ഫിലഡൽഫിയ: എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ 29-ാമത് സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 12ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ George Washington High School, 10175 Bustleton Ave, Philadelphia, PA, 19116 നടക്കും.

സാഹോദരീയ നഗരത്തിലെ മലയാളികളുടെ ഇടയിലെ ക്രിസ്തീയ സഭകളുടെ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും പ്രതീകാത്മകമായി നിലകൊള്ളുന്ന എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സംയുക്ത ക്രിസ്മസ് ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഷിക്കാഗോ രൂപത ബിഷപ് മാർ ജേക്കബ് അങ്ങാടിയത്താണ്. ചടങ്ങിൽ കമ്യൂണിറ്റി നേതാക്കൾ, ആത്മീയ അധ്യക്ഷന്മാർ എന്നിവരുടെ സാന്നിധ്യം ചടങ്ങുകളിൽ ഉണ്ടായിരിക്കും.

എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കം കുറിച്ച് മുഖ്യാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കുശേഷം എക്യുമെനിക്കൽ ഫെലോഷിപ്പിലെ സഭകളെ പ്രതിനിധീകരിച്ച് നടക്കുന്ന ആരാധനയും ക്രിസ്മസ് ട്രീയിൽ പ്രകാശം പരത്തി മുഖ്യാതിഥി പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിച്ച് ക്രിസ്മസ് ദൂത് നൽകും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ 40 വർഷം പൗരോഹിത്യ ശുശ്രൂഷ പൂർത്തിയാക്കിയതിന് എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ മാർഗദർശിയും വഴികാട്ടിയുമായ ഫാ. എം.കെ. കുര്യാക്കോസിനും ഫാ. കെ. മത്തായി കോർ എപ്പിസ്‌കോപ്പയേയും ആദരിക്കും. തുടർന്നു പശ്ചിമ ഏഷ്യയിൽ ക്രിസ്തീയ പീഡനങ്ങൾക്കിരയാകുന്നവരെ സഹായിക്കാൻ ഈ വർഷം നടത്തുന്ന ധനശേഖരണത്തിന്റെ ഭാഗമായുള്ള ചാരിറ്റി റാഫിൾ ടിക്കറ്റിന്റെ വിജയികളെ വേദിയിൽ പ്രഖ്യാപിക്കും. ചടങ്ങിൽ എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ പ്രകാശനവും മുഖ്യാതിഥി നിർവഹിക്കും. തുടർന്നു ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാർന്ന ക്രിസ്തീയ കലാപരിപാടികൾ അരങ്ങേറും.

ക്രിസ്മസ് ആഘോഷങ്ങളുടെ പ്രത്യേക ആകർഷകമായ എക്യുമെനിക്കൽ കരോൾ ഗായകസംഘം ബിജു ഏബ്രഹാമിന്റെ നേതൃത്വത്തിലും വിജു ജേക്കബിന്റെ നേതൃത്വത്തിൽ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുടെ നേതൃത്വത്തിൽ വാദ്യോപകരണ സംഗീതത്തിലൂടെ ക്രിസ്മസ് ഗാനങ്ങൾ അവതരിപ്പിക്കും.

എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ബഹുജന പങ്കാളിത്തത്തോടെ പുതിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമായി. വോളിബോൾ ടൂർണമെന്റ്, ബൈബിൾ കലോത്സവം, കോളജ് ഫെയർ ഡേ എന്നിവ മാർച്ച് അഞ്ചിന് (ശനി) നടക്കും.

ഫാ. ജോണികുട്ടി പുലിശേരി (ചെയർമാൻ), ഫാ. സിബി വർഗീസ് (കോ-ചെയർമാൻ), ഫാ. ഗീവർഗീസ് ജോൺ (റിലിജിയസ് ആക്ടിവിറ്റീസ്), സജീവ് ശങ്കരത്തിൽ (സെക്രട്ടറി), എം.എ. മാത്യു (ട്രഷറർ), കുര്യൻ മത്തായി (പിആർഒ, സുവനീർ), ബിന്ദു ജോഷ്വ (ജോ. സെക്രട്ടറി), ജീമോൻ ജോർജ് (ചാരിറ്റി), ബിജി ജോസഫ് (പ്രോഗ്രാം), സുമോദ് ജേക്കബ് (യൂത്ത് പ്രോഗ്രാം), ബീന തോമസ്, കുഞ്ഞ ഏബ്രഹാം (വിമൻസ് ഫോറം) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി സംയുക്ത ക്രിസ്മസ്-പുതുവർഷാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.