ്പ നിൻ ദിവ്യരൂപം..ഈ വരി ഒരിക്കലെങ്കിലും മൂളാത്ത മലയാളി കുറവായിരിക്കും.ഒരുപക്ഷെ ഉണ്ടാകുമോ എന്നുതന്നെ സംശയമാണ്..അത്രയേറെ മലയാളി ആസ്വാദക മനസിനെ കീഴടക്കിയ വരികളാണ് ഇത്.മാമലമേലെ ഉദിച്ചുയർന്ന ഉത്രം നക്ഷത്രത്തെക്കുറിച്ച് പാടിയതും അതേ തൂലിക..മലയാള ഭക്തിഗാന രംഗത്ത് അത്രയേറെ പ്രചാരം നേടിയ പേരായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി.തന്റെ 86 മത്തെ വയസ്സിൽ ്അദ്ദേഹം വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് ആ തൂലികയിൽ പിറന്ന മലയാളി സ്‌നേഹിച്ച ഈ വരികൾ ഒക്കെത്തന്നെയാണ്..
ഭക്തിഗാനങ്ങളിലൂടെയാണ് അദ്ദേഹം ആസ്വാദക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതെങ്കിലും അതിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സാഹിത്യരംഗം.കഥ, കവിത, ഗാനരചന, നാടകം, തിരക്കഥ, അഭിനയം, കഥകളി, തായമ്പക എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അദ്ദേഹം ആദ്യകാല സൂപ്പർഹിറ്റ് സിനിമയായ 'പ്രഭാതസന്ധ്യ'യുടെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചു.
ശ്രീരാഗം, കർപ്പൂരദീപം, ചൈതന്യം എന്നിവയടക്കമുള്ള സിനിമകൾക്കായും തിരക്കഥകൾ എഴുതി. 'സർഗം' എന്ന സിനിമയുടെ സംഭാഷണം എഴുതിയത് ചൊവ്വല്ലൂരാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കീഴ്പടം സുകുമാരൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ചമ്പക്കുളം പാച്ചുപിള്ള തുടങ്ങിയവരെക്കുറിച്ച് ഡോക്യുമെന്ററികൾ ചെയ്തു.
സാഹിത്യരംഗത്തെ തന്റെ വൈവിദ്ധ്യം അദ്ദേഹം പ്രകടമാക്കിയത് ഹാസ്യ സാഹിത്യക്കാരനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡ് എന്നിവ നേടിക്കൊണ്ടായിരുന്നു.ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ് ചെയർമാൻ, സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികൾ വഹിച്ചു.
കഗുരുവായൂർ തിരുവെങ്കിടാചലപതി പുരസ്‌കാരം, കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃതി പുരസ്‌കാരം, പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം, രേവതി പട്ടത്താനം പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.തൃശൂരിലെ ചൊവ്വല്ലൂർ വാരിയത്ത് 1936 ജൂലൈ 11നായിരുന്നു ജനനം. വിവിധ വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകനായിരുന്ന കൊടുങ്ങല്ലൂർ കാവിൽ വാരിയത്ത് ശങ്കുണ്ണിവാരിയരാണു പിതാവ്. അമ്മ പാറുക്കുട്ടി വാരസ്യാർ.
ഇരിങ്ങപ്പുറം മാക്കുണ്ണി മെമോറിയൽ സ്‌കൂൾ, മറ്റം സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂൾ, തൃശൂർ കേരളവർമ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സായാഹ്ന പത്രമായിരുന്ന 'സ്വതന്ത്രമണ്ഡപ'ത്തിന്റെ പത്രാധിപർ, ഗുരുവായൂർ ദേവസ്വത്തിന്റെ 'ഭക്തപ്രിയ' മാസിക പത്രാധിപസമിതി അംഗം എന്നി നിലകളിലും പ്രവർത്തിച്ചു.
പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി തൃശൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'നവജീവൻ' പത്രത്തിൽ സബ് എഡിറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മലയാള മനോരമ 1966ൽ കോഴിക്കോട് യൂണിറ്റ് ആരംഭിച്ചപ്പോൾ പത്രാധിപസമിതി അംഗമായി. 2004ൽ വിരമിച്ചു. വിവിധ വിഭാഗങ്ങളിലായി ഇരുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം', 'ഗുരുവായൂർ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം...', 'ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം.....' തുടങ്ങിയ പ്രശസ്തമായ ഭക്തിഗാനങ്ങൾ ഉ്ൾപ്പടെ മൂവായിരത്തോളം ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ഇന്നലെ രാത്രി 10.45ന് അമല മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.ഗുരുവായൂർ ക്ഷേത്രത്തിലും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലും പാരമ്പര്യമായി കഴകപ്രവൃത്തിയുടെ അവകാശമുള്ള കുടുംബമാണിത്. ഭാര്യ: തൃശിലശേരി വാരിയത്ത് സരസ്വതി. മക്കൾ: ഉഷ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഗീത, പരേതനായ ദേശീയ ബാസ്‌കറ്റ് ബോൾ താരം സുരേഷ് ചെറുശേരി. സംസ്‌കാരം പിന്നീട്.


