- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയൽക്കാരോട് പോലും സംസാരിക്കാത്ത സ്വഭാവക്കാരൻ; കുളി മുറികളിലെ ഒളിഞ്ഞു നോട്ടത്തിൽ കുപ്രസിദ്ധൻ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന് ഭാര്യയാക്കാൻ മോഹിച്ച കാമുകൻ; അമ്മയ്ക്ക് പോലും പേടിസ്വപ്നം; സൂര്യഗായത്രിയെ പ്രണയപ്പകയിൽ കൊന്നതു കൊടും ക്രൂരൻ; ചിറക്കോണത്തുകാർക്ക് അരുണിനെ കുറിച്ച് പറയാനുള്ളത്
തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് പെൺകുട്ടിയെ കുത്തിക്കൊന്ന കേസിലെ പ്രതി അരുൺ നാട്ടുകാരോട് പോലും ബന്ധമില്ലാത്ത ദുരൂഹ സ്വഭാവത്തിനുടമ. പത്തുവർഷമായി അമ്മയ്ക്കും അമ്മുമ്മയ്ക്കുമൊപ്പം പേയാട് ചിറക്കോണത്ത് താമസിക്കുന്ന അരുണിന്റെ വിവരങ്ങൾ നാട്ടുകാർക്ക് ഇന്നും അജ്ഞാതം.
ആരോടും സംസാരിക്കാത്ത അരുണിന്റെ സൗഹൃദങ്ങളെല്ലാം പുറത്തുള്ളവരായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കുറച്ചുവർഷങ്ങൾക്ക് മുമ്പ് കഞ്ചാവ് കേസിൽ ഷാഡോ പൊലീസ് വീട്ടിലെത്തി അരുണിനെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നും ഒട്ടേറെ ചെറുപ്പക്കാർ കഞ്ചാവ് വാങ്ങാൻ വീട്ടിലെത്തുമായിരുന്നു. അരുണും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നു. അരുണിന്റെ അമ്മ പോലും അരുണിന്റെ മുന്നിൽ വിറച്ചാണ് നിൽക്കുന്നതെന്നും അവർ പറയുന്നു. അടുത്തുള്ള ഒരു ചായക്കടയിലെ ജീവനക്കാരിയാണ് അരുണിന്റെ അമ്മ. അതുമാത്രമാണ് ആ കുടുബത്തിന്റെ ഏക വരുമാനം.
രണ്ട് വർഷം മുമ്പ് കൊല്ലത്ത് നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് വിവാഹം കഴിച്ച കേസിലും അരുൺ പ്രതിയാണ്. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് കൊല്ലത്ത് നിന്ന് പൊലീസ് എത്തി പെൺകുട്ടിയെ മാതാപിതാക്കളെ ഏൽപ്പിക്കുകയും അരുണിന്റെ പേരിൽ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാൾ അടുത്ത വീടുകളിലെ കുളിമുറികളിൽ ഒളിച്ചുനോക്കുന്നതിനെ ചൊല്ലി നിരവധി പ്രശ്നങ്ങളും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. മോഷണക്കേസിലും അടിപിടിക്കേസിലും വഞ്ചിയൂർ, ആര്യനാട്, പേരൂർക്കട സ്റ്റേഷനുകളിൽ അരുണിനെതിരേ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.
ഷൂട്ടിങ് സൈറ്റിലാണ് ജോലിയെന്ന് പറയുന്നുണ്ടെങ്കിലും എന്താണ് ജോലിയെന്നോ ഏത് ഷൂട്ടിങ് സൈറ്റിലാണെന്നോ അരുൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇതിനെപറ്റി കൂടുതൽകാര്യങ്ങൾ പൊലീസുകാർക്കോ നാട്ടുകാർക്കോ വീട്ടുകാർക്കോ അറിയില്ല. നെടുമങ്ങാട് അരുൺ എന്തിനാണ് എത്തിയിരുന്നതെന്നും വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞദിവസമാണ് വിവാഹിതയായ പെൺകുട്ടിയെ അരുൺ വീട്ടിൽകയറി കുത്തുന്നത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സൂര്യഗായത്രി (20) ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുകയായിരുന്നു. സൂര്യഗായത്രിയുടെ അമ്മ നെടുമങ്ങാട് ലോട്ടറി കച്ചവടം നടത്തിയിരുന്നു. അവിടെ വച്ചാണ് സൂര്യഗായത്രിയുമായി അരുൺ പരിചയപ്പെടുന്നത്. അതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചത്.
സൂര്യഗായത്രിയുമായി അരുണിന് മുൻപരിചയം ഉണ്ടായിരുന്നുവങ്കിലും പിന്നീട് തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസിൽ പരാതി നൽകി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തർക്കമുണ്ടായി. ഭർത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സൂര്യഗായത്രിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് നിലവിളി ഉയർന്നുകേട്ടത്. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുൺ, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു.
മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാൻ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുൺ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛൻ ശിവദാസനെയും അരുൺ ക്രൂരമായി മർദിച്ചു. സൂര്യയുടെ തലമുതൽ കാൽ വരെ പതിനേഴ് ഇടങ്ങളിലാണ് അരുൺ കുത്തിയത്. തല ചുമരിൽ ഇടിച്ച് പലവട്ടം മുറിവേൽപ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാൾ വീണ്ടും വീണ്ടും കുത്തി. വീട്ടുരുടെ നിലവിളി ഉയർന്നതോടെ അയൽക്കാർ ഓടിയെത്തി. അതോടെ പുറത്തിറങ്ങി ഓടിയ അരുൺ സമീപത്തെ വീട്ടിലെ ടെറസിൽ ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നാട്ടുകാരുടെ സഹാത്തോടെ വലിയമല പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.
അയൽക്കാരുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ അരുൺ, സൂര്യഗായത്രിയുടെ അച്ഛനേയും അമ്മയേയും പോലും വകവരുത്തുമായിരുന്നുവെന്നതാണ് വസ്തുത. അരുണും വത്സലയും നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. അരുൺ പൊലീസ് നിരീക്ഷണത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ