- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷം ക്രിസ്മസ് ഹോട്ടാകും; തീയറ്ററുകളെ കോരിത്തരിപ്പിക്കാൻ വീണ്ടും ഷക്കീലയെത്തുന്നു; തെന്നിന്ത്യൻ മാദകറാണിയായി എത്തുക ബോളിവുഡ് സുന്ദരി റിച്ച ഛദ്ദ; പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
കോവിഡിനെ തുടർന്ന് അടഞ്ഞു കിടന്ന തീയറ്ററുകളെ കോരിത്തരിപ്പിക്കാൻ ക്രിസ്മസിന് ഷക്കീലയെത്തും. തെന്നിന്ത്യൻ മാദകറാണി ഷക്കീലയുടെ ജീവിത കഥ പറയുന്ന ഷക്കീല എന്ന ചിത്രം അടുത്ത മാസം തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നു. ബോളിവുഡ് സുന്ദരി റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷത്തിലെത്തുന്നത്.
ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് റിലീസ് വിവരം ആരാധകരെ അറിയിച്ചത്. ചുവന്ന സാരിയുടുത്ത് കയ്യിൽ തോക്കുമായി നിൽക്കുന്ന റിച്ചയാണ് പോസ്റ്ററിൽ. ഈ വർഷം ക്രിസ്മസ് ചൂടുള്ളതാവും എന്ന അടിക്കുറിപ്പിലാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷത്തിൽ എത്തുന്നത്. സമ്മി നൻവാനി, സഹിൽ നൻവാനി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ആദ്യം ചിത്രം പുറത്തിറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ റിലീസ് നീണ്ടുപോവുകയായിരുന്നു. ലോക്ക്ഡൗണിന് ശേഷം തീയെറ്ററിലൂടെ റിലീസ് പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷക്കീല.
ഒരുകാലത്ത് ആവേശമായിരുന്ന ഷക്കീല 16ാം വയസിലാണ് തന്റെ കരിയർ ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല വേഷമിട്ടിരിക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന 'ഷക്കീല എന്ന ചിത്രത്തിൽ ഷക്കീല 16-ാം വയസിൽ സിനിമയിലേക്ക് എത്തുന്നതും പിന്നീട് ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും പ്രതിസന്ധികളുമാണ് പറയുന്നത്.
ഷക്കീല അഭിനയിച്ച സിനിമകൾ വച്ചാണ് അവർ ഇപ്പോഴും വിലയിരുത്തപ്പെടുന്നത് എന്നും എന്നാൽ ഷക്കീല ഒരു പ്രതിഭാസമാണെന്നും റിച്ച മനോരമയ്ക്ക് നല്കിയ അഭിമുഖത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. സിനിമയിലൂടെ അവരെ അടുത്തറിയാനും സംസാരിക്കാനും സാധിച്ചുവെന്നും ആത്മീയമായ വ്യക്തിത്വത്തിനുടമ കൂടിയാണ് ഷക്കീലയെന്നും റിച്ച പറഞ്ഞു.
റിച്ചയുടെ വാക്കുകൾ-
തെന്നിന്ത്യയിലെ പല ആളുകളും ഷക്കീലയെ, അവർ അഭിനയിച്ച മുൻ സിനിമകൾ കണ്ടാണ് വിലയിരുത്തുന്നത്. എന്നാൽ അവർ പ്രതിഭാസമായാണ് എനിക്ക് തോന്നുന്നത്. സാധാരണക്കാരിയായ പെൺകുട്ടി അശ്ലീല ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തുക, അവർ പിന്നീട് സൂപ്പർസ്റ്റാറുകൾക്കുപോലും ഭീഷണിയാകുക. അഭിനയിച്ച ചിത്രങ്ങളിലൂടെ ലഭിച്ച വിളിപ്പേരുകളെയും സ്വകാര്യ ജീവിതത്തിൽ അവർ നേരിട്ട വെല്ലുവിളികളെയും അവർ അതിജീവിച്ചതങ്ങനെയാകും. ഇതൊക്കെയാണ് ഞാൻ ഷക്കീലയെക്കുറിച്ച് ചിന്തിച്ചത്.
കുടുംബത്തെ മുഴുവൻ ഒറ്റയ്ക്ക് സഹായിച്ച അവർക്ക് പിന്നീട് എന്തു സംഭവിച്ചു. കുടുംബത്തിൽ നിന്നുണ്ടായ പിന്തുണ എങ്ങനെയായിരുന്നു. ആരായിരുന്നു അവൾക്ക് തുണയായിരുന്നത്. ആരെങ്കിലും അവരെ സഹായിച്ചോ? ജീവിതത്തിൽ കഷ്ടത അനുഭവിച്ച നിമിഷങ്ങളിൽ എല്ലാവരും പൈസ മാത്രം അവർ എടുത്ത് ഷക്കീലയെ ഉപേക്ഷിക്കുകയായിരുന്നു.
സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അവഗണന മാത്രമാണ് ആ നടിക്ക് ലഭിച്ചിരുന്നത്. ഭ്രഷ്ട് കൽപിച്ച നടിയെന്ന വിശേഷണമാണ് സമൂഹം ഷക്കീലയ്ക്ക് ചാർത്തി നൽകിയത്. അന്നത്തിനു വേണ്ടി മാത്രം തങ്ങൾക്ക് സഹായകമാകുന്ന ഒരാളായാണ് കുടുംബവും ഷക്കീലയെ കണ്ടത്. എന്നാൽ വ്യക്തി എന്ന നിലയിൽ അവരെ മനസ്സിലാക്കാനോ മാനസികമായി പിന്തുണയ്ക്കാനോ അവർക്ക് ആരുമില്ലായിരുന്നു. ഇതാണ് ഷക്കീലയുടെ കഥ.
മറുനാടന് ഡെസ്ക്