നുഷ്യരാശിയുടെ രക്ഷകനായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ക്രൈസ്തവർ നാളെ ക്രിസ്തുമസ് ആഘോഷിക്കും. നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശമായ ക്രിസ്തുമസിലെ വരവേൽക്കാൻ ലോകത്തെ മറ്റെല്ലായിടത്തുമെന്ന പോലെ കേരളവും ഒരുങ്ങിക്കഴിഞ്ഞു. ബെത്‌ലഹേമിലെ പുൽക്കൂട്ടിൽ ലോക രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ സ്മരണയിൽ ഇന്ന് രാത്രിയോടെ ക്രിസ്ത്യൻ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനകളും നടക്കും. നക്ഷത്ര വിളക്കുകളും പുൽക്കൂടുകളും ഒരുക്കി ആഹ്ലാദത്തിമിർപ്പിലാണ് ലോകം.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും ക്രിസ്തുമസ് ആഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ പ്രധാന പള്ളികളിലെല്ലാം തിരുപ്പിറവിയെ എതിരേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെയായാണ് നാടും നഗരവും ക്രിസ്തുമസിനെ വരവേൽക്കുന്നത്. കൊടിതോരണങ്ങളും മറ്റും ഉപയോഗിച്ച് പള്ളികളും അലങ്കരിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങൾ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങൾ ഒരുക്കിയുമാണ് ക്രിസ്തുമസ് ആഘോഷത്തിന് ഒരുങ്ങുന്നത്.

എറണാകുളത്ത് സെന്റ്‌മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ആലഞ്ചേരി പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകും. തിരുവനന്തപുരം പട്ടം സെന്റ്പീറ്റേഴ്‌സ് കത്തീഡ്രലിൽ നടന്ന കുർബാന കർദിനാൾ മാർ ക്ലീമിസ് കാർമികത്വം വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളും ക്രിസ്തുമസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

വത്തിക്കാനിൽ പോപ്പ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ തിരുപ്പിറവിയുടെ ചടങ്ങുകൾ തുടങ്ങുന്നതോടെ ലോകം മുഴുവൻ ക്രിസ്തുമസ് ലഹരിയിലേക്ക് നീങ്ങും. ലോക സമാധാനത്തിനായി ആഹ്വനം ചെയ്ത ഫ്രാൻസിസ് പാപ്പ ഇത് രണ്ടാം തവണയാണ് വത്തിക്കാനിൽ ക്രിസ്തുമസ് തിരുകർമ്മങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങുന്നത്. അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് വിശ്വാസികൾ ക്രിസ്തുമസ്സിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്.

മറുനാടൻ മലയാളിയുടെ പ്രിയപ്പെട്ട വായനക്കാർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു. ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല.

ചില ക്രിസ്തുമസ് ചിത്രങ്ങൾ