- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരിച്ചു കിട്ടാത്ത ബാല്യവും കുട്ടിക്കാലത്തെ ക്രിസ്മസ് ഓർമ്മകളും
കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒരിക്കലും മായാതെ നിൽക്കുന്ന ഒരു കാലമുണ്ട്. ഞാനുൾപ്പെടുന്ന പഴയ തലമുറയുടെ മനസ്സിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒരേ പോലെ കൈകോർത്ത് പിടിച്ചാഘോഷിക്കുന്ന ഒരു തിരുനാൾ പോതയും കൈതയും കമ്മ്യൂണിസ്റ്റ് പച്ചയും കാപ്പിയും പൂത്തുലഞ്ഞ് നിൽക്കുന്ന കാലം രാത്രി സുഖമുള്ള കുളിര്, പകൽ സുഖമുള്ള വെയിൽ, ഇളംകാറ്റ് നീ
കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒരിക്കലും മായാതെ നിൽക്കുന്ന ഒരു കാലമുണ്ട്. ഞാനുൾപ്പെടുന്ന പഴയ തലമുറയുടെ മനസ്സിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒരേ പോലെ കൈകോർത്ത് പിടിച്ചാഘോഷിക്കുന്ന ഒരു തിരുനാൾ പോതയും കൈതയും കമ്മ്യൂണിസ്റ്റ് പച്ചയും കാപ്പിയും പൂത്തുലഞ്ഞ് നിൽക്കുന്ന കാലം രാത്രി സുഖമുള്ള കുളിര്, പകൽ സുഖമുള്ള വെയിൽ, ഇളംകാറ്റ് നീലാകാശം!
ക്രിസ്തുമസ് കാലം!
ഡിസംബർ ഒന്നു മുതൽ ഉണ്ണിയേശുവിന്റെ ജനനം വരെയുള്ള ഇരുപതിയഞ്ച് ദിവസ്സങ്ങൾ ഇരുപത്തഞ്ച് നോമ്പ് തുടങ്ങുന്നതിന് തലേ ഞായർ പേത്തറത്ത. ആ വാക്കിന്റെ ഉറവിടം നിശ്ചയമില്ല. അന്നാണ് കശാപ്പുകാർക്ക് ചാകര. ആടുമാടുകളുടെ കഷ്ടകാലം
ഞായറാഴ്ച രാവിലെ ആദ്യത്തെ കുർബാന കഴിഞ്ഞ് അച്ചൻ സമാപനാശിർവാദം കൊടുത്തു തീരുന്നതിന് മുൻപേ ഒരോട്ടമാണ് പ്ലാസ്റ്റിക് സഞ്ചീം കക്ഷത്തിൽ ഒതുക്കി ഇറച്ചിക്കടയിലേക്ക്. തേക്കിലയിൽ പൊതിഞ്ഞ ഇറച്ചി വീട്ടിൽ എത്തിച്ചാൽ പിന്നെ ഒരു ആകെയൊരു ബഹളമാണ്... വാഴയില വെട്ടി നിലത്തിട്ട് അതിന്മേൽ കൊരണ്ടിയിട്ട് ചിരട്ടപ്പുറത്ത് പിച്ചാത്തി ഉറപ്പിച്ച് കുത്തിയിരുന്നുള്ള ഇറച്ചി ഞുറുക്ക്. തലേ പ്രാവശ്യം പരവൻ വന്ന് തേങ്ങ ഇട്ടപ്പോൾ പ്രത്യേകം പറഞ്ഞ് പിരിയിച്ച ഇളവൻ തേങ്ങ് പൂളി കൊത്തിയത് ഒരു പാത്രത്തിൽ. നീളത്തിൽ കീറിയ പച്ചമുളക്, ചെറിയ ഉള്ളി, വറ്റൽ മുളക്, വറുത്ത മല്ലി, മഞ്ഞൾ, കറുവാ പട്ട, ഗ്രാമ്പു, ജാതിപത്രി തുടങ്ങിയ കൂട്ടിയുള്ള അരപ്പ് അരകല്ലിൽ അരച്ചെടുക്കുന്നു. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിച്ച് ഉള്ളിയും മൂത്ത് കഴിയുമ്പോൾ അരപ്പ് ചേർക്കുന്ന മണം... കറി തിളക്കുമ്പോൾ മുതൽ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ഇറച്ചി കറിയുടെ അനിർവ്വചനീയമായ സുഗന്ധം. ഒന്നും രണ്ടും പിഴിഞ്ഞ തേങ്ങാപ്പാൽ അതിലേക്ക് ഒഴിക്കുമ്പോൾ അടങ്ങുന്ന തിള. ചാറിൽ തെളിഞ്ഞ് നെയ്യോടു കൂടി കുറികിക്കിടക്കുന്ന ഇറച്ചിക്കറി കൂട്ടിയുള്ള ഉച്ചയൂണ്. കഴിക്കാവുന്നതിൽ ഇരട്ടി കഴിച്ച് മുയലിനെ വിഴുങ്ങിയ പാമ്പിനെ പോലുള്ള നടത്തം. ഊണ് കഴിഞ്ഞ് സുഖമായൊരു ഉറക്കം.
അടുത്ത ഇരുപത്തിയഞ്ച് ദിവസം കടുത്ത നോമ്പാണ്. പതിനാല് വയസ്സിന് മുകളിലോട്ടുള്ളവർ നിശ്ചയമായും നോമ്പ് അനുഷ്ഠിച്ചിരിക്കണം എന്നതാണ് നാട്ടു നടപ്പ്. മാംസവും മത്സ്യവും ഭക്ഷിക്കാൻ പാടില്ല. നോമ്പിന് പൂർണ്ണത നൽകാൻ മുട്ടയും പാലും കൂടി വർജ്ജിക്കുന്നവരുണ്ട്. ക്രിസ്മസ്സ് അടുക്കാറാകുമ്പോഴാണ് ഉത്സാഹം വർദ്ധിക്കുക. പുൽക്കൂട് കെട്ടണം, ദീപാലങ്കാരങ്ങൾ വലിച്ചു കെട്ടണം. വീടും പരിസരവും തോരണം കെട്ടി അലങ്കരിക്കണം. നക്ഷത്രം ഉണ്ടാക്കണം. അത് മുറ്റത്തെ മാവിൽ ഉയരത്തിൽ തൂക്കണം. പള്ളിയിലെ പുൽക്കൂട് നിർമ്മാണത്തിൽ പങ്ക് ചേരണം. അങ്ങനെ തിരക്കോട് തിരക്ക് തന്നെ. ആ കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ കരണ്ട് എത്തിയിരുന്നില്ല. അതിനാൽ നക്ഷത്രത്തിൽ മെഴുകുതിരിയാണ് കത്തിച്ചു വക്കുക. അത് മിക്കപ്പോഴും മറിഞ്ഞ് നക്ഷത്രം മുഴുവനോടെ കത്തിപ്പോകുന്നത് പതിവ് സംഭവമായിരുന്നു.
അടയ്ക്കാമരം (കവുങ്ങ്) വെട്ടിക്കീറിയാണ് പുൽക്കൂടിന് തൂണുകൾ ഉണ്ടാക്കുക. ചുറ്റിനും അഴിയിടാൻ ഈറക്കമ്പുകൾ, പുൽക്കൂട് മേയാൻ ഈന്തയുടെ ഇലകൾ. തൂണുകൾ ഉറയ്കാത്തതിനാൽ പാതി വഴി നിലം പതിച്ചിട്ടുണ്ട് പുൽക്കൂടുകൾ പലതവണ.
ഈറ്റ കീറി ഒരേ അളവിൽ മുറിച്ചെടുത്താണ് നക്ഷത്രം തല്ലിക്കൂട്ടുന്നത്. പല നിറത്തിലുള്ള വർണ്ണക്കടലാസ് മേടിച്ച് നക്ഷത്തിൽ ഒട്ടിക്കാനുള്ള രൂപത്തിലും ആകൃതിയിലും മുറിക്കും. ഒട്ടിക്കാൻ ചോറിന്റെ പശയാണ് ഉപയോഗിക്കുന്നത്. പുൽക്കൂട്ടിൽ ഒരു ബൾബ് ഉണ്ടാവും. അത് ഓട്ടോമാറ്റിക് ആണെന്ന് വരുത്തി തീർക്കാൻ വഴിയേ ആൾക്കാർ പോകുമ്പോൾ എന്റെ ചേട്ടൻ അകത്തിരുന്ന് ബാറ്ററിയിൽ വയറ് മുട്ടിച്ചോണ്ടിരിക്കും. ആളുകൾ പോയിക്കഴിമ്പോൾ നിറത്തും.
ക്രിസ്തുമസ്സിന് തലേ ആഴ്ചയാവും കരോൾ പിരിവ് തുടങ്ങുക. അടുത്തടുത്ത വീടുകൾ ആയ്കയാൽ ഒരു രാത്രി കൊണ്ട് ജാതിമത ഭേദമന്യേ മുപ്പതോളം വീടുകൾ കയറിയിറങ്ങാം. പെട്രോ മാക്‌സിന്റെ വെളിച്ചത്തിൽ സാന്തോക്ലോസിനെ മുൻപിൽ നിർത്തി ഈണവും താളവും ശ്രുതിയുമില്ലാത്ത ശാന്തി രാത്രിയും ഗ്ലോറിയയും പുൽക്കൂടിൽ വാഴുന്ന പൊന്നുണ്ണിയുമൊക്കെ പാടി തമ്പേറും അടിച്ച് വരുന്ന കരോൾ സംഘം അകലേന്ന് വരുമ്പോഴേ കണ്ണും തിരുമി എഴുന്നേൽക്കും. ഉറക്കപ്പിച്ചോടെ വായ്‌ക്കോട്ടയും വിട്ട് വള്ളി നിക്കറുമിട്ട് വരാന്തയിലെ അരമതിലിൽ കേറിയിരുന്ന അവരുടെ തമ്പേറടിച്ചുള്ള പാട്ടും നൃത്തം ചവിട്ടും ആസ്വദിച്ചിരിക്കും. പാട്ടും നൃത്തവും അവസാനിക്കുമ്പോൾ അച്ചാച്ചൻ തിരുമ്മി തിരുമ്മി പത്ത് രൂപ കൊടുക്കും. അവര് പോയാലും പിന്നെ കിടന്നാൽ ഉറക്കം വരില്ല. വർണ്ണ ശബളമായ ആ ഘോഷ യാത്രയാവും മനസ്സ് നിറയെ. സാന്താക്ലോസായി വന്നത് ആരാവും എന്നോർത്ത് കിടന്നുറങ്ങിപ്പോകും.
വിലകൂടിയ ഐറ്റം ഒന്നും ഇല്ലെങ്കിലും മറ്റൊരു ആകർഷണമാണ് പടക്കങ്ങൾ. കത്തിക്കുമ്പോഴും പൊട്ടിക്കുമ്പോഴും അപകട സാധ്യത ഏറെ ഉള്ളതിനാൽ അതൊന്നും ഞങ്ങളുടെ വീട്ടിൽ പ്രോത്സാഹിപ്പിച്ചിരുന്നില്ല എങ്കിലും അയലക്കത്തെ വീടുകളിൽ പൊട്ടുന്നത് കാണാമായിരുന്നു. പ്രധാനമായും ബീഡിപ്പടക്കം. എറിഞ്ഞ് കൈയുടെ കുഴ തെറ്റിയാലും പൊട്ടാത്ത കുറെ ഏറു പടക്കം. പൂത്തിരി, കമ്പിത്തിരി, വാണം എന്നിവ സ്വന്തം വീട്ടിൽ പൊട്ടിക്കാൻ അധികം കിട്ടില്ലായെങ്കിലും അയല്പക്കത്തെയും ദൂര സ്ഥലങ്ങളും പൊട്ടിക്കുന്നത് വീട്ടിൽ നിന്നാൽ കാണുകയും കേൾക്കുകയും ചെയ്യുമായിരുന്നു.
ക്രിസ്തുമസ്സ് രാത്രി അമ്മച്ചി നേരത്തെ പിടിച്ചു കിടത്തി ഉറക്കും. പാതിര കുർബാനയ്ക്ക് പോകേണ്ടതല്ലേ. പതിനൊന്ന് മണിയാകുമ്പോ എഴുന്നേറ്റ് പല്ലും തേച്ച് പുത്തനുടുപ്പം ധരിച്ച് അമ്മച്ചിയുടെ കൂടെ വല്യ ഗമയിൽ അധികം ആർക്കും ഇല്ലാത്ത ടോർച്ചും തെളിച്ചു പിടിച്ചാണ് പോക്ക്. ഞങ്ങളുടെ കൂടെ ടോർച്ചു വെളിച്ചത്തിൽ വരാൻ അയല്പക്കത്തെ മൂന്നാല് പേരെങ്കിലും കാണും. അവരേം കൂടി കാണുമ്പോൾ എനിക്ക് ഗമ കൂടും. ശാന്തിയുടെയും സമാധാനത്തിന്റെയും സ്ഥിരം പല്ലവി അച്ചൻ പ്രസംഗത്തിൽ പറയാൻ തുടങ്ങുമ്പോഴേ കണ്ണുകൾ താനേ അടയാൻ തുടങ്ങും. പിന്നെ പ്രസംഗം തീരുന്നത് വരെ പള്ളി ഭിത്തിയിൽ ചാരായിരുന്ന് ഒരുറക്കം. അപ്പോൾ കാണുന്ന സ്വപ്നത്തിൽ വി. കുർബാനയ്ക്ക് ശേഷം വീട്ടിൽ ഉണ്ടാക്കാൻ പോകുന്ന കള്ളപ്പവും ചാറു നീട്ടി ഉണ്ടാക്കിയ പോത്തിറച്ചിയും അത് അപ്പത്തിന് മേലെ ഒഴിക്കുമ്പോൾ പൊങ്ങിപ്പറക്കുന്ന ആവിയുമായിരിക്കും.
അങ്ങനെ എത്രയെത്ര ക്രിസ്തുമസ്സ് രാവുകൾ! കരോൾ പിരുവുകൾ, എത്രയെത്ര നക്ഷത്രങ്ങൾ, പുൽക്കൂടുകൾ, ബീഡിപ്പടക്കങ്ങൾ, ആഘോഷങ്ങൾ... എല്ലാം ഓർമ്മകൾ അച്ചാച്ചനും അമ്മച്ചിയും യാത്രയായി മധുരിക്കുന്ന ആ ഓർമ്മകളും പേറി. കൊടിയിറങ്ങിയ പെരുന്നാൾ പറമ്പ് പോലെ മനസ്സ്. ശൂന്യം വെറും ശൂന്യം! ഒരിക്കലും തിരിച്ചു കിട്ടാനാവാത്ത ബാല്യത്തിന്റെ വർണ്ണാഭാമായ ഏടുകൾ ബാക്കി വച്ച്.