ബ്രിസ്‌ബേൻ: സീറോ മലബാർ സഭയുടെ യുവജനസംഘടനകളുടെ നേതൃത്വത്തിൽ രക്ഷകന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് സഭയുടെ പാരമ്പര്യത്തനിമയിൽ കബൂൾച്ചർ മുതൽ ബ്രിസ്‌ബേൻ സിറ്റി വരെ വീടുവീടാന്തരം കയറിയിറങ്ങിയുള്ള 2014-ലെ ക്രിസ്മസ് കരോൾ സമാപിച്ചു.  ബ്രിസ്‌ബേൻ സെന്റ് അൽഫോൻസാ കാത്തലിക് കമ്മ്യൂണിറ്റിയാണ് പാരമ്പര്യത്തനിമയിൽ അടിയുറച്ച കിസ്മസ് കരോൾ സംഘടിപ്പിച്ചത്.

23-ന് വൈകിട്ട് ക്രിസ്മസ് ക്രിബ് മത്സരം നടക്കും. ഫാ. പീറ്റർ കാവുമ്പുറം, ഫാ. തോമസ് മണിമല, ഫാ. ജയ്‌സൺ എന്നിവർ നേതൃത്വം നൽകുന്ന പ്രത്യേക സംഘം മത്സരത്തിൽ പങ്കെടുക്കുന്ന ഭവനങ്ങൾ സന്ദർശിച്ച് വിജയികളെ കണ്ടെത്തുന്നു. ബുധനാഴ്ച രാത്രി 8.30 ന് ക്രിസ്മസിന്റെ ആഘോഷമായ ദിവ്യബലി നോർത്ത് ഗേറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ നടക്കും. തിരുക്കർമ്മങ്ങൾക്ക് സീറോ മലബാർ ക്യൂൻസ്‌ലാന്റ് ചാപ്ലിൻ ഫാ. പീറ്റർ കാവുമ്പുറം, ഫാ. തോമസ് മണിമല തുടങ്ങിയവർ നേതൃത്വം നൽകും.