- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒർലാണ്ടോ പള്ളിയിൽ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ ജൂൺ 20 ന
ഒർലാണ്ടോ (ഫ്ളോറിഡ ):കാലം ചെയ്ത പിതാക്കന്മാരായ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവ ,മോറാൻ മോർ ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവ, ബെന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് തിരുമേനി എന്നിവരുടെ ഓർമ്മ പെരുന്നാൾ സംയുക്തമായി ഒർലാണ്ടോ സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ ആചരിക്കുന്നു .
അന്ത്യോഖ്യാ സിംഹാസനത്തിൽ വാണരുളിയ നൂറ്റിഇരുപതാമത്തെ പാത്രിയര്കീസായിരുന്ന മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം പ്രഥമൻ ബാവ 1918 ഇൽ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായാൽ സിറിയയിലെ മെത്രാപ്പൊലീത്തയായി വാഴിക്കപ്പെട്ടു . പിന്നീട് അമേരിക്കയിലേക്ക് പാത്രിയർക്കാ പ്രതിനിധിയായി അയക്കപ്പെട്ട അദ്ദേഹം അമേരിക്കയിൽ നിരവധി പള്ളികൾ കൂദാശ ചെയ്യുകയും പട്ടക്കാരെ വാഴിക്കുകയും ചെയ്തു .ഷിക്കാഗോ സർവ്വകലാശാലയിൽ സുറിയാനി ഭാഷയിൽ അദ്ധ്യാപകനായ പ്രവർത്തിച്ച മെത്രപൊലീത്ത, നിയുക്ത പാത്രിയർക്കീസായി 1932 ഇൽ തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു സിറിയയിലേക്ക് തിരികെപ്പോയി .1933 ഇൽ പാത്രിയർക്കീസായി അഭിഷിക്തനായ അദ്ദേഹം നിരവധി പുതിയ ഭദ്രാസനങ്ങൾ സ്ഥാപിക്കുവാനും സുറിയാനിസഭയ്ക്കു ലെബനോനിൽ ഒരു സെമിനാരി സ്ഥാപിക്കുവാനും മുൻകൈയെടുത്തു .കൂടാതെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്നു പാത്രിയർക്കാ ആസ്ഥാനം തുർക്കിയിൽ നിന്നും സിറിയയിലെ ഹോംസിലേക്കു മാറ്റിസ്ഥാപിക്കുകയും ചെയ്തു .1957 ജൂൺമാസം 23 ന് പരി .പാത്രിയർക്കീസ് ബാവ കാലം ചെയ്തു ഹോംസിലെ പള്ളിയിൽ കബറടക്കപ്പെട്ടു .നിരവധി പുസ്തകങ്ങളുടെ രചയിതാവായ പരി .ബാവ എഴുതിയ ചിതറിയ മുത്തുകൾ എന്ന ഗ്രന്ഥം ഒരു അമ്മൂല്യമായ നിധിയായി ഇന്നും സുറിയാനി സഭയിൽ നിലനിൽക്കുന്നു .
മോറാൻ മോർ ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവ റമ്പാനായിരുന്നപ്പോൾ 1933 ഇൽ മലങ്കരയിൽ വരുകയും മഞ്ഞിനിക്കര ദയറായിൽ 1946 വരെ മൽപ്പാനായി തുടരുകയും ചെയ്തു .1946 ഇൽ മൊസൂളിലുള്ള സെന്റ് അപ്രേം സെമിനാരിയിലേക്കു അദ്ധ്യാപകനായി വിളിക്കപ്പെട്ട അദ്ദേഹം 1950 ഇൽ ബെയ്റൂട്, ദമാസ്‌കസ് ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയായി വാഴിക്കപ്പെട്ടു .1957 ഇൽ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം പ്രഥമൻ പാത്രിർക്കീസ് ബാവായുടെ നിര്യാണത്തെത്തുടർന്നു പാത്രിയർക്കീസ് ആയി വാഴിക്കപ്പെട്ടു .മോറാൻ മോർ ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതീയൻ ബാവ 1964 ഇൽ മലങ്കരയിൽ സന്ദർശനം നടത്തുകയും സമാധാനം പുനഃസ്ഥാപിക്കുവാൻ ഔഗേൻ മോർ തിമോത്തിയോസിനെ കാതോലിക്കയായി വാഴിക്കുകയും ചെയ്തു .സുറിയാനി സഭയിൽ ആരാധന സംബന്ധിയായ ഏകദേശം 30 ഓളം പുസ്തകങ്ങൾ എഴുതിയ പരി .പിതാവ് സുറിയാനി സംഗീതത്തിൽ പണ്ഡിതനായിരുന്നു .പരി .പിതാവ് 1980 ജൂൺ മാസം കാലം ചെയ്ത് ഡമാസ്‌കസിലുള്ള സെന്റ് ജോർജ് പാത്രിയർക്കാ പള്ളിയിൽ കബറടക്കപ്പെട്ടു .
പ്രശസ്തമായ കുന്നംകുളം പനയ്ക്കൽ കുടുംബാങ്ങമായ ബെന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് തിരുമേനി മഞ്ഞിനിക്കര ദയറായിൽ വൈദീക വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഡമാസ്‌കസിലുള്ള സെന്റ് എഫ്രേം സെമിനാരിയിൽ ഉപരിപഠനം നടത്തുകയും ചെയ്തു .പരി .മോറാൻ മോർ ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതീയൻ ബാവായുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ട അദ്ദേഹം മോറാൻ മോർ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായാൽ മലങ്കര കാര്യങ്ങളുടെ സെക്രെട്ടറിയായി നിയമിക്കപ്പെട്ടു .1984 ഇൽ സിംഹാസനപള്ളികളുടെ മെത്രാപ്പൊലീത്തയായി വാഴിക്കപ്പെട്ട അഭിവന്ദ്യ തിരുമേനി സത്യ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു.2004 ജൂൺ 17 ന് അഭിവന്ദ്യ തിരുമേനി കാലം ചെയ്തു മഞ്ഞിനിക്കര ദയറാ പള്ളിയിൽ കബറടക്കപ്പെട്ടു അന്ത്യോഖ്യ മലങ്കര ബന്ധത്തെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച തിരുമേനി സുറിയാനിക്രിസ്ത്യാനികളുടെ അഭിമാനസ്തംഭമായി നിലനിൽക്കുന്നു
ജൂൺ 20 ഞായറാഴ്ച 8 .45 ന് പ്രഭാതപ്രാർത്ഥനയും വികാരി റവ .ഫാ .പോൾ പറമ്പാത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ വി.കുർബാനയും തുടർന്ന് ധൂപപ്രാർത്ഥനയും നേർച്ചവിളമ്പും നടത്തപ്പെടുന്നു .കൂടുതൽ വിവരങ്ങൾക്ക് റെവ.ഫാ .പോൾ പറമ്പാത്(വികാരി ) MOb പ്ലസ് വൺ6103574883
ബിജോയ് ചെറിയാൻ (ട്രെഷറർ ) Mob 4072320248
എൻ .സി .മാത്യു (സെക്രട്ടറി ) Mob 4076019792