ഇറ്റലി: ആരാധകരെ അതിശയിപ്പിച്ചത് റൊണാൾഡോയുടെ ബൈസൈക്കിൾ കിക്ക് ഗോൾ. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ യുവന്റെസിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് റയൽ മാഡ്രിഡ് തകർത്തപ്പോൾ കണ്ണിന് കുളിരായത് ആരാധകരുടെ പ്രിയ റോണോയുടെ എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ്. യുവന്റെസിന്റെ ഹോം ഗ്രൗണ്ടായ ട്യൂറിനിലാണ് ആരാധകരെ അതിശയിപ്പിച്ച റൊണാൾഡോയുടെ വിസ്മയ ഗോൾ പിറന്നത്. ഇതോടെ തുടർച്ചയായ പത്ത് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്വന്തമായി.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് എന്നാണ് ഈ ഗോളിനെ റയൽ കോച്ച് സിദാൻ വിശേഷിപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കളിക്കാരന് മാത്രം സാധിക്കുന്നതാണ് ഈ ഗോൾ. എപ്പോഴും വ്യത്യസ്തമായി ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് റോണോയ്ക്കുണ്ടെന്നും സിദാൻ കൂട്ടിച്ചേർത്തു.

2002ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇതുപോലെതന്നെ ഒരു ഗോൾ സിദാൻ നേടിയിട്ടുണ്ട്. അക്കാര്യം മാധ്യമങ്ങൾ സൂചിപ്പിച്ചപ്പോഴുള്ള സിദാന്റെ മറുപടിയും രസകരമായിരുന്നു- നിങ്ങൾ താരതമ്യപ്പെടുത്തിക്കോളൂ, പക്ഷേ എന്റെ ഗോൾതന്നെയാണ് മനോഹരം എന്നുറപ്പല്ലേ! സിദാന്റെ മറുപടി കേൾവിക്കാരിൽ ചിരിപടർത്തി.

യുവന്റസിനെതിരായ ഗോൾ നേട്ടത്തോടെ തുടർച്ചയായ പത്ത് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ബഹുമതി റൊണാൾഡോ സ്വന്തമാക്കി. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച റോണോയുടെ ഗോൾ താഴെ കാണാം.