തൃശൂർ: സുന്ദരിയും സമ്പന്നയും രണ്ട് ആൺകുട്ടികളുടെ അമ്മയുമായ അദ്ധ്യാപികയുമായി പ്രമുഖനായ വൈദികൻ ഒളിച്ചോടിയതിനെച്ചൊല്ലി സഭയിലെ വിശ്വാസികളിലുണ്ടായ അമർഷം അടങ്ങുന്നില്ല. സി.എം.ഐ സഭയുടെയും വീട്ടമ്മയുടെ കുടുംബാംഗങ്ങളുടെയും ഇടപെടലിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞെങ്കിലും, കൊട്ടിയൂർ പീഡനക്കേസിലെ ഒന്നാംപ്രതിയായ ഫാ. റോബിന് പിന്നാലെ മറ്റൊരു വൈദികനും നാണക്കേടുണ്ടാക്കിയത് കത്തോലിക്കാസഭയെ പ്രതിരോധത്തിലാക്കുന്നു.

ശിക്ഷാനടപടികളുടെ ഭാഗമായി വൈദികനെ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലേക്ക് മാറ്റി. തിരുപ്പട്ടകർമ്മങ്ങൾ ആറു മാസത്തേക്ക് വിലക്കി. ഈ കാലയളവിൽ വികാരിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചശേഷം തുടർനടപടികളെടുക്കും. സി.എം.ഐ സഭയിലുള്ള ഈ യുവവൈദികൻ, ചലച്ചിത്രങ്ങളുടെ ഷൂട്ടിങ് അടക്കം നടത്തുന്ന തൃശൂരിലെ സഭയുടെ കീഴിലുള്ള പ്രശസ്തമായ സ്റ്റുഡിയോയുടെ ഡയറക്ടർ കൂടിയാണ്. തൃശൂരിനടുത്തുള്ള ഇടവകയിലെ വികാരിയും സഭയ്ക്കു കീഴിലുള്ള കോളേജിലെ അദ്ധ്യാപകനുമായിരുന്നു. ഇദ്ദേഹം വികാരിയായ പള്ളിയിൽ വേദപാഠം പഠിപ്പിക്കുന്ന അദ്ധ്യാപികയാണ് വീട്ടമ്മ.

സി.എം.ഐ. സഭയ്ക്കു കീഴിലുള്ള തൃശൂർ ചിയ്യാരം പള്ളിയിലെ മുൻ വൈദികനാണ് കഴിഞ്ഞ ഓഗസ്റ്റിൽ പള്ളിയിലെ സൺഡേ സ്‌കൂൾ അദ്ധ്യാപികയായിരുന്ന വീട്ടമ്മയെയും കൂട്ടി നാടുവിട്ടത്. ഇവരെ കാണാനില്ലെന്നു ഭർത്താവ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് വൈദികനെതിരേ പൊലീസ് കേസെടുത്തത്. ചിയ്യാരം ഇടവകയിലെ അറിയപ്പെടുന്ന ധനിക കുടുംബത്തിലെ അംഗമാണ് യുവതി. വൈദികൻ ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്താറുമുണ്ടായിരുന്നു. യുവതി സൺഡേ സ്‌കൂൾ അദ്ധ്യാപികയായിരുന്നതിനാൽ ഈ അടുപ്പം നാട്ടുകാരും സംശയിച്ചില്ല. എന്നാൽ, അനാശാസ്യം നടത്തുന്നതിനിടെ പള്ളിക്കുള്ളിൽനിന്ന് നാട്ടുകാർ വൈദികനെയും യുവതിയെയും പിടികൂടിയതോടെ കാര്യം വഷളായത്.

ഭർത്താവും വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികളുമുണ്ട് ഇവർക്ക്. ഏറെനാളായി ഇവർ തമ്മിൽ അടുപ്പമുണ്ടായിരുന്നു. വൈദികനും സൺഡേ സ്‌കൂൾ അദ്ധ്യാപികയും ആയതിനാൽ വിശ്വാസികൾ സംശയിച്ചില്ല. ഇടവകയിലെ യുവാക്കളുമായുള്ള ബന്ധവും കലാഭിരുചിയും കാരണം വൈദികനെ വിശ്വാസികൾക്ക് ഇഷ്ടമായിരുന്നു. ഏതാനും മാസം മുമ്പ് ഇവരെ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടതോടെയാണ് വിശ്വാസികളും നാട്ടുകാരും വിവരം അറിയുന്നത്.

അദ്ധ്യാപികയുടെ മനസുമാറ്റാൻ ഭർത്താവ്, നാട്ടിൽ നിന്ന് അകറ്റി അവരുടെ വീട്ടിൽ കൊണ്ടുപോയി നിറുത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനു ശേഷമാണ് നാല് മാസം മുമ്പ് ഇരുവരും മുംബൈയിലേക്ക് കടന്നത്. മുംബൈയിലെ ബന്ധുവീട്ടിലായിരുന്നു താമസം. ഭാര്യയെ കാണാനില്ലെന്ന് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നല്കിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. ഇതിനിടെ ഇവർ രാജ്യം വിടാൻ നീക്കം നടത്തിയപ്പോൾ പൊലീസ് അന്വേഷണത്തിൽ കുടുങ്ങുകയായിരുന്നു.

മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയെങ്കിലും വൈദികനൊപ്പം പോകാനായിരുന്നു വീട്ടമ്മയുടെ തീരുമാനം. ഇതോടെ ഇവരുടെ കുടുംബാംഗങ്ങളും ഭർത്താവും നിരാശരായി മടങ്ങിയെങ്കിലും പിന്നീട് സഭാനേതൃത്വം ഇടപെട്ട് വേർപിരിക്കുകയായിരുന്നു. ഭർത്താവ് മദ്യപിക്കാറുള്ളതിനാലാണ് ഈ ബന്ധത്തിന് മുതിർന്നതെന്നായിരുന്നു അദ്ധ്യാപികയുടെ വിശദീകരണം.

സഭയെയും മറ്റു വൈദികരെയും വിശ്വാസികളെയും അപമാനിക്കുന്ന വൈദികർക്കെതിരെ യഥാസമയം നടപടികൾ എടുക്കാത്തതിനാലാണ് ഇത്തരം അനാശാസ്യ പ്രവണതകൾ കൂടുന്നതെന്ന് ആരോപണമുണ്ട്. അമല മെഡിക്കൽ കോളേജ്, ക്രൈസ്റ്റ് കോളേജ് എന്നിവ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും വൻ സാമ്പത്തികശേഷിയുമുള്ള സഭകളിലൊന്നാണ് സി.എം.ഐ. അതുകൊണ്ടു തന്നെ പരാതികൾ പണം നൽകി ഒത്തുതീർക്കുന്നതും സഭയിൽ പതിവായിരിക്കുകയാണെന്നാണ് മറ്റൊരു ആക്ഷേപം.

ഈ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ യുവതിയുടെ സഹോദരങ്ങളും സഭാനേതൃത്വവും ഇടപെട്ടിരുന്നു. അച്ചനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ശിക്ഷാനടപടികളും സ്വീകരിച്ചു. താനും മറ്റ് വൈദികരും അടങ്ങുന്ന ആറംഗ കമ്മിറ്റിയാണ് നടപടികളെടുത്തത്. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെയും ഇക്കാര്യം അറിയിച്ചു. അദ്ദേഹത്തിന്റെ അനുവാദത്തോടെയായിരുന്നു നടപടിയെന്ന് തൃശൂർ ദേവമാത പ്രൊവിൻഷ്യാൾ ഫാ. വാൾട്ടർ തേലപ്പിള്ളി സി.എം.ഐ പറഞ്ഞു.

വൈദികൻ സി.എം.ഐ. സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ ഡയറക്ടറായും സെന്റ് അലോഷ്യസ് കോളജിലെ അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റുഡിയോയുടെ ചുമതല വഹിക്കുകയും നിരവധി സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത വൈദികനെ സൗണ്ട് എൻജിനീയറിങ് പഠനത്തിനായി വിദേശത്ത് അയയ്ക്കാൻ സഭാനേതൃത്വം തീരുമാനിച്ചിരുന്നു. അതിനിടെയായിരുന്നു ഒളിച്ചോട്ടം.