ടുറിൻ: 2018ലെ റഷ്യ ലോകകപ്പിൽ സ്‌പെയിനിന് എതിരെ പോർച്ചുഗീസ് നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ നേടി ആ ഫ്രീകിക്ക് ഗോൾ അദ്ദേഹത്തിന്റെ വിമർശകർ പോലും കൈയടിച്ചാണ് സ്വീകരിച്ചത്. എന്നാൽ ഇനി ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ക്ലോസ് റെയ്ഞ്ച് ഫ്രീകിക്കുകൾ അങ്ങനെ എളുപ്പത്തിൽ കാണാൻ പറ്റില്ല. സൂപ്പർ താരത്തെ ഫ്രീകിക്ക് എടുക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ് യുവന്റസ് ഇപ്പോൾ.

റൊണാൾഡോയെ പോലൊരു താരത്തെ മത്സരത്തിലെ ഫ്രീകിക്ക് എടുക്കുന്നതിൽ നിന്ന് ടീം മാനേജ്മെന്റ് വിലക്കിയിരിക്കുകയാണ്. റോണോയുടെ കരുത്തുറ്റ ഫ്രീകിക്കുകൾക്ക് പലപ്പോഴും ഫുട്ബോൾ പ്രേമികൾ സാക്ഷിയായിട്ടുണ്ട്.യുവെന്റസിനായി ഇനി റൊണാൾഡോ ക്ലോസ് റേഞ്ച് ഫ്രീകിക്കുകൾ എടുക്കില്ലെന്ന് ടീം മാനേജർ മാസ്സിമിലിയാനോ അല്ലെഗ്രി തന്നെയാണ് അറിയിച്ചിരിക്കുന്നത്. റോണോയ്ക്കു പകരം ഡിബാലയോ മിറലെം പിയാനിച്ചോ ആകും ഇനിമുതൽ ക്ലോസ് റേഞ്ച് ഫ്രീകിക്കുകൾ എടുക്കുക.

ഫ്രീകിക്ക് എടുക്കുന്നതിൽ ഡിബാലയും പിയാനിച്ചും പുലർത്തുന്ന മികവ് റൊണാൾഡോയ്ക്ക് അറിയാമെന്നും അതിനാൽ തന്നെ അവർക്കായി ക്ലോസ് റേഞ്ച് ഫ്രീകിക്കുകൾ വിട്ടുകൊടുക്കുകയുമായിരുന്നുവെന്നുമാണ് അല്ലെഗ്രി പ്രതികരിച്ചത്. എന്നാൽ ദൂരക്കൂടുതലുള്ള ഫ്രീകിക്കുകൾ അദ്ദേഹം തന്നെ എടുക്കുമെന്നും അല്ലെഗ്രി വ്യക്തമാക്കി.