കൊല്ലം: കൊല്ലം രൂപതയിലെ പുരാതനവും ചരിത്ര പ്രാധാന്യവും ആദ്യത്തെ തദ്ദേശ്യ മെത്രാനായ അഭിവന്ദ്യ ജെറോം തിരുമേനിയുടെ ജന്മം കൊണ്ട് പുണ്യപ്പെട്ടതും കിഴക്കിന്റെ പാദുവ എന്നും അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രമായ കോയിവിള സെന്റ് അന്തോണീസ് ദേവാലയത്തിലെ ഇടവക തിരുനാളിനോട് ചേർന്ന് നടത്തുന്ന നേർച്ച വിരുന്നിൽ ഇത്തവണ ബീഫ് ബിരിയാണി നൽകുന്നു .നാനാ ജാതി മതസ്ഥർ പങ്കെടുക്കുന്ന തിരുനാളിന്റെ സമാപന ദിവസമായ ഞായറാഴ്ച ഉച്ചക്കുള്ള സ്‌നേഹവിരുന്നിലാണ് ബീഫ് ബിരിയാണി നേർച്ചയായി നൽകുന്നത്.

പ്രവാസികളുടെയും,യുവാക്കളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന നേർച്ചവിരുന്നിൽ,ഇടവക വികാരി ഫാദർ ഫിൽസൺ ഫ്രാൻസിസ് ആണ് മാറുന്ന കാലഘട്ടത്തിന്റെ പ്രസക്തിയെ മാനിച്ചു ഇങ്ങനെ ഒരു ആശയം മുന്നോട്ടു വച്ചത് .ഏകദേശം 5000 ഓളം തീർത്ഥാടകർക്ക് വേണ്ടിയാണു ബിരിയാണി തയ്യാറാക്കപ്പെടുന്നത് .തയ്യാറാക്കുന്നവരുടെയും പങ്കെടുക്കുന്നവരുടെയും വൈവിധ്യം കൊണ്ട് മത സൗഹാർദത്തിന്റെയും നേർക്കാഴ്ചയായി മാറുകയാണ് ഇത്തവണത്തെ സ്നേഹ വിരുന്ന് .

ജാതിമത ലിംഗ ഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന നാടിന്റെ മഹോത്സവം മനുഷ്യന്റെ ഭക്ഷണ സ്വാതന്ത്യത്തിന്റെ മേലുള്ള കൈ കടത്തലിനെതിരെ ഉള്ള തുറന്ന പ്രതിഷേധം കൂടിയാകുകയാണ്.എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിട്ടു ചെറുപ്പത്തിന്റെ ഊർജ്ജവുമായി ഇടവക വികാരിയും കമ്മിറ്റിക്കാരും ഇത്തവണത്തെ സ്‌നേഹവിരുന്ന് ശരിക്കും ഒരു മാറ്റത്തിന്റെ നാന്ദി ആക്കാനുള്ള തയ്യാറെടുപ്പിലാണ്.