മെൽബൺ: സെന്റ് തോമസ് സീറോ മലബാർ ഓസ്‌ട്രേലിയ രൂപതയുടെ നേതൃത്വത്തിൽ മെൽബൺ, കാൻബറ, പെർത്ത്, അഡ്‌ലൈഡ് എന്നീ നഗരങ്ങളിൽ കുട്ടികൾക്കായി ക്രിസ്റ്റീൻ ധ്യാനം സംഘടിപ്പിക്കുന്നു. കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രം ഡയറക്ടർ മേരിക്കുട്ടി ടീച്ചർ, ഫാ.അനൂപ് ജോസഫ്, ഫാ.സൈമൺ കല്ലടയിൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ബ്രദർ ജിബി ജോസഫ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പത്തുവയസു മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാണ് ധ്യാനം നടത്തുന്നത്. മെൽബണിൽ നോർത്ത്- വെസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകളിലായി രണ്ടു കേന്ദ്രങ്ങളിൽ ധ്യാനം നടക്കും. റിസർവോയർ ഈസ്റ്റിലുള്ള സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലാണ് നോർത്ത് വെസ്റ്റ് റീജിയണിലെ ധ്യാനം നടക്കുന്നത്. 22ന് തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിച്ച് 23ന് വൈകുന്നേരം അഞ്ചോടെ ധ്യാനം അവസാനിക്കും. ഡാൻഡിനോംഗിലെ സെന്റ് ജോൺസ് കോളേജിലെ ഹാളിൽ 24ന് രാവിലെ 9.30ന് ആരംഭിച്ച് 25ന് വൈകുന്നേരം അഞ്ചോട് അവസാനിക്കുന്ന ധ്യാനത്തിൽ സൗത്ത് ഈസ്റ്റ് റീജിയനിലെ കുട്ടികൾ പങ്കെടുക്കും.

കഴിഞ്ഞ വർഷം നടന്ന ക്രിസ്റ്റീൻ ധ്യാനത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും കിട്ടിയ ആവേശകരമായ പ്രതികരണമാണ് ഈ വർഷവും ധ്യാനം സംഘടിപ്പിക്കാൻ പ്രചോദനമായതെന്ന് രൂപതാ വികാരി ജനറാൽ ഫാ. ഫ്രാൻസിസീ കോലഞ്ചേരി അറിയിച്ചു. ക്രിസ്ത്രു കേന്ദ്രീകൃതമായ ജീവിതം നയിക്കുവാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്ന ക്രിസ്റ്റീൻ ധ്യാനത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ജനറൽ ജോബി ഫിലിപ്പിന്റെ നേതൃത്വത്തിൽ മെൽബണിൽ പൂർത്തിയായി വരുന്നു.