കൊച്ചി: ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ അറിവില്ലാത്തവർ അദ്ധ്യാപകരാകുന്ന സാഹചര്യത്തിൽ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് അടുത്തിടെ ആവശ്യപ്പെട്ടത് ചർച്ചാവിഷയമായിരുന്നു.ഇപ്പോൾ മലയാള സിനിമയിലെ യുവതാരങ്ങളുടെ മാതൃഭാഷാസ്വാധീനക്കുറവിനെതിരെയാണ് ചുള്ളിക്കാട് ആഞ്ഞടിച്ചിരിക്കുന്നത്.

മലയാള സിനിമയിൽ യുവതാരങ്ങളുടെ കടന്നു വരവിന്റെ കാലമാണ്. താരങ്ങളുടെ മക്കളും അല്ലാത്തവരുമായി ഒത്തിരി പേർ ഇന്ന് മലയാളസിനിമയിലുണ്ട്.

മികച്ച അഭിനയം കാഴ്‌ച്ചവെയ്ക്കുന്നവരാണ് മിക്കവരും. ഈ വർഷം തീരുന്നതിന് മുമ്പേ മൂന്ന് താരങ്ങളുടെ മക്കൾ മലയാളത്തിൽ നായകന്മാരായി അരങ്ങേറ്റം നടത്തി കഴിഞ്ഞു. ഇപ്പോൾ മലയാള സിനിമയിലെ പുതുതലമുറയിലെ താരങ്ങൾക്ക് തിരക്കഥ മംഗ്ലീഷിൽ എഴുതി കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളത്. മലയാളം അറിയാത്തവരാണ് മലയാള സിനിമയിലുള്ള യുവതാര രാജാക്കന്മാരെന്നും അവരുടെ കൈയിലാണ് ഇന്ന് മലയാള സിനിമയെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു.