ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ ജന്മമെടുത്തതുമുതൽ ഈ സംഘടനയെ നശിപ്പിക്കാൻ പലരും രംഗത്തു വന്നിട്ടുണ്ട്. ഈ സംഘടന മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളും നിലപാടുകളും പലരുടെയും ഗൂഢലക്ഷ്യങ്ങൾക്കു തടസമാകുമെന്ന തിരിച്ചറിവാണ് ഈ എതിർപ്പിനു കാരണം. മതം മാറ്റം മാത്രം ലക്ഷ്യമാക്കി നടക്കുന്ന വിവാഹ വഞ്ചനകൾക്കെതിരെ പ്രതിഷേധവും ബോധവത്കരണവും നടത്താൻ തുടങ്ങിയപ്പോൾ ഇസ്ലാമിക തീവ്രവാദി സംഘടനകളാണ് സി.എച്ച്.എൽനെതിരേ ആദ്യം രംഗത്തുവന്നത്. സംഘടനക്ക് രൂപം നൽകിയ രഞ്ജിത്ത് ഏബ്രഹാം തോമസ് ആത്മഹത്യ ചെയ്തുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയും മതമൗലികവാദികൾ അദ്ദേഹത്തെ ഈ ഉദ്യമത്തിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഭീഷണികളിൽ തളരാതെ അദ്ദേഹം തന്റെ പ്രവർത്തനവുമായി മുന്നോട്ടു പോയപ്പോൾ സഭാഭേദമില്ലാതെ ഒട്ടേറെ ക്രൈസ്തവർ സി.എച്ച്.എൽ എന്ന പ്രസ്ഥാനത്തിൽ അണി ചേർന്നു. എന്നാൽ സി.എച്ച്.എല്ലിന്റെ ജനപിന്തുണ വർധിക്കുന്നതിൽ അസ്വസ്ഥതയുള്ള ഒട്ടേറെപ്പേർ ചില ക്രൈസ്തവ നാമധാരികളെയും കടലാസു സംഘടനകളെയും കൂട്ടുപിടിച്ച് ഈ സംഘടനയ്‌ക്കെതിരേ വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. ക്രിസ്ത്യൻ ഹെൽപ്പ് ലൈനിനെ പ്രതിരോധിക്കാൻ മാത്രമായി 'പുതു വിജിലന്റ്' ഗ്രൂപ്പുകളും ഉടലെടുത്തു. ഈ അവസരത്തിൽ സി.എച്ച്.എല്ലിനെതിരായുള്ള ആരോപണങ്ങൾക്ക് മറുപടി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ (CHL) എന്താണ് ?

വി.മത്തായി 10.16 ൽ കാണുന്നു, ''നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിൻ'. ഈ ക്രിസ്തുവചനം മുദ്രാവാക്യമായി സ്വീകരിച്ചുകൊണ്ട് ക്രൈസ്തവമൂല്യങ്ങളുടെയും ആർഷഭാരതസംസ്‌കാരത്തിന്റെയും സത്ത ഉൾക്കൊണ്ടുകൊണ്ട് സഭാഭേദമെന്യേ ക്രൈസ്തവവിശ്വാസികളുടെ ഐക്യവും ഉന്നമനവും ശാക്തീകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്രിസ്തുമാർഗം പിന്തുടരുന്ന ദേശസ്‌നേഹികളും സമുദായസ്‌നേഹികളുമായ വ്യക്തികളുടെ കൂട്ടായ്മയാണ് 'ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ'.

  • ഈ സംഘടനക്ക് സംഘപരിവാർ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം ?

മ്മുടെ ജന്മഭൂമിയായ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'രാഷ്ട്രീയ സ്വയം സേവക സംഘം' അകറ്റി നിർത്തപ്പെടേണ്ട 'ഭീകര സംഘടന' ആണെന്ന് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ അംഗങ്ങൾ കരുതുന്നില്ല. അതേസമയം ഈ നാടിനെ വെട്ടിമുറിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന 'മതേതരത്വ' 'മനുഷ്യാവകാശ' മുഖം മൂടിയണിഞ്ഞ ഭീകരസംഘടനകളെ ശക്തിയുക്തം എതിർക്കേണ്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സംഘപരിവാർ സംഘടനകളുമായും ഹിന്ദു ഹെൽപ്പ് ലൈനുമായും ചേർന്നു പ്രവർത്തിക്കുന്നത് ഒരു മഹാ അപരാധമായി ഞങ്ങൾ കരുതുന്നില്ല. മാത്രമല്ല , ഭാരതത്തിലെ 'മൈക്രോസ്‌കോപ്പിക് മൈനോറിറ്റി' ആയ ക്രൈസ്തവരിലെ ഒരു വിഭാഗം രൂപീകരിച്ച ഈ സംഘടനനയുടെ ബലം അതിനു പിന്നിലുള്ള സംഘശക്തിയാണെന്ന നിങ്ങളുടെ ആരോപണത്തിൽ ഞങ്ങൾ അഭിമാനിക്കുകയും ചെയ്യുന്നു. സി.എച്ച്.എല്ലിന്റെ ആശയങ്ങളിൽ ആകൃഷ്ടരായി ഞങ്ങളോടോപ്പം ചേരുകയും എന്നാൽ വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണം പുലർത്തുകയും ചെയ്യുന്ന അംഗങ്ങളും സി.എച്ച്.എല്ലിൽ ഉണ്ട് എന്നത് ഈ സംഘടന മുന്നോട്ടു വയ്ക്കുന്ന ചിന്തകൾക്ക് ക്രൈസ്തവർക്കിടയിൽ സ്വാധീനം ചെലുത്താൻ ആകുന്നുണ്ട് എന്നതിന്റെ തെളിവാണ്. സി.എച്ച്.എല്ലിന്റെ ഈ സ്വീകാര്യതയിൽ വിറളിപൂണ്ട ചിലരുടെ വ്യാജപ്രചരണങ്ങളോ ഭീഷണികളോ ഞങ്ങളെ തളർത്തുന്നില്ല.

  • ബിഷപ്പുമാരുടെ പിന്തുണ?

സി.എച്ച്.എൽ രക്ഷാധികാരിയായ അഭി.പിതാവ് മാത്യൂസ് മാർ ഗ്രിഗോറിയോസ് തിരുമേനിയെ വ്യക്തിപരമായി അവഹേളിക്കാനും സി.എച്ച്.എൽ വിരോധികൾ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സഭാരൂപീകരണവുമായി ബന്ധപ്പെട്ട അപവാദങ്ങൾക്ക് മറുപടിയായി പറയട്ടെ. ക്രിസ്തു സ്ഥാപിച്ചത് ഏക സഭയാണ്. ഇന്നു ലോകത്തു കാണുന്ന ആയിരക്കണക്കിനു സഭകൾ എങ്ങനെയുണ്ടായി എന്നു പരിശോധിച്ചാൽ അതിനു പിന്നിലുള്ളത് സിംഹാസനങ്ങൾക്കു വേണ്ടിയുള്ള തർക്കങ്ങളും ബൈബിൾ വ്യാഖ്യാനത്തിലുള്ള അഭിപ്രായഭിന്നതകളുമാണെന്നു മനസ്സിലാക്കാം. കുഞ്ഞാടുകൾ തങ്ങളുടെ ഇടയരുടെ തർക്കങ്ങളിൽ പലപ്പോളും ബലിയാടുകൾ ആവുകയായിരുന്നു. അഭിവന്ദ്യ മാത്യൂസ് മാർ ഗ്രിഗോറിയോസ് തിരുമേനിയും അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകളും പള്ളികൾ പിടിച്ചടക്കാനോ, കുരിശു കത്തിക്കാനോ പോയിട്ടില്ല. കുർബാന ചൊല്ലേണ്ടത് കർത്താവിനെ നോക്കിയാണോ വിശ്വാസികളെ നോക്കിയാണോ എന്ന തർക്കവും അവർക്കിടയിലില്ല. കോഴ നിയമനങ്ങളും മറ്റു വാണിജ്യ താല്പര്യങ്ങളും സംരക്ഷിക്കാൻ കുഞ്ഞാടുകളെ വെച്ചു വിലപേശുന്ന ആളുമല്ല അദ്ദേഹം. അതിനാൽ വിശ്വാസപരമായി വ്യത്യസ്ത ആശയങ്ങളിൽ നിലകൊള്ളുമ്പോളും ക്രിസ്ത്യാനി എന്ന സ്വത്വം മുറുകെപ്പിടിച്ച് ഒറ്റക്കെട്ടായി നിൽക്കുന്ന ആട്ടിൻകൂട്ടത്തെ വഴിതെളിക്കാൻ സർവഥാ യോഗ്യനായ ഇടയനാണ് അദ്ദേഹമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. വഴികാട്ടാനും തിരുത്തലുകൾ നൽകാനും മറ്റു സഭാതലവന്മാരും വൈദിക ശ്രേഷ്ഠരും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ഞങ്ങൾ ആത്മാ!ർത്ഥമായി ആഗ്രഹിക്കുന്നു. പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വിലയിരുത്തി യഥാർത്ഥ 'എക്യുമെനിസം' നിലനിൽക്കുന്ന സി.എച്ച്.എല്ലിൽ ചേരാൻ ഏവരെയും സ്‌നേഹപൂർവം ക്ഷണിക്കുകയും ചെയ്യുന്നു.

(മറ്റൊന്ന് കൂടി സൂചിപ്പിക്കട്ടേ, ന്യൂനപക്ഷ സമുദായങ്ങൾക്ക് സർക്കാർ നൽകുന്ന സേവനങ്ങൾ ക്രൈസ്തവരിൽ ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമാകുന്ന കാര്യം ഒരു പ്രബലസഭയുടെ പ്രമുഖന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ സർക്കാരിനെ പ്രതിഷേധമറിയിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് സി.എച്ച്.എൽ അംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഞങ്ങൾ ഇപ്പോൾ സ്‌കൂളുകളിലെ അദ്ധ്യാപകനിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി തിരക്കിലാണ് എന്നായിരുന്നു. വിശ്വാസികൾ ചിന്തിക്കട്ടെ, ആര് ആരുടെ പക്ഷത്ത് എന്ന് )

  • സോഷ്യൽ മീഡിയ ആക്രമണവും വ്യാജ അക്കൗണ്ടുകളും?

വിജിലന്റ് കാത്തലിക്' എന്ന ഫേസ് ബുക്ക് പേജിൽ സി.എച്ച്.എൽ, ആർഎസ്എസ് പ്രവർത്തകർ സൈബർ ആക്രമണം നടത്തി എന്നാണ് ഒരു ആരോപണം. 'വിജിലന്റ് കാത്തലിക്' എന്ന പേരിൽ 'പ്രമുഖ വൈദികരും അൽമായരും' ചേർന്ന് ഔദ്യോഗികമായി ഫേസ്‌ബുക്ക് പേജ് തുടങ്ങുന്നുവെന്നും എല്ലാവരും ആ പേജ് ലൈക്ക് ചെയ്യണമെന്നും പെട്ടെന്ന് ഒരു ദിവസം വിവിധ ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ ഒരു സന്ദേശം പ്രചരിച്ചു. എന്നാൽ ഈ സന്ദേശം പ്രചരിപ്പിച്ചവർക്കും പേജ് ലൈക്ക് ചെയ്തവർക്കും ഈ 'പ്രമുഖർ' ആരെന്ന് ഇന്നുവരെ മനസ്സിലായിട്ടില്ല. പ്രസ്തുത പേജിൽ സി.എച്ച്.എല്ലിനെതിരായി ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ആ!ധികാരികമെന്നനിലയിലുള്ള ആ പോസ്റ്റ് ആര് എഴുതിയെന്നോ, ആരാണ് ഈ പേജിനു പിന്നിൽ ഉള്ളതെന്നോ ആർക്കും അറിയില്ല. സോഷ്യൽ മീഡിയയിൽ സജീവമായ സി.എച്ച്.എൽ അംഗങ്ങൾ ആ പോസ്റ്റിൽ കമന്റായും, പേജിനുള്ള സന്ദേശമായും ഈ പേജിനു പിന്നിലുള്ള 'പ്രമുഖരോട്' വെളിച്ചത്ത് വരുവാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിനു തയ്യാറായില്ല. അതിനാലാണ് ഫേസ്‌ബുക്കിൽ സി.എച്ച്.എൽ അംഗങ്ങൾ നെഗറ്റീവ് റിവ്യൂ നൽകി പ്രതികരിച്ചത്. ഇതുവരെ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താത്ത ആളുകൾ നടത്തുന്ന പേജ് 'ഔദ്യോഗികം' എന്ന് അംഗീകരിക്കാൻ ഞങ്ങൾക്കു സാധിക്കില്ല. അങ്ങനെയുള്ളവർ ഞങ്ങളെ 'ഫേക്ക് അക്കൗണ്ടുകൾ' എന്നു മുദ്രകുത്തുന്നതിനെ അർഹിക്കുന്ന അവജ്ഞയോടെ ഞങ്ങൾ തള്ളിക്കളയുന്നു. ഞങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ മാന്യമായ ഭാഷയിൽ 'വിജിലന്റ് കാത്തലിക്കിനു' മറുപടി നൽകിയത് ക്രിസ്തുവിനും ക്രിസ്ത്യാനികൾക്കും വേണ്ടി പ്രവർത്തിക്കുന്നവർ ഞങ്ങളുടെ ഭാഗത്തുതന്നെയാണ് എന്നു ഞങ്ങൾ കരുതുന്നതിനാലാണ്. സി.എച്ച്.എല്ലിനു സംസ്ഥാന, ജില്ലാ തലങ്ങളിൽ നേതൃത്വം നൽകുന്നവർ ആരും ഒളിഞ്ഞിരുന്നു പ്രവർത്തിക്കുന്നവരല്ല. ഒളിച്ചിരിക്കുന്ന നേതാക്കൾക്ക് ആരെയും നയിക്കാൻ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞ് വെളിച്ചത്തു വരാൻ ഞങ്ങൾ 'വിജിലന്റ് കാത്തലിക്കിനു' പിന്നിലുള്ളവരോട് സ്‌നേഹപൂർവം ആവശ്യപ്പെടുന്നു. യോജിക്കാവുന്ന വിഷയങ്ങളിൽ യോജിച്ചുകൊണ്ട് നമുക്ക് 'വിജിലന്റ് ക്രിസ്ത്യൻ' ആയി മാറാം.

  • സി.എച്ച്.എൽ മുസ്ലിം വിരുദ്ധമോ ?

സി.എച്ച്.എൽ മുസ്ലിം വിരുദ്ധമല്ല, തീവ്രവാദവിരുദ്ധമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെയും ക്രൈസ്തവസമുദായത്തിന്റെയും നിലനിൽപ്പിനു ഭീഷണിയുയർത്തുന്ന തീവ്രവാദത്തെ സി.എച്ച്.എൽ എതിർക്കുന്നു. ഈ നാടിനെ പാക്കിസ്ഥാനും സിറിയയുമാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന മതഭ്രാന്തരെ ഞങ്ങൾ എതിർക്കുന്നു. നല്ലവരും സമാധാനകാംക്ഷികളുമായ ഈ നാടിന്റെ ചൂരും ചൂടുമുള്ള മുസ്ലിം സഹോദരങ്ങളെ ഞങ്ങൾ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ സമുദായങ്ങൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. ന്യൂനപക്ഷ സമുദായങ്ങൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ മുസ്ലിം സമുദായത്തെ കേന്ദ്രീകരിച്ച് ആകുന്നതിൽ വിവേചനമുണ്ടെന്നും പ്രീണനരാഷ്ട്രീയമാണെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരുമ്പോൾ അതു മുസ്ലീങ്ങൾക്കെതിരാണെന്ന് ദയവായി വ്യാഖ്യാനിക്കരുത്. മുസ്ലിം സമുദായാംഗങ്ങൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുന്നതിൽ ഞങ്ങൾക്ക് ഒരു എതിർപ്പും ഇല്ല. ക്രിസ്ത്യൻ സമുദായാംഗങ്ങൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിനെയാണ് ഞങ്ങൾ എതിർക്കുന്നത്.

  • ബിജെപി രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്ന നിങ്ങൾ സമുദായത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നു?

വെറും ബാലിശമായ ഒരു ആരോപണം മാത്രമാണ് ഇത്. ഈ സംഘടന ക്രിസ്ത്യാനികൾക്കു വേണ്ടി ക്രിസ്ത്യാനികൾ നടത്തുന്ന ക്രിസ്ത്യാനികളുടെ സംഘടനയാണ്. രാഷ്ട്രീയ നിലപാട് വ്യത്യസ്തമായതുകൊണ്ട് ഞങ്ങൾ ക്രിസ്ത്യാനികൾ അല്ലെന്ന് മുദ്രകുത്താൻ ആരും ശ്രമിക്കേണ്ട. ക്രൈസ്തവവിരുദ്ധവും ദൈവവിരുദ്ധവുമായ ആശയങ്ങൾ ഉള്ള കമ്മ്യൂണിസ്റ്റു പാർട്ടികളിൽ ക്രിസ്ത്യാനികൾക്കു പ്രവർത്തിക്കാമെങ്കിൽ ഈ രാജ്യം ഭരിക്കുന്ന, ഈ നാടിന്റെ സംസ്‌കാരം പേറുന്ന ബിജെപിയിൽ പ്രവർത്തിക്കാനും ഞങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. 'അതു ഞങ്ങളുടെ ഇഷ്ടം, ഞങ്ങളുടെ ഇഷ്ടം, ഞങ്ങളതു ചെയ്യും....' തൽക്കാലം കടലാസ് സംഘടനയായ 'എ.കെ.സി.സി'യിലോ ക്രൈസ്തവസമൂഹത്തെ വിറ്റു വറ്റുണ്ട് വളരുകയും പിളരുകയും ചെയ്ത കേരളാ കോൺഗ്രസിലോ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല. (കെ.സി.വൈ.എം പിള്ളാർക്കൊക്കെ ഇപ്പോളും രാഷ്ട്രീയ പ്രവർത്തനം ഉണ്ടല്ലോ അല്ലേ??)

  • സി.എച്ച്.എൽ പ്രതിനിധി സമ്മേളനം തീവ്രവാദ സ്വഭാവമുള്ളതായിരിക്കുമോ?

തിനൊക്കെ എന്താണ് മറുപടി പറയുക? ഞങ്ങൾ പ്രതിനിധി സമ്മേളനം നടത്തുന്നത് രഹസ്യ ക്യാമ്പുകളായി കാടുകളിലും ഗുഹകളിലും വച്ചല്ല. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമപ്രവർത്തകരും പൊതുജനങ്ങളുമൊക്കെ ആ സമ്മേളനത്തിൽ കാണും. 'കടക്കൂ പുറത്ത് ' എന്ന് ആരും ആരോടും പറയില്ല.

  • സംസ്ഥാന കൺവീനർ രഞ്ജിത്ത് ഏബ്രഹാം തോമസിന്റെ സമുദായ അടിത്തറയും ബിജെപി ബന്ധവും ?

ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ എന്ന ഈ സംഘടനക്ക് രൂപം നൽകിയ രഞ്ജിത്ത് ഏബ്രഹാം തോമസ് മാർത്തോമ്മാ സമുദായ അംഗമാണ്. സഭയുടെ മുൻ മണ്ഡലാംഗവും ഇടവകയുടെയും യുവജനസഖ്യത്തിന്റെയും വിവിധ തലങ്ങളിൽ ഭാരവാഹിയായി പ്രവർത്തിച്ച വ്യക്തിയുമാണ്. പതിനാല് സഭകളുടെ എക്യൂമെനിക്കൽ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) മലപ്പുറം സോൺ സെക്രട്ടറിയും ആയിരുന്നു. തന്റെ ബിജെപി ബന്ധം മറച്ചു വയ്ക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുമില്ല. ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോർച്ചയുടെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും ജന്മഭൂമി ദിനപത്രത്തിന്റെ റിപ്പോർട്ടറും ആയിരുന്നു അദ്ദേഹം. ഒരു ക്രിസ്ത്യാനി ബിജെപിക്കാരൻ ആകരുതെന്ന് ഏത് സഭയുടെ ഭരണഘടനയിലാണ് എഴുതി വച്ചിരിക്കുന്നത് ? ഒന്ന് വ്യക്തമാക്കുമോ...? അദ്ദേഹം മാത്രമല്ല ഈ സംഘടനയിൽ പ്രവർത്തിക്കുന്ന മഹാ ഭൂരിപക്ഷം ക്രിസ്ത്യാനികളും ബിജെപി അനുഭാവം ഉള്ളവർ തന്നെയാണ്. പതിനാറ് ക്രൈസ്തവ സഭകളിൽ നിന്നുള്ളവർ ഇന്ന് ഈ സംഘടനയിൽ ഉണ്ട്.

ഉപസംഹാരം

ങ്ങൾക്കെതിരായി ലേഖനങ്ങൾ പടച്ചുവിടുന്നവരും പേജുകളും ഗ്രൂപ്പുകളും ക്രിയേറ്റ് ചെയ്യുന്നവരുമായ മുഖമില്ലാത്ത 'പ്രമുഖരോടും' 'ഒരു വിശ്വാസി'കളോടും ഞങ്ങൾക്കു പറയാനുള്ളത് ഇതാണ്, നിങ്ങൾ ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് വരിക....

ക്രൈസ്തവ സമൂഹത്തിന്റെ സാമുദായികവും രാഷ്ട്രീയവുമായ ശാക്തീകരണം ആണ് സി.എച്ച്.എൽ ലക്ഷ്യം വയ്ക്കുന്നത്. സമുദായത്തിലെ പാവപ്പെട്ടവർക്കും അവഗണിക്കപ്പെടുന്നവർക്കും സഹായം ആവശ്യമുള്ളവർക്കുമൊപ്പം നല്ല സമറായനായി സി.എച്ച്.എൽ പ്രവർത്തകർ ഉണ്ടാവും. അഭിവന്ദ്യ മാത്യൂസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഇതൊരു പുതിയ സഭയായി മാറുമെന്ന് ബഹുമാനപ്പെട്ട ബിഷപ്പുമാരും അച്ചന്മാരും ഭയക്കേണ്ടതില്ല. ഇത് തികച്ചും ഒരു അൽമായ സംഘടനയാണ്. ഒരു ജനകീയ പ്രശ്‌നങ്ങളും ഏറ്റെടുത്തു വിജയിപ്പിക്കാൻ സാധിക്കാത്ത എ.കെ.സി.സിയും കെ.സി.വൈ.എമ്മും പോലെ പ്രതികരണശേഷി ഇല്ലാത്ത അൽമായസംഘടനയല്ല. സമുദായത്തിന്റെ ഐക്യത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കാൻ ചങ്കുറപ്പുള്ള ക്രൈസ്തവരുടെ സംഘടനയാണിത്.