- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവന്റസുമായുള്ള കരാർ അവസാനിപ്പിച്ചു; മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചകൾ ആരംഭിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; അഭ്യൂഹങ്ങൾക്കിടെ വാർത്ത സ്ഥിരീകരിച്ച് ഫബ്രിസിയോ റൊമാനോയുടെ ട്വീറ്റ്
ടൂറിൻ: ഇറ്റാലിയൻ ക്ലബ് യുവന്റസുമായുള്ള കരാർ അവസാനിപ്പിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ടീം വിടുകയാണ് എന്ന് ക്രിസ്റ്റ്യാനോ സഹതാരങ്ങളെ അറിയിച്ചതായി ട്രാൻസ്ഫർ ജേണലിസ്റ്റ് ഫബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. പ്രതിഫലക്കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ച നടന്നു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.
രണ്ടു വർഷത്തെ കരാറാണ് സിറ്റിയുമായി താരം ഒപ്പുവയ്ക്കുന്നത് എന്നാണ് സൂചന. ഒരു സീസണിന് 14-15 ദശലക്ഷം യൂറോ (130 കോടി രൂപ)യാണ് പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ളതെന്ന് റൊമാനോ പറയുന്നു. നിലവിൽ 31 ദശലക്ഷം യൂറോയാണ് ഒരു സീസണിൽ യുവന്റസ് താരത്തിന് നൽകുന്നത്.
താരത്തെ കൈമാറാൻ ട്രാൻസ്ഫർ ഫീയായി 28-30 മില്യൺ യൂറോ വേണമെന്നാണ് യുവന്റസിന്റെ നിലപാട്. ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോയുടെ ഏജൻസ് ജോർജ് മെൻഡെസ് ക്ലബ് അധികൃതരുമായി ചർച്ച നടത്തുകയാണ്. ആസ്റ്റൺ വില്ലയിൽ നിന്ന് ഇംഗ്ലീഷ് താരം ജാക് ഗ്രീലിഷിനെ വാങ്ങാൻ 139 മില്യൺ ഡോളർ മുടക്കിയ സിറ്റി റൊണാൾഡോക്കു വേണ്ടി ഇത്രയും തുക മുടക്കുമോ എന്നതിൽ വ്യക്തതയില്ല.
റയൽ മാഡ്രിഡിൽ നിന്ന് 2018ലാണ് ക്രിസ്റ്റ്യാനോ യുവന്റസിലെത്തിയിരുന്നത്. 117 ദശലക്ഷം യൂറോക്കായിരുന്നു കൈമാറ്റം. ടീമിനൊപ്പം ചേർന്ന ശേഷം താരം രണ്ട് സീരി എ ലീഗ് കിരീടങ്ങളും ഒരു ഇറ്റാലിയൻ കപ്പും നേടിയിട്ടുണ്ട്. എന്നാൽ യൂറോപ്പിലെ ഏറ്റവും വലിയ കിരീടമായ ചാമ്പ്യൻസ് ലീഗ് ഇതുവരെ നേടാൻ താരത്തിനായിട്ടില്ല.
സൈനിങ് യാഥാർത്ഥ്യമായാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ രണ്ടാം വരവാകുമിത്. നേരത്തെ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചിരവൈരികളായ സിറ്റിയിലേക്കാണ് താരമെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2003-2009 കാലയളവിലാണ് ക്രിസ്റ്റ്യാനോ യുണൈറ്റഡിനായി പന്തു തട്ടിയത്.
അതേസമയം ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കിടെ ക്രിസ്റ്റ്യാനോയ്ക്കെതിരെ യുവന്റസ് മുൻ പ്രസിഡണ്ട് ജിയോവാനി കൊബോലി ഗിഗ്ലി രംഗത്തെത്തി. താരവുമായുള്ള കരാർ ക്ലബിന്റെ അബദ്ധമായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.'ആത്മാർത്ഥമായി പറയട്ടെ. റൊണാൾഡോയുടെ സൈനിങ് അബദ്ധമായിരുന്നു. നിക്ഷേപം തിരിച്ചുപിടിക്കുക അസാധ്യമാണ്. അതങ്ങനെ തന്നെ തുടരും. അദ്ദേഹം മഹാനായ കളിക്കാരനാണ്. എന്നാൽ സത്യസന്ധമായി പറയട്ടെ, ഏറ്റവും വേഗത്തിൽ ടീം വിടുന്നത് അദ്ദേഹത്തിനും ക്ലബിനും നല്ലതാണ്. യുവന്റസിന്റെ ആക്രമണത്തിന് ക്രിസ്റ്റ്യാനോ തടസ്സമുണ്ടാക്കുന്നു. അദ്ദേഹമില്ലാതെ തന്നെ കൂട്ടായി ടീമിന് മികച്ച കാര്യങ്ങൾ ചെയ്യാനാകും.'- മുൻ പ്രസിഡണ്ട് പറഞ്ഞു.
സ്പോർട്സ് ഡെസ്ക്