കൊച്ചി: കറൻസി പ്രതിസന്ധിക്കിടെ ഉണ്ടായ പ്രശ്‌നങ്ങൾ ഒരുവിധം മറികടന്ന് ക്രിസ്മസ് റിലീസിനെത്തിക്കുന്ന ചിത്രങ്ങൾ നിർമ്മാണ-വിതരണ-പ്രദർശന തർക്കത്തിൽ കുടുങ്ങി പെട്ടിയിൽത്തന്നെയിരിക്കുമോ? അങ്ങനെയെങ്കിൽ സൂപ്പർ സ്റ്റാറുകളുടേതുൾപ്പെടെ അച്ചായൻ കഥാപാത്രങ്ങളുമായി ക്രിസ്മസ് കാലത്തുകൊയ്ത്തിനെത്താൻ ഒരുക്കിയ പടങ്ങളുടെയെല്ലാം ഭാവി അനിശ്ചിതത്വത്തിലായി. നിർമ്മാതാക്കളും വിതരണക്കാരും ഒറ്റക്കെട്ടായി തിയേറ്റർ ഉടമകൾക്കെതിരെ സമരത്തിലേക്ക് നീങ്ങുന്നതോടെയാണ് പുതിയ പടങ്ങളുടെ റിലീസ് ആശങ്കയിലായിരിക്കുന്നത്.

മലയാള സിനിമയുടെ ചാകരക്കാലമാണ് ഓണം, ക്രിസ്മസ് വേളകൾ. ഇതു പ്രതീക്ഷിച്ച് ഒരുക്കിയ നിരവധി ചിത്രങ്ങളാണ് ഇതോടെ പ്രേക്ഷകരിലേക്കെത്താതെ പെട്ടിയിലിരിക്കേണ്ട ഗതികേടിൽ എത്തിയിരിക്കുന്നത്. തിയേറ്റർ വരുമാനത്തിൽ നിന്ന് നിർമ്മാതാക്കൾക്ക് നൽകേണ്ട വിഹിതം കുറയ്ക്കണമെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെട്ടതാണ് ഇപ്പോൾ കീറാമുട്ടിയായിരിക്കുന്നത്. ഡിസംബർ 16 മുതൽ പുതിയ സിനിമകളുടെ ചിത്രീകരണം നിലയ്ക്കുകയും റിലീസിങ് നിർത്തിവയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന ദുൽഖർ നായകനായ ജോമോന്റെ സുവിശേഷങ്ങൾ റിലീസ് ചെയ്തില്ല. അന്യഭാഷാ സിനിമകളുടെ റിലീസിംഗും തടയപ്പെട്ടു.

ഇക്കുറി ഓണത്തിന് നല്ല കളക്ഷൻ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മികച്ച ചിത്രങ്ങളാണ് ക്രിസ്മസിനും തയ്യാറാക്കിയത്. ക്രിസ്മസ് കാലമായതിനാൽ തന്നെ മിക്കവയിലും അച്ചായൻ കഥാപാത്രങ്ങളായിരുന്നു ചിത്രങ്ങളുടെ ഹൈലൈറ്റ്.

മമ്മുട്ടിയുടെ ദ ഗ്രേറ്റ് ഫാദറാണ് ക്രിസ്മസ് കാലത്തെ റിലീസിനായി ഒരുക്കിയ പടം.അതിൽ മമ്മുട്ടി ഡേവിഡാണ്. ജോർജേട്ടൻസ് പൂരത്തിൽ ദിലീപ് ജോർജായും ജോമോന്റെ സുവിഷേഷത്തിൽ ദുൽഖർ ജോമോൻ ആയും എത്തുന്നു. പുലിമുരുകന്റെ വൻ വിജയത്തിനു പിന്നാലെ ലാൽ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ഉലഹന്നാൻ എന്ന അച്ചായൻ കഥാപാത്രവുമായാണ് എത്തുന്നത്.

ഇതെല്ലാം ക്രിസ്മസ് കാലത്ത് പ്രേക്ഷകരിൽ ആവശമാകാൻ ഉദ്ദേശിച്ച് തയ്യാറാക്കിയതാണെന്ന് വ്യക്തം. ഇതിനെല്ലാം പുറമെ ജയറാം, ഉണ്ണി മുകുന്ദൻ, പ്രകാശ് രാജ്, ആദിൽ എബ്രഹാം, സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേരുതന്നെ അച്ചായൻസ് എന്നാണ്. അച്ചായൻ കഥാപാത്രങ്ങളുമായി ഇറങ്ങുന്ന ചിത്രങ്ങൾക്ക് കേരളത്തിൽ നല്ല ഡിമാൻഡുണ്ടെന്നതാണ് മറ്റൊരു വസ്തുത. അതിനാൽതന്നെ ഒട്ടും യാദൃച്ഛികമല്ല ഇത്തരത്തിൽ മിക്ക താരങ്ങളുടേയും കേന്ദ്രകഥാപാത്രങ്ങൾ അച്ചായന്മാരായത്.

സ്‌റ്റൈലിഷ് ഗ്രേറ്റ് ഫാദർ ഡേവിഡായി മമ്മുട്ടി

ഇത്തരത്തിൽ നിരവധി മെഗാഹിറ്റ് സിനിമകൾ സൂപ്പർ സ്റ്റാറുകളുടേതുൾപ്പെടെ കേരളത്തിൽ നിറഞ്ഞോടിയിട്ടുമുണ്ട്. ഇക്കാര്യത്തിൽ മമ്മുട്ടിയാണ് മുന്നിൽ. ഒരുതരത്തിൽ പറഞ്ഞാൽ അച്ചായൻ ബ്രാൻഡ് അംബാസിഡറാണ് മമ്മുട്ടി. പുതിയ സംവിധായകർക്ക് പരീക്ഷണത്തിന് നിന്നുകൊടുക്കുന്നതിൽ എന്നും മുന്നിലാണ് മമ്മുട്ടി. അത്തരം ചിത്രങ്ങൾ മിക്കവയും ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. ഇക്കുറിയും നവാഗത സംവിധായകനായ ഹനീഫ് അദേനിയിലൂടെ ആണ് മമ്മുട്ടിയുടെ അച്ചായൻ ചിത്രം ദ ഗ്രേറ്റ് ഫാദർ എത്തുന്നത്.

കോട്ടയംകുഞ്ഞച്ചൻ മുതൽ സംഘത്തിലെ കുട്ടപ്പായിയും മറവത്തൂർ കനവിലെ അച്ചായനും നസ്രാണിയും ഒടുവിൽ തോപ്പിൽ ജോപ്പനിലും വരെ എത്തിനിൽക്കുന്ന ജനം ഇഷ്ടപ്പെട്ട നിരവധി അച്ചായൻ കഥാപാത്രങ്ങളെ മികവുറ്റതാക്കിയ മമ്മുട്ടിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് കുടുംബ ചിത്രമാണ് ഗ്രേറ്റ് ഫാദറെന്നാണ് വിവരം. നായകൻ ഡേവിഡിന്റെയും കുടുംബത്തിന്റെയും കഥയാണ് പ്രമേയം. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണിത്. മിഷേൽ ഡേവിഡ് എന്ന കഥാപാത്രമായി സ്‌നേഹയാണ് മമ്മുട്ടിയുടെ നായിക.

ചിരിയുടെ രസക്കൂട്ടുമായി മുന്തിരിവള്ളികളിലെ ഉലഹന്നാൻ

ദൃശ്യത്തിനു ശേഷം ഒരു സമ്പൂർണ കുടുംബ കഥയുമായി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലൂടെ മോഹൻലാൽ എത്തുകയാണ്. ദൃശ്യത്തിലെ ജോർജുകുട്ടിയെപ്പോലെ ജനപ്രിയനാകും മുന്തിരിവള്ളിയിലെ ഉലഹന്നാനും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ഹാസ്യം അതിരസമായി നിറയുന്ന ചിത്രംകൂടിയാണിത്. അതിനാൽ വൻ ജനസമ്മതി നേടുമെന്നും വിലയിരുത്തലുകൾ വരുന്നുണ്ട്. സ്ഫടികത്തിലെ ആടുതോമ ഉൾപ്പെടെ നിരവധി അച്ചായൻ കഥാപാത്രങ്ങൾ ലാൽ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തുകയും ജനങ്ങളുടെ മനസ്സിൽ ഇടംതേടുകയും ചെയ്തിട്ടുണ്ട്. ചതുരംഗത്തിലെ ആറ്റിപ്രാക്കൽ ജിമ്മി, ഒളിമ്പ്യനിലെ ആദം ആന്റണി, നാട്ടുരാജാവിലെ പുലിക്കാട്ടിൽ ചാർളി തുടങ്ങി നിരവധി കഥാപാത്രങ്ങൾ. പക്ഷേ സ്ഫടികത്തിനു ശേഷം മെഗാഹിറ്റായി മാറിയ അച്ചായൻ കഥാപാത്രം ദൃശ്യത്തിലെ ജോർജുകുട്ടിയാണ്. ഇതിനു സമാനമായ രീതിയിൽ ഉലഹന്നാനും കയ്യടിനേടുമെന്നാണ് സിനിമാ ലോകത്തെ പ്രതീക്ഷ.

ഉലഹന്നാൻ-ആനിയമ്മ ദമ്പതികളുടെ കുടുംബജീവിതവും മധ്യവയസ്സിൽ അവരിൽ വിരിയുന്ന പ്രണയവുമാണ് കഥയുടെ ഇതിവൃത്തം. ഫുൾ ഹ്യൂമർ ട്രാക്കിൽ ഒരു ലാൽ ചിത്രം എത്തുന്നതും ഏറെക്കാലത്തിനുശേഷമാണെന്ന പ്രത്യേകത കൂടിയുണ്ട്. ഹാസ്യം തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള ലാലിന്റെ കഴിവുകൾ ചിത്രത്തെ ഹിറ്റാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മാത്രമല്ല, ലാലിന്റെ മികച്ച നായികമാരിൽ ഒരാളായ മീനയാണ് ആനിയമ്മയായി എത്തുന്നത്. നിരവധി ചിത്രങ്ങളിൽ ഇരുവരും നായികാനായകന്മാരായി. എല്ലാം ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബിന്റെ രണ്ടാമത്തെ ചിത്രമായ മുന്തിരിവള്ളിക്ക് കഥയെഴുതിയത് എം സിന്ധുരാജാണ്.

ജോർജേട്ടന്റെ ജീവിതം പറഞ്ഞ് ചിരിപ്പിച്ച് ദിലീപ്

പാപ്പി അപ്പച്ചായിലെ പാപ്പിയെന്ന അച്ചായൻ കഥാപാത്രേെത്ത ഹിറ്റാക്കിയ ദിലീപ് ജോർജേട്ടനായി എത്തുകയാണ് ഇക്കുറി ക്രിസ്മസിന്. ആരാധകരെ ചിരിപ്പിച്ചും രസിപ്പിച്ചും മുന്നേറുന്ന ദിലീപ് ചിത്രങ്ങളുടെ പതിവുചേരുവകൾക്കപ്പുറത്ത് വേറിട്ട സിനിമയാണ് ജോർജേട്ടൻസ് പൂരമെന്ന കെ ബിജു ചിത്രം. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ജോർജേട്ടൻ എന്നറിയപ്പെടുന്ന തൃശൂരുകാരനായ പ്രവാസി വ്യവസായിയുടെ രാഗം തിയേറ്റർ തൃശൂരിന്റെ സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. അതിനാൽതന്നെ അതേ പേരിൽ ഒരു തൃശൂരുകാരൻ ജോർജേട്ടനായി ദിലീപ് എത്തുന്നത് ഇതിനകം ചർച്ചയായിക്കഴിഞ്ഞു.

ആരാധകർക്ക് മനസ്സുനിറഞ്ഞ് പടംകണ്ട് ഇറങ്ങാവുന്ന ചേരുവ എന്നും നൽകുന്ന നടനാണ് ദിലീപ്. കളിയും കാര്യവുമായി എല്ലാം ഒത്തിണങ്ങുന്ന ഒരു ഫോർമുലയുണ്ട് ദിലീപ് ചിത്രങ്ങൾക്ക്. ജോർജേട്ടൻസ് പൂരവും ഇത്തരത്തിൽ മികവുപുലർത്തുന്ന ചിത്രമാണ്. അച്ചാൻ ചിത്രമാവുമ്പോൾ അതിനൊരു കോട്ടയം അടിത്തറയോ തൃശൂർ ബേയ്‌സോ ഉണ്ടാവുന്നതായ് വിജയ ഫോർമുല. പ്രാഞ്ചിയേട്ടൻ ഉദാഹരണം. സമാനമായ രീതിയിൽ ആണ് ജോർജേട്ടനും എത്തുന്നത്. കൂട്ടുകാർക്കൊപ്പം കറങ്ങിനടന്ന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ജോർജിന്റെ ജീവിതമാണ് കഥാതന്തു. ഹാസ്യരസ പ്രധാനമായ ചിത്രത്തിൽ വിനയ് ഫോർട്ട്, ഷറഫുദ്ദീൻ എന്നിവരാണ് ദിലീപിന്റെ കൂട്ടുകാരായി എത്തുന്നത്. തൃശൂർ ഭാഷയുടെ ചേരുവയും ചിത്രത്തിന് ഭംഗിനൽകുന്നു. രജീഷാ വിജയനാണ് നായിക.

അന്തിക്കാടൻ ശൈലിയിൽ ദുൽഖറിന്റെ ജോമോൻ

സത്യൻ അന്തിക്കാടുമായി ആദ്യമായി ഒന്നിക്കുകയാണ് ദുൽഖർ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ. സമ്പൂർണ കുടുംബചിത്രമാണെന്ന് വ്യക്തമാക്കി തയ്യാറായ ചിത്രത്തിലെ ചില രംഗങ്ങളിൽ ദുൽഖറിന്റെ മികച്ച അഭിനയമാണ് പ്രതിഫലിച്ചിട്ടുള്ളതെന്ന റിപ്പോർ്ട്ടുകൾ പുറത്തുവന്നതോടെ ചിത്രം റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞയാഴ്ച തന്നെ ഇറങ്ങുമെന്നാണ് കരുതിയതെങ്കിലും സമരത്തിൽ കുടുങ്ങിയതോടെ റിലീസിങ് മാറ്റി. നവസംവിധായകർക്കൊപ്പം ഇതുവരെ പരീക്ഷണങ്ങൾ നടത്തിയ ദുൽഖർ സത്യൻ അന്തിക്കാടിനെ പോലെ ഒരു സീനിയർ ഡയറക്ടറുമായി കൈകോർത്തത് വലിയ ചർച്ചയായിക്കഴിഞ്ഞു. ദുൽഖറിലെ പ്രതിഭയ്ക്ക് നടൻ എന്ന നിലയിൽ തിളങ്ങുന്നതിന് വേണ്ട നിരവധി മുഹൂർത്തങ്ങൾ സിനിമയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മറ്റ് മുൻനിര താരങ്ങളേക്കാൾ ഇനിഷ്യൽ കളക്ഷനുണ്ടാക്കുന്ന നടനാണ് ദുൽഖർ. അതിനാൽത്തന്നെ ഏറ്റവുമധികം പ്രതീക്ഷയുള്ള പ്രൊജക്റ്റാണിത്. ഇഖ്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. ഇതിലും തൃശൂർ അടിസ്ഥാനമാക്കിയ പ്രമേയമാണ്. തൃശൂരിലെ വൻ വ്യവസായി വിൻസന്റിന്റെ മകനാണ് ജോമോൻ. സുഖിമാനായി, വലിയ ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കാൻ തയ്യാറാകാതെ നടക്കുന്ന ജോമോന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളിലൂടെ കഥ മുന്നേറുന്നു. കരിയറിൽ ഇതുവരെ തനി അച്ചായൻ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല ദു്ൽഖർ എന്നതും ഈ ചിത്രത്തിലൂടെ മാറുന്നു. ചാർലിയിലെ അച്ചായനെ ചാർലിച്ചായൻ എന്നുവിളിച്ചെങ്കിലും അതിലൊരു അച്ചായൻ ക്യാരക്ടർ അല്ലായിരുന്നുവെന്ന വിലയിരുത്തലാണുള്ളത്. പക്ഷേ, ജോമോനിലൂടെ ഒരു കഌയർ അച്ചായൻ കഥാപാത്രത്തെയായിരിക്കും ദുൽഖർ വെള്ളിത്തിരയിൽ എത്തിക്കുക. ഇതിന് പിന്നാലെ മറ്റൊരു അച്ചായൻ കഥാപാത്രത്തിൽക്കൂടി ദുൽഖർ അഭിനയിക്കുന്നുണ്ട്. അമൽ നീരദിന്റെ പുതിയ ചിത്രത്തിലാണത്. അജി ജോൺ എന്ന കോട്ടയം നസ്രാണിയായാണ് ദുൽഖർ ഈ ചിത്രത്തിൽ എത്തുന്നത്.

ആടുപുലിയട്ടത്തിന് പിന്നാലെ അച്ചായൻസ്

ആടുപുലിയാട്ടത്തിന് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന ജയറാം ചിത്രത്തിന്റെ പേരുതന്നെ അച്ചായൻസ് എന്നാണ്. പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ആദിൽ, സഞ്ജു ശിവറാം എന്നിവരും സിനിമയിലെ നായക പ്രാധാന്യമുള്ള വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത് സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ് രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സാജു കൊടിയൻ, മണിയൻ പിള്ള രാജു തുടങ്ങിയവരും ചിത്രത്തിലുണ്ട് എന്നതിനാൽ തന്നെ നിറഞ്ഞുചിരിക്കാവുന്ന അടിപൊളി എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്ന വിലയിരുത്തലുകൾ വന്നുകഴിഞ്ഞു.

അഞ്ച് നായകന്മാരുള്ള ഈ സിനിമയുടെ പ്രധാന പ്രത്യേക നായകപക്ഷത്തുള്ളവർ തന്നെ പ്രതിനായകന്മാരുമാകുന്നു എന്നതാണ്. ദേശീയ അവാർഡ് ജേതാവ് പ്രകാശ് രാജ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് രതീഷ് വേഗയാണ്. കൊച്ചി, തേനി, കമ്പം, കുട്ടിക്കാനം, ഹൈദരാബാദ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.