മാഞ്ചസ്റ്റർ: ട്വന്റി 20 ലോകകപ്പും ആഷസും കണക്കിലെടുത്ത് ഐപിഎല്ലിൽ നിന്ന് ഇംഗ്ലണ്ട് താരങ്ങൾ കൂട്ടത്തോടെ പിന്മാറുന്നു. ട്വന്റി 20 റാങ്കിംഗിൽ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനും പഞ്ചാബ് കിങ്‌സ് താരവുമായിരുന്ന ഡേവിഡ് മലൻ, സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണറായ ജോണി ബെയർ‌സ്റ്റോ, ഡൽഹി ക്യാപിറ്റൽസ് താരമായ ക്രിസ് വോക്‌സ് എന്നിവരാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്മാറിയത്.

പരിക്കേറ്റ ജോഫ്ര ആർച്ചർ, മാനസിക പ്രശ്‌നങ്ങളെത്തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുന്ന ബെൻ സ്റ്റോക്‌സസ് എന്നീ ഇംഗ്ലണ്ട് താരങ്ങളും ഇത്തവണ ഐപിഎല്ലിനില്ല. ട്വന്റി 20 ലോകകപ്പിലും ആഷസിലും ബയോ സെക്യുർ ബബ്ബിളിൽ കഴിയേണ്ടതിനാൽ കുടുംബത്തോടൊപ്പം കുറച്ചുസമയം ചെലവഴിക്കാനായാണ് ഇംഗ്ലീഷ് താരങ്ങൾ ഐപിഎൽ ഒഴിവാക്കിയത്.

അതേസമയം, ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ സാം കറൻ, മൊയീൻ അലി, രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും ഇംഗ്ലണ്ടിന്റെ നായകനുമായ ഓയിൻ മോർഗൻ, ആദിൽ റഷീദ്, ക്രിസ് ജോർദ്ദാൻ എന്നിവർ ഐപിഎല്ലിൽ തുടരും.

ഡേവിഡ് മലന് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ താരം ഏയ്ഡൻ മാർക്രത്തെ പഞ്ചാബ് കിങ് ടീമിലെടുത്തു. ഇന്ത്യയിൽ നടന്ന ഐപിഎൽ ആദ്യ പാദത്തിൽ പഞ്ചാബിനായി ഒരു മത്സരത്തിൽ മാത്രമാണ് മലൻ കളിച്ചത്.