ഷിക്കാഗോ: രക്ഷകന്റെ വരവിനായി കാത്തിരുന്ന ജനതകളുടെ ഇടയിലേക്ക് സമാധാനത്തിന്റെ സന്ദേശവുമായെത്തിയ യേശുവിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് വളരെ മനോഹരമായ ദൃശ്യാവിഷ്‌കാരത്തിന് സീറോ മലബാർ കത്തീഡ്രൽ വേദിയായി. വളരെ നൂതനമായ ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ അവതരണം സീറോ മലബാർ കത്തീഡ്രലിലെ മതബോധന സ്‌കൂളിലെ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും സംയുക്ത പ്രയത്‌നത്തിന്റെ സാക്ഷ്യംകൂടിയായി മാറി. ഒരു കൊച്ചുകുട്ടിയുടെ കണ്ണുകളിൽ കൂടി പിറവി തിരുനാളിന്റെ മനോഹരിത മുഴുവൻ ദൃശ്യമാക്കി ഈ ആവിഷ്‌കാരം. ഉണ്ണീശോയുടെ ജ•ത്തിന് സാക്ഷിയാകാനുള്ള തീക്ഷണമായ ആഗ്രഹത്തിനു മുന്നിൽ തന്റെ പ്രിയപ്പെട്ട സ്‌നോഗ്ലോബിൽ നിന്നും കാവൽ മാലാഖ പ്രത്യക്ഷപ്പെടുന്നതും രണ്ടായിരാമാണ്ട് പിന്നിലേക്ക്  ആ കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോകുന്നതുമായ രംഗങ്ങൾ ഏറെ ഹൃദ്യമായി. പുൽക്കൂട്ടിൽ പിറന്ന രാജാധിരാജനെ സ്തുതിച്ചുകൊണ്ടുള്ള നൃത്തവും ഏറെ മനോഹരമായി.

ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച ഏവരേയും അഭിനന്ദിച്ച ഇടവക വികാരിയും മതബോധന രൂപതാ ഡയറക്ടറുമായ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ പ്രതീക്ഷാ സാക്ഷാത്കാരത്തിന്റെ അരൂപിയിൽ ഈ അവതരണം ഏറെ ഹൃദ്യമായി അനുഭവപ്പെട്ടതായി പറഞ്ഞു. മതബോധന ഡയറക്ടർ സി. ജസ്‌ലിൻ സി.എം.സി. അദ്ധ്യാപകരായ ലിൻസി കടവിൽ, ആഷാ മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി ഒരുക്കിയത്. ലാലിച്ചൻ ആലുംപറമ്പിൽ, ജോസ്‌മോൻ ആലുംപറമ്പിൽ, രാജു പാറയിൽ, ടോം ജോസ് എന്നിവരോടൊപ്പം അനേകം മാതാപിതാക്കളും ഈ മനോഹര ആവിഷ്‌കാരത്തിന്റെ വിജയത്തിനായി ഒന്നുചേർന്നു. വിശാലമായ പാരീഷ് ഹാളിൽ തിങ്ങിനിറഞ്ഞിരുന്ന മാതാപിതാക്കളും, കുഞ്ഞുങ്ങളും ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. കൊച്ചുകുട്ടിയായി രംഗത്തുവന്ന അലൻ ചേന്നോത്തിനോടൊപ്പം മാത്യൂസ് ചിറയിൽ, ലൂസി ചിറയിൽ, മേഘ്‌നാ മാണി, അനീറ്റ പോളക്കാട്ടിൽ, ജോർജ് ചിറയിൽ, ടോണി ജോസഫ്, ക്രിസ്റ്റഫർ വർഗീസ്, ജൂലി വള്ളിക്കളം എന്നിവരും മുപ്പതോളം കുഞ്ഞുങ്ങളും ഇതിൽ പങ്കുചേർന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.