- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾവര കടന്നിട്ടും ഗോളനുവദിക്കാതെ റഫറി; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പൊട്ടിത്തെറിച്ച് റൊണാൾഡോ; മത്സരശേഷം മാപ്പുപറഞ്ഞ് ഡച്ച് റഫറി
ബൽഗ്രേഡ്: ലോകകപ്പ് യോഗ്യത തേടിയുള്ള നിർണായക എ ഗ്രൂപ്പ് മത്സരത്തിൽ സെർബിയയെക്കെതിരെ പോർച്ചുഗലിനായി അവസാന നിമിഷം നേടിയ വിജയഗോൾ റഫറി അനുവദിക്കാത്തതിനെതിരെ പൊട്ടിത്തെറിച്ച് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ഷോട്ട് ഗോൾലൈൻ കടന്നിട്ടും അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനത്തിൽ പരസ്യമായി പ്രതിഷേധിച്ച റൊണാൾഡോ, ക്യാപ്റ്റന്റെ ആംബാൻഡ് ഊരിയെറിഞ്ഞ് ഫൈനൽ വിസിൽ മുഴങ്ങും മുൻപേ ഗ്രൗണ്ട് വിട്ടു. ഗോളിനായി വാദിച്ച് പ്രതിഷേധിച്ച റൊണാൾഡോയ്ക്ക് റഫറി മഞ്ഞക്കാർഡും നൽകി. ഈ ഗോൾ അനുവദിക്കാതിരുന്നതോടെ പോർച്ചുഗലും സെർബിയയും 22 സമനിലയിൽ പിരിഞ്ഞു.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 'വാറും' ഗോൾലൈൻ സാങ്കേതിക വിദ്യയും ഉപയോഗിക്കാത്ത സാഹചര്യത്തിലാണ് ഉറപ്പുള്ള ഗോളും വിജയവും പോർച്ചുഗലിന് നഷ്ടമായത്. ലോകകപ്പ് യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിലാണ് നാടകീയ നിമിഷങ്ങൾ നിറഞ്ഞ ആവേശപ്പോരാട്ടം അരങ്ങേറിയത്. ലിവർപൂൾ താരം ഡീഗോ ജോട്ട നേടിയ ഇരട്ട ഹെഡർ ഗോളുകളിൽ (11, 36) ലീഡെടുത്തത് പോർച്ചുഗലായിരുന്നു. എന്നാൽ, അലക്സാണ്ടർ മിട്രോവിച്ച് (46), ഫിലിപ് കോസ്റ്റിച് (60) എന്നിവരുടെ ഗോളുകളിൽ സെർബിയ ഒപ്പമെത്തി.
ഇതിനിടെയാണ് സമനില ഉറപ്പിച്ച മത്സരത്തിൽ ഇൻജറി ടൈമിന്റെയും അവസാന മിനിറ്റിൽ റൊണാൾഡോ ലക്ഷ്യം കണ്ടത്. സെർബിയ ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് ദുഷ്കരമായ ആംഗിളിൽനിന്ന് ഗോൾകീപ്പറെ കബളിപ്പിച്ച് റൊണാൾഡോ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. സെർബിയൻ താരം സ്റ്റീഫൻ മിട്രോവിച്ച് നിരങ്ങിയെത്തി പന്ത് പുറത്തേക്കടിച്ചെങ്കിലും, അതിനു മുൻപേ പന്ത് ഗോൾവര കടന്നിരുന്നു.
ഗോളാണെന്ന ധാരണയിൽ റൊണാൾഡോ ആഘോഷത്തിലേക്ക് കടന്നെങ്കിലും സൈഡ് റഫറിയുമായി ആലോചിച്ച് ഡച്ച് റഫറി ഡാനി മക്കലി ഗോൾ നിഷേധിച്ചു. റൊണാൾഡോ കടുത്ത ഭാഷയിൽ പ്രതിഷേധിച്ചെങ്കിലും റഫറി മഞ്ഞക്കാർഡ് നൽകിയാണ് താരത്തെ അടക്കിയത്. ഇതോടെ ക്രുദ്ധനായ റൊണാൾഡോ ഫൈനൽ വിസിലിന് കാക്കാതെ ഗ്രൗണ്ട് വിട്ടു. പുറത്തേക്കു പോകുമ്പോൾ ക്യാപ്റ്റന്റെ ആംബാൻഡും അദ്ദേഹം ഊരിയെറിഞ്ഞു. മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെയും അദ്ദേഹം തന്റെ പ്രതിഷേധം പരസ്യമാക്കി.
എന്നാൽ മത്സരശേഷം തനിക്ക് പറ്റിയ പിഴവിന് ഡച്ച് റഫറി ഡാനി മക്കലി എത്തി മാപ്പു പറഞ്ഞതെന്ന് പോർചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻേറാസ് പറഞ്ഞു. മത്സര ശേഷം കളിയുടെ റീപ്ലേ കണ്ടാണ് റഫറി പോർച്ചുഗൽ പരിശീലകന്റെ അടുത്തെത്തി സംഭവിച്ചതിൽ മാപ്പുപറഞ്ഞത്.
ആദ്യം രണ്ടു ഗോളുമായി മുന്നിട്ടുനിന്ന പോർച്ചുഗലിനെ ഞെട്ടിച്ച് തുടരെ രണ്ടെണ്ണം വീട്ടി സെർബിയ ഒപ്പം പിടിച്ച കളി അവസാന വിസിലിലേക്ക് നീങ്ങുമ്പോഴായിരുന്നു പോർച്ചുഗലിന് 'ഭാഗ്യ' നിമിഷമെത്തിയത്. പെനാൽറ്റി ബോക്സിനരികെ കാലിൽകിട്ടിയ പന്ത് പതിയെ ഗോളിയെയും കടന്ന് പോസ്റ്റിലേക്ക് ക്രിസ്റ്റ്യാനോ തട്ടിയിടുന്നു. ഓടിയെത്തിയ സെർബിയ പ്രതിരോധ താരം സ്റ്റീഫൻ മിത്രോവിച്ച് പന്ത് അടിച്ചകറ്റുമ്പോഴേക്ക് കുമ്മായ വര കടന്നിരുന്നു. പക്ഷേ, കൺപാർത്തിരുന്ന റഫറിയുടെ കണ്ണിൽ പതിയാതെ വന്നതോടെയാണ് ഗോൾ അനുവദിക്കാതിരുന്നത്.
'പോർച്ചുഗൽ ടീമിനെ നയിക്കാനുള്ള ഈ അവസരം എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള നിമിഷമാണ്. എന്റെ രാജ്യത്തിനായി കഴിവിന്റെ പരമാവധി ഞാൻ നൽകും. അതിന് യാതൊരു മാറ്റവുമില്ല. എങ്കിലും അതീവ ദുഷ്കരമായ നിമിഷങ്ങളും നമ്മുടെ ജീവിതത്തിലുണ്ടാകും. പ്രത്യേകിച്ചും ഒരു രാജ്യം പൂർണമായും മുറിവേൽക്കുന്ന നിമിഷങ്ങൾ. ശിരസ്സുയർത്തിത്തന്നെ അടുത്ത വെല്ലിവിളിക്കായി കാത്തിരിക്കുന്നു' റൊണാൾഡോ കുറിച്ചു.
ഹോളണ്ട്, ക്രൊയേഷ്യ ജയിച്ചു
മറ്റൊരു ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഹോളണ്ട് ലാത്വിയയെ വീഴ്ത്തി ആദ്യ ജയം സ്വന്തമാക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഹോളണ്ടിന്റെ വിജയം. മറ്റു മത്സരങ്ങളിൽ ക്രൊയേഷ്യ സൈപ്രസിനെയും (10) റഷ്യ സ്ലോവേനിയയെയും (21) തുർക്കി നോർവെയേയും (30) ലക്സംബർഗ് റിപ്പബ്ലിക്ക് ഓഫ് അയർലൻഡിനെയും തോൽപ്പിച്ചു.
What drama at the end of Portugal vs Serbia. Ronaldo scores but no goal line technology. pic.twitter.com/wa6ZgFp2qd
- Footy Videos (@manosbayku) March 27, 2021
സ്പോർട്സ് ഡെസ്ക്