കോപ്പൻഹേഗൻ: യൂറോ കപ്പ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്റെ സുഖവിവരം അന്വേഷിച്ചവർക്കും കുടുംബത്തെ ആശ്വസിപ്പിച്ചവർക്കും നന്ദി പറഞ്ഞ് ഡെന്മാർക്ക് ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ എറിക്‌സൺ. ആശുപത്രിയിൽ നിന്നുള്ള ആദ്യ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് പോസ്റ്റിലൂടെ എറിക്‌സൺ ആരാധകർ നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞത്.

ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലഭിച്ച ആശംസകൾക്കും ആശ്വാസവാക്കുകൾക്കും ആദ്യം തന്നെ നന്ദി. നിങ്ങൾ നൽകിയ പിന്തുണയും ആശ്വാസവാക്കുകളും എനിക്കും എന്റെ കുടുംബത്തിനും വിലമതിക്കാനാവാത്തതായിരുന്നു. എനിക്കിപ്പോൾ സുഖമാണ്, പക്ഷെ നിലവിലെ പരിതസ്ഥിതിയിൽ തുടർപരിശോധനകൾക്കായി കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടതായിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് വേറെ കുഴപ്പമൊന്നുമില്ല.

 
 
 
View this post on Instagram

A post shared by Christian Eriksen (@chriseriksen8)

ഡെന്മാർക്കിന്റെ അടുത്ത മത്സരത്തിനായി ആർപ്പുവിളിക്കാൻ നിങ്ങൾക്കൊപ്പം ഞാനുമുണ്ടാകും-എറിക്‌സൺ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ആദ്യ മത്സരത്തിൽ ഐസ്ലൻഡിനോട് തോറ്റ ഡെന്മാർക്കിന് വ്യാഴാഴ്ച ബെൽജിയത്തിനെതിരെയാണ് അടുത്ത മത്സരം.

യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിലെ ത്സരത്തിൽ ഫിൻലന്റിനെതിരേ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് എറിക്‌സൺ കുഴഞ്ഞുവീണത്. പ്രാഥമിക ശുശ്രൂഷ നൽകി വേഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുട്‌ബോൾ ലോകം ഭയന്നുപോയ നിമഷങ്ങളായിരുന്നു അത്. മത്സരം കുറച്ചുനേരം നിർത്തിവെയ്ക്കുകയും ചെയ്തു. താരം അപകടനില തരണം ചെയ്തതിന് ശേഷം പുനരാരംഭിച്ച മത്സരത്തിൽ ഫിൻലന്റ് വിജയിച്ചു.

ഹൃദയാഘാതമായിരുന്നു കാരണമെന്നും 13 മിനിറ്റ് സിപിആർ നൽകിയതിന് ശേഷമാണ് എറിക്‌സണെ തിരികെ കിട്ടിയതെന്നും ഡെന്മാർക്ക് ടീം ഡോക്ടർ പിന്നീട് വ്യക്തമാക്കി.