- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്റ്റിയൻ എറിക്സണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് താരത്തിന്റെ മുൻ കാർഡിയോളജിസ്റ്റ്; മൈതാനത്ത് വെച്ചുതന്നെ കാർഡിയാക് മസാജ് നൽകി; സംസാരിക്കുകയും ചെയ്തുവെന്ന് ടീം ഡോക്ടർ; ഡെന്മാർക്ക് താരത്തിന്റെ ജീവൻ രക്ഷിച്ചത് കൃത്യസമയത്തെ ഇടപെടൽ
കോപ്പൻഹേഗൻ: യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്റ്റിയൻ എറിക്സണിന്റെ ജീവൻ രക്ഷിച്ചത് ടീം ഡോക്ടറുടെയും സഹതാരങ്ങളുടെയും റഫറിയുടെയും കൃത്യസമയത്തുള്ള ഇടപെടൽ. മൈതാനത്തുവെച്ചു തന്നെ കാർഡിയാക് മസാജിന് വിധേയനാക്കിയിരുന്നതായി ടീം ഡോക്ടർ മോർട്ടൻ ബോസെൻ. ആശുപത്രിയിലേക്ക് മാറ്റും മുമ്പ് എറിക്സൺ സംസാരിച്ചിരുന്നതായും ടീം ഡോക്ടർ വ്യക്തമാക്കി.
അതേ സമയം ക്രിസ്റ്റിയൻ എറിക്സണ് മുൻപ് ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് താരത്തിന്റെ മുൻ കാർഡിയോളജിസ്റ്റ് സഞ്ജയ് ശർമ അറിയിച്ചു. എറിക്സൺ പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടനം ഹോട്ട്സ്പറിന്റെ ഭാഗമായിരുന്ന സമയത്ത് താരത്തിന്റെ കാർഡിയോളജിസ്റ്റായിരുന്നു ശർമ. ടോട്ടനത്തിനായി കളിക്കുന്ന കാലയളവിൽ താരത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു.
2013-ൽ ടോട്ടനത്തിലെത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ പരിശോധനകളെല്ലാം തൃപ്തികരമായിരുന്നുവെന്ന് ലണ്ടൻ സെന്റ് ജോർജ്ജ് യൂണിവേഴ്സിറ്റിയിലെ ഡോക്ടറായ ശർമ വ്യക്തമാക്കി.
''ഇന്നലത്തെ സംഭവത്തിന് ശേഷം പണ്ട് ഞങ്ങൾ എന്തെങ്കിലും ശ്രദ്ധിക്കാതെ പോയോ എന്നായിരുന്നു ഞാൻ വിചാരിച്ചത്. പക്ഷേ ഞാൻ പരിശോധനാ ഫലങ്ങളെല്ലാം നോക്കി, ഒന്നിലും കുഴപ്പമൊന്നും ഇല്ല. ഞങ്ങൾ (ടോട്ടനം) അദ്ദേഹത്തെ സൈൻ ചെയ്ത ദിവസം മുതൽ എല്ലാ വർഷവും അദ്ദേഹത്തെ പരിശോധിക്കുക എന്നത് എന്റെ ജോലിയായിരുന്നു. 2019 വരെയുള്ള അദ്ദേഹത്തിന്റെ പരിശോധനകളെല്ലാം സാധാരണ നിലയിലുള്ളവയായിരുന്നു. ഹൃദയ സംബന്ധമായ തകരാറുകളൊന്നും ഉണ്ടായിരുന്നില്ല. എനിക്കത് ഉറപ്പ് പറയാൻ സാധിക്കും. കാരണം ഞാനാണ് പരിശോധനകളെല്ലാം നടത്തിയത്.'' - ദ മെയ്ലിന് നൽകിയ അഭിമുഖത്തിൽ ശർമ പറഞ്ഞു.
മൈതാനത്ത് വീണുകിടന്ന എറിക്സണ് അടുത്തെത്തുമ്പോൾ അദ്ദേഹത്തിന് ശ്വാസവും പൾസും ഉണ്ടായിരുന്നുവെന്നും ജീവൻ രക്ഷിക്കുന്നതിനായി മൈതാനത്തുവെച്ചു തന്നെ കാർഡിയാക് മസാജിന് വിധേയനാക്കിയെന്നും മോർട്ടൻ ബോസെൻ വ്യക്തമാക്കി. മത്സരത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ടീം ഡോക്ടർ ഇക്കാര്യം പറഞ്ഞത്.
''പക്ഷേ പൊടുന്നെനെ ആ ചിത്രം മാറി, തുടർന്ന് അദ്ദേഹത്തിന് ജീവൻ രക്ഷിക്കാൻ കാർഡിയാക് മസാജ് നൽകി. ഞങ്ങൾക്ക് പെട്ടെന്നുതന്നെ സ്റ്റേഡിയം ഡോക്ടറുടെ സഹായവും ലഭിച്ചു, അങ്ങനെ ഞങ്ങൾക്ക് ക്രിസ്റ്റിയനെ തിരികെ കിട്ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ക്രിസ്റ്റിയൻ എന്നോട് സംസാരിക്കുകയും ചെയ്തു.'' - മോർട്ടൻ ബോസെൻ പറഞ്ഞു.
ശനിയാഴ്ച ഫിൻലാൻഡിനെതിരായ മത്സരം 42 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു സംഭവം. എതിർ ഹാഫിലെ ത്രോയിൽ നിന്ന് പന്ത് സ്വീകരിക്കാൻ മുന്നോട്ടാഞ്ഞ ഡാനിഷ് താരം ക്രിസ്റ്റ്യൻ എറിക്‌സൻ ആടിയുലഞ്ഞ് നിലത്തേക്ക് വീണു. പന്ത് എറിക്‌സന്റെ കാലുകളിൽ തട്ടി പുറത്തേക്ക് പോകുന്നതും വീഡിയോകളിൽ കാണാം.
അടുത്തുണ്ടായിരുന്ന സഹതാരത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും ഫിൻലൻഡ് താരങ്ങൾ അപകടം പെട്ടെന്ന് തിരിച്ചറിഞ്ഞ് റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. കളി നിയന്ത്രിച്ചിരുന്ന ആന്റണി ടെയ്‌ലർ ഉടൻ തന്നെ വൈദ്യസംഘത്തെ വിളിച്ച് അടിയന്തര ശുശ്രൂഷ നൽകി. ഡാനിഷ് താരങ്ങൾ എറിക്‌സന് ചുറ്റും നിന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. സംഭവത്തോടെ കാണികളും നടുക്കത്തിലായി. 15 മിനിറ്റോളം ശുശ്രൂഷ നൽകിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
തുടർന്ന് താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യുവേഫ അറിയിച്ചു. മത്സരം റദ്ദാക്കിയതായി അറിയിപ്പ് വന്നെങ്കിലും ഇരു ടീമിലെയും താരങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന് മത്സരം പുനരാരംഭിക്കുകയും ചെയ്തു. ഒരു മണിക്കൂർ 45 മിനിറ്റുകൾക്ക് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
സ്പോർട്സ് ഡെസ്ക്