കോർക്ക്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ അയർലൻഡിലെ സതേൺ റീജിയൻ ഇടവകകൾ സംയുക്തമായി കോർക്കിൽ സംഘടിപ്പിച്ച ഗ്ലോറിയ 2014 ക്രിസ്തുമസ് ആഘോഷങ്ങൾ ആഘോഷപൂർവ്വം നടന്നു. ബ്ലാക്ക്‌റോക്ക് ഹോളി ട്രിനിറ്റി പള്ളിയിൽ രാവിലെ വി. കുർബാന അർപ്പിച്ചു. അതിനു ശേഷം കോർക്ക് ഡഗ്ലസ്സ് ഹാളിൽ വച്ച് നടത്തിയ ക്രിസ്തുമസ് ആഘോഷങ്ങളിൽ വാട്ടർഫോർഡ്, ലിമറിക്ക്, കോർക്ക് ഇടവകകളിലെ അംഗങ്ങൾ നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. കാരൾ സോങ്ങ് മത്സരങ്ങൾ, സ്‌കിറ്റ്, കുട്ടികളുടെ ഡാൻസ്, എന്നിങ്ങനെ വിവിധ ഇനങ്ങൾ അവതരണത്തിലെ വ്യത്യസ്ഥത കൊണ്ട് കാണികളുടെ കൈയടി നേടി.

ക്രിസ്തുമസ്സ് ആഘോഷങ്ങളിൽ മുഴുകുമ്പോൾ വിസ്മരിക്കാതെ കാത്തു സൂക്ഷിക്കേണ്ട പവിത്രമായ മൂല്യത്തെ പരാമർശിച്ചുകൊണ്ടുള്ള അർഥവത്തായ ക്രിസ്തുമസ് ദൂത്, കോർക്ക് സിറോ മലബാർ ചർച്ച് ചാപ്ലൈൻ, ഫാ. ഫ്രാൻസിസ് നീലങ്കാവിൽ നൽകി. കോർക്ക് ഇടവക വികാരി ഫാ. എൽദൊ വർഗീസ് അധ്യക്ഷ പ്രസംഗം നടത്തി. ഫാ. അഡ്രിയൻ വിൽകിൻസൺ ആശംസാ പ്രസംഗം നടത്തി. ഷെറി ജോൺ പരിപാടികളിൽ പങ്കെടുത്തവർക്ക് കൃതജ്ഞത പ്രകാശിപ്പിച്ചു. സ്‌നേഹ വിരുന്നോട് കൂടി പരിപാടികൾ സമാപിച്ചു.