കൊച്ചി: കഴിഞ്ഞ ക്രിസ്മസ് കാലം സമരത്തിന്റേതായിരുന്നു. ലിബർട്ടി ബഷീറിന്റെ തിയേറ്റർ സമരം മൂലം ഒരു പുതിയ സിനിമ പോലും ആഘോഷ നാളിൽ തിയേറ്ററിലെത്തിയില്ല. അതിന് ശേഷം മലയാള സിനിമ അടിമുടി മാറി. വിതരണക്കാരുടെ സംഘടന ദിലീപ് പിടിച്ചെടുത്തു. ഇനി സിനിമയിൽ സമരമില്ലെന്ന പ്രഖ്യാപനം വന്നു. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നായകന് വില്ലൻ പരിവേഷവുമെത്തി. വീണ്ടും ക്രിസ്മസ് എത്തുന്നു.

നടിയെ ആക്രമിച്ച കേസിന്റെ മരവിപ്പ് ഇപ്പോഴും മലയാള സിനിമയിലുണ്ട്. ദിലീപിന്റെ അറസ്റ്റിന് ശേഷം ഉദാഹരണം സുജാതയും രാമലീലയും മാത്രമാണ് പ്രേക്ഷകരേറ്റെടുത്തത്. ബാക്കിയെല്ലാം എട്ടു നിലയിൽ പൊട്ടി. ഓണക്കാലത്തും പ്രേക്ഷകർ ആവേശത്തോടെ തിയേറ്ററിലെത്തിയില്ല. ഇപ്പോൾ ക്രിസ്മസ് എത്തുന്നു. മെഗാതാരം മമ്മൂട്ടിയിലാണ് പ്രതീക്ഷ. മോഹൻലാൽ ചിത്രമൊന്നും ഇറങ്ങുന്നില്ല. മറ്റ് സൂപ്പർതാര ചിത്രങ്ങളുമില്ല. അതുകൊണ്ട ്തന്നെ മമ്മൂട്ടിയുടെ മാസ്റ്റർ പീസാണ് ക്രിസ്മസ് കാലത്തെ വമ്പൻ. ഒപ്പം നിവിൻ പോളിയുടെ തമിഴ് ചിത്രം റിച്ചിയും. ഈ രണ്ട് ചിത്രങ്ങളും സൂപ്പറാകുമെന്നാണ് മലയാള സിനിമയുടെ പ്രതീക്ഷ.

ക്രിസ്മസിന് മോഹൻലാൽ ചിത്രമില്ല.ഒടിയനാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രം. പരസ്യചിത്ര സംവിധായകൻ ശ്രീകുമാരമേനോൻ ഒരുക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രം 2018 മാർച്ച് 30-ന് റീലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ ഏറ്റവും ഒടുവിൽ പുറത്ത് വിട്ട വിവരം.മമ്മൂട്ടി ഫാൻസുകാർക്ക് ഈ ഓണക്കാലം സന്തോഷത്തിന് വകനൽകുന്നുണ്ട്. മാസ്റ്റർ പീസ് സൂപ്പറാകുമെന്നാണ് പ്രതീക്ഷ. കച്ചവട സിനിമയുടെ ചേരുവകളെല്ലാം ഈ സിനിമയിലുണ്ട്.

മെഗാതാരം കോളേജ് പ്രൊഫസറായി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ളത് അജയ്‌വാസുദേവാണ്. മമ്മൂട്ടിയെ നായകനാക്കി അജയ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.രാജാധിരാജയായിരുന്നു അജയ് വാസുദേവ് -മമ്മൂട്ടി കൂട്ടുകെട്ടിന്റെ ആദ്യചിത്രം. കുഴപ്പക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന എഡ്വേർഡ് ലിവിങ്സ്റ്റൺ എന്ന ഇംഗ്ലീഷ് അദ്ധ്യാപകനെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി ഉൾക്കൊള്ളുന്നത്.സന്തോഷ് പണ്ഡിറ്റും ചിത്രത്തിൽ സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

കൊല്ലം ഫാത്തിമ കോളേജും പരിസരപ്രദേശങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.ഉണ്ണീമുകുന്ദൻ,വരലക്ഷമീ ശരത്കുമാർ എന്നിവർ ചിത്രത്തിൽ പൊലീസ് വേഷം കൈകാര്യം ചെയ്യുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ചിത്രം രൂപപ്പെട്ടിട്ടുള്ളത്. സംഗീതം ദീപക് ദേവ്. ആണ്. മലയാളചലച്ചിത്രത്തിന്റെ 2017 ഡിസംബർ 21-ന് ചിത്രം തീയറ്ററിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ള വിവരം.

ജയസൂര്യയുടെ ആട് 2 ആണ് ക്രസ്മസ് റീലീസിന് തയ്യാറായിട്ടുള്ള മറ്റൊരുചിത്രം. മിഥുൻ മാനുവൽ തോമസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ.വിജയ് ബാബു. ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, വിജയ് ബാബു, സൈജു കുറുപ്പ്, രൺജി പണിക്കർ, വിനീത് മോഹൻ, ഹരികൃഷ്ണൻ എന്നിവരാണ് ആട് 2-ലെ പ്രധാന അഭിനേതാക്കൾ.

രണ്ടാംവരവിലും ഷാജിപപ്പാനെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്.2017 ഡിസംബർ 22 ന് ചിത്രം തീയറ്ററിൽ എത്തുമെന്നാണ് അറിയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മാ യു (ഈഷ മറിയം യൂസഫ്) വും ഈ ക്രസ്മസിന് റിലീസിന് തയ്യാറായിട്ടുണ്ട്. 2017 ഡിസംബർ 1 ന് ചിത്രം റിലീസ് ചെയ്യപ്പെടുമെന്നാണ് സൂചന.വിനയകൻ, ദിലീഷ് പോത്തൻ, ചേമ്പൻ വിനോദ് ജോസ് എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

നിവിൻ പോളിയുടെ തമിഴ് ചിത്രം റിച്ചി യും ക്രിസമസിന് പ്രദർശനത്തിനെത്തുന്നുണ്ട്. ഗൗതം രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. നിവിൻ പോളി, നടരാജൻ സുബ്രഹ്മണ്യം, പ്രകാശ് രാജ്, ശ്രാദ്ധ ശ്രീനാഥ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കാളിദാസ് ജയറത്തിന്റെ പൂമരം ഡിസംമ്പറിൽ പ്രദർശനത്തിന് എത്തുമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല.