കൊളോൺ: പോർസിലെ മലയാളി കുടുംബങ്ങൾ ക്രിസ്മസ് ആഘോഷിച്ചു. ഡിസംബർ 12നു വൈകുന്നേരം നാലിന് കൊളോൺ പോർസിലെ അലക്‌സിയാനർ ആശുപത്രി കപ്പേളയിൽ ഇന്ത്യൻ കമ്യൂണിറ്റി ചാപ്‌ളെയിൻ ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐയുടെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ക്രിസ്മസ് സന്ദേശം നൽകി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

തുടർന്നു ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മേരിക്കുട്ടി തോമസ്, ഏബ്രഹാം വി. തോമസ് ഈവർഷത്തെ കുടുംബ സംഗമവും ക്രിസ്മസ് ആഘോഷവും ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് അവതരണം, ക്രിസ്മസ് സന്ദേശം, കരോൾ ഗാനങ്ങൾ, കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, ക്രിസ്മസ് ഫാദർ കുട്ടികൾക്ക് സമ്മാന വിതരണം എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.

ബേബി ചാലായിൽ കൃതജ്ഞത പറഞ്ഞു. സുനു ചാക്കോച്ചൻ പരിപാടികൾ മോഡറേറ്റ് ചെയ്തു. കേരളത്തനിമയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ ക്രിസ്മസ് കുടുംബസംഗമം സമാപിച്ചു.