- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭാ തർക്ക കേസ്: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിന്മാറണമെന്ന് യാക്കോബായ സഭ അഭിഭാഷകൻ; അനുമതിയില്ലാതെ ഇടപെട്ടാൽ നടപടി എടുക്കുമെന്ന് കോടതി; കേസ് 24 ലേക്ക് മാറ്റി
കൊച്ചി: ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്ക കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിന്മാറണമെന്ന് യാക്കോബായ സഭ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. യാക്കോബായ സഭയ്ക്കായി ഹാജരാകുന്ന അഡ്വ. മാത്യുസ് നെടുമ്പാറയാണ് ചൊവ്വാഴ്ച കേസ് പരിഗണിക്കവെ ഹൈക്കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്.
അനുമതിയില്ലാതെ വാദത്തിൽ ഇടപെട്ടാൽ മാത്യൂസ് നെടുമ്പാറയ്ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. കേസിൽ കക്ഷി ചേരാനുള്ള മാത്യൂസ് നെടുമ്പാറയുടെ അപേക്ഷ അംഗീകരിക്കരുതെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.
നെടുമ്പാറയുടെ കക്ഷി യാക്കോബായ സഭ ഇടവകാംഗമല്ലെന്നും ഓർത്തഡോക്സ് വിഭാഗം വാദിച്ചു. സഭാ തർക്കക്കേസുകൾ വീണ്ടും വാദം കേൾക്കാനായി ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റി.
പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുന്നിലുള്ളത്. പള്ളിത്തർക്കം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും, ചർച്ചകളിലൂടെ ഇരു സഭകളും ഉചിതമായ തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ നേരത്തെയുള്ള നിലപാട്.
ജഡ്ജിമാരെ ഭയപ്പെടുത്തി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ചിലർ ശ്രമിക്കുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്ക വിഷയം പരിഗമിക്കവേ കഴിഞ്ഞ ആഴ്ച കോടതിരൂക്ഷ വിമർശനം നടത്തിയിരുന്നു. പൊലീസിനെ ഉപയോഗിച്ചേ മതിയാകൂവെന്നതാണ് ഒരു വിഭാഗത്തിന്റെ താൽപര്യം.
കോടതി അത്തരം നിലപാടിലേക്ക് കടക്കാത്തത് ദൗർബല്യമായി കണക്കാക്കരുതെന്നും അന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു. 1934 ലെ ഭരണഘടനയിൽ പങ്കാളിത്ത ഭരണമാണ് നിഷ്കർഷിച്ചിട്ടുള്ളത്. എന്തുകൊണ്ട് 34-ലെ ഭരണഘടന അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും അന്ന് കോടതി ചോദിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ