മെൽബൺ: കളിക്കളത്തിന് പുറത്തായാലും അകത്തായാലും അൽപ്പം കുറുമ്പുകാരനാണ് വിൻഡീസ് താരം ക്രിസ് ഗെയിൽ. ജീവിതം അടിപൊളിയാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി. തന്റെ സ്വഭാവം കൊണ്ട് തന്നെ പലതവണ വിവാദത്തിൽ ചാടിയ ഗെയിൽ വീണ്ടും വിവാദ നായകനായി.

ഓസ്‌ട്രേലിയയിൽ ആഭ്യന്തര ട്വിന്റി 20 ക്രിക്കറ്റ് ടൂർണ്ണമെന്റായ ബിഗ് ബാഷ് ലീഗിനിടെ വനിതാ മാദ്ധ്യമപ്രവർത്തകയോട് ശൃംഗരിച്ചാണ് ഗെയിൽ വീണ്ടും വിവാദത്തിൽ ചാടിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു കടുത്ത വിമർശനം നേരിടേണ്ടി വന്നതോടെ താരം പരസ്യമായി മാപ്പു പറഞ്ഞു.

ബിഗ് ബാഷ് ലീഗിൽ ഹൊബാർട്ട് ഹറികേയ്ൻസിനെതിരെയുള്ള മൽസരത്തിനിടെയാണ് മെൽബൺ റെനെഗഡ്‌സ് താരമായ ഗെയ്ൽ മാദ്ധ്യമപ്രവർത്തകയോട് സെക്്‌സിയസ്റ്റ് പരാമർശം നടത്തിയത്. മാദ്ധ്യമപ്രവർത്തക സുന്ദരിയാണെന്ന് പറഞ്ഞ് ഗെയിൽ തന്റെയൊപ്പം മദ്യപിക്കാനും ക്ഷണിച്ചു. ഗെയിലിന്റെ പരാമർശങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ്.

ഗെയിൽ കളിക്കളത്തിൽ നിന്നും പുറത്തായ ഘട്ടത്തിലാണ് ഗെയ്‌ലിനെ വനിതാ ചാനൽ റിപ്പോർട്ടറായ മെൽ മക്‌ലാഫ്‌ലിൻ ഇന്റർവ്യൂവിനായി സമീപിച്ചത്. 15 പന്തിൽ 41 റൺസെടുത്താണ് ഗെയിൽ പുറത്തായത്. ക്രീസുവിട്ട ബാറ്റിങ് വെടിക്കെട്ടിനെ പറ്റി ആരാഞ്ഞ മെല്ലിനോട ഗെയിൽ പറഞ്ഞത് ഇങ്ങനെ: 'നിങ്ങളുമായി ഒരു ഇന്റർവ്യൂ വേണമായിരുന്നു, അതിനാലാണ് ഇവിടെ വന്നത്. നിങ്ങളുടെ കണ്ണുകൾ ആദ്യമായി നേരിട്ട് കാണാൻ സാധിച്ചു, വളരെ നല്ലത്'. തുടർന്ന് ഗെയ്ൽ ഒരു പടി കൂടെ കടന്ന് 'ഈ മൽസരം ഞങ്ങൾ ജയിക്കുമെന്നാണ് പ്രതീക്ഷ, അതിനു ശേഷം ഒരുമിച്ച് മദ്യപിക്കാം. നാണിക്കേണ്ട ബേബി' എന്നും പറഞ്ഞു.

ഒരു നിമിഷം നിശബ്ദയായ മെൽ, തുടർന്ന് ഗെയ്‌ലിനോട് അദ്ദേഹത്തെ അലട്ടിയ പരിക്കിനെക്കുറിച്ച് ചോദിച്ചു. പരുക്കിൽ നിന്നു പൂർണ മോചിതനാകാൻ ശ്രമിക്കുകയാണെന്നു മറുപടി പറഞ്ഞ ഗെയ്ൽ തുടർന്ന് 'എന്നിട്ട് നിങ്ങളുടെ കണ്ണുകളിൽ നോക്കി ഇരിക്കണം' എന്നും പറഞ്ഞു. ഇതോടെ നന്ദി പറഞ്ഞ് മെൽ അതിവേഗം അവിടെ നിന്നു മടങ്ങി. ഗെയ്‌ലാകട്ടെ ചിരിച്ചുകൊണ്ട് സഹതാരങ്ങളുടെ അടുത്തേക്ക് നീങ്ങി.

ഗെയ്‌ലിന്റെ പരാമർശത്തെ ബിഗ് ബാഷ് ലീഗ് തലവൻ അന്റണി എവറാർഡും വിമർശിച്ചു. ഗെയ്‌ലിനോടും മെൽബൺ റെനെഗഡ്‌സ് ടീമിന്റെ മാനേജ്‌മെന്റിനോടും ഇതു സംബന്ധിച്ച് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗെയ്ൽ മാപ്പ് പറയണമെന്ന് ചാനൽ 10ന്റെ കായിക വിഭാഗം തലവൻ ഡേവിഡ് ബർഹാം ആവശ്യപ്പെട്ടു. ഏറെ വിമർശനങ്ങൾ വന്നതോടെ ഒടുവിൽ ഗെയ്ൽ മാപ്പു പറയുകയായിരുന്നു.

അതിനിടെ, ഓസ്‌ട്രേലിയയിൽ 2015ലെ ക്രിക്കറ്റ് ലോകകപ്പിനിടെയും ഒരു സ്ത്രീയോട് ലൈംഗികച്ചുവയോടെ ഗെയ്ൽ സംസാരിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.